Featured

First blog post

This is the post excerpt.

Advertisements

This is your very first post. Click the Edit link to modify or delete it, or start a new post. If you like, use this post to tell readers why you started this blog and what you plan to do with it.

post

Hey,

This is my first post as said at the top.And Im started this blog to improvise my writings ,by showing my ideas,feelings,stories and reviews through words.

Thank you.

ഉടയോന്റെ കിനാവ്

ചുമരിൽ തൂങ്ങിക്കിടന്നിരുന്ന ക്രൂശിത രൂപത്തിൽ നോക്കി കുഞ്ഞിരാമൻ ഒന്ന് മൂളി. ചെയ്തുകൊണ്ടിരുന്ന പ്രവർത്തിയിൽ നിന്ന് ആ കാഴ്ച കുഞ്ഞിരാമന്റെ ചിന്തകളെ അയാൾ അറിയാതെ ഒന്നുണർത്തി.
‘മനുഷ്യന് സ്വപ്നം കാണാമെങ്കിൽ മനുഷ്യനെ സൃഷ്‌ടിച്ച ദൈവത്തിന് കാണാൻ സാധിക്കില്ലെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ. ഇല്ല. എങ്കിൽ നമ്മുടെയൊക്കെ ജീവിതം മൂപ്പര് കാണുന്ന കിനാക്കൾ ആണെങ്കിലോ. ഒരുപക്ഷെ ദൈവം കണ്ടുകഴിഞ്ഞതോ അല്ലെങ്കിൽ കണ്ടുകൊണ്ടിരിക്കുന്നതോ ആയ സ്വപ്‌നങ്ങൾ. കണ്ടുകഴിഞ്ഞവ ആണെങ്കിൽ അതിനു ഇനി മാറ്റമുണ്ടാവില്ല, മാത്രമല്ല നമ്മുടെ പ്രാർത്ഥനകൾ നിഷ്ഫലവുമാണ്. ഈ കുരിശിൽ തൂങ്ങിക്കിടക്കുന്ന ദൈവം ഉള്ളതൊക്കെയും സൃഷ്ടിച്ച് പിന്നീട് കണ്ട ഒരു കിനാവിന്റെ ഫലമായിട്ടാണല്ലോ ഈ ഭിതിയിന്മേൽ ഈ കുരിശുരൂപത്തിനു ഒരാണിക്ക് ഇടം കണ്ടത്. അപ്പോൾ അങ്ങേര് നമ്മുടെയൊക്കെ ജീവിതവും പണ്ടേ കിനാവ് കണ്ടിട്ടുള്ളതാ. ‘ കുഞ്ഞിരാമന്റെ ഈ ചിന്തകൾ ആ നിമിഷങ്ങളോടൊപ്പം ചേർന്നു നീങ്ങി.

ചില പരിധികൾക്കപ്പുറം സഞ്ചരിക്കാൻ തയ്യാറല്ലാതിരുന്ന കുഞ്ഞിരാമന്റെ ജീവിതം ഇപ്പോൾ വിശ്വാസത്തിന്റേതായ കെട്ടുകൾ എല്ലാം ഭേദിച്ച് ദുനിയാവിന്റെ മറഞ്ഞുതുടങ്ങിയതോ ഉയർന്നുവരാത്തതോ എന്ന് നിജപ്പെടുത്തുവാനാവാത്ത ഒരു മൂലയിൽ എത്തിച്ചേർന്നിരിക്കുകയാണ്. എല്ലാം ഗതകാല ഓർമ്മകളുടെ കൂട്ടത്തിലേക്ക് പരിഗണിക്കുവാൻ പര്യാപ്തനായിരിക്കുന്നു ഇന്ന് അയാൾ.
രാധക്ക് അതിനെപ്പറ്റിയൊന്നും ഒരു കൂസലും ഇല്ല. പഴയതൊക്കെ പഴയത്. പഴകിപ്പോയതൊക്കെ താൻ ഉപേക്ഷിക്കാറാണ് പതിവ് എന്നാണ് അവളുടെ വർത്തമാനവും ചിന്തയും. ചിന്തയുടെ വലകെട്ടികൊണ്ടിരുന്ന കുഞ്ഞിരാമന്റെ ചെവിക്കടുത്തുകൂടെ ഒരു സ്റ്റീൽ ഗ്ലാസ്‌ ഊക്കോടെ പറന്ന് പോയപ്പോഴാണ് അയാൾ തന്റെ വല പൊട്ടിച്ചെറിഞ്ഞ് തുറിച്ച കണ്ണുകളുടെ ദിശ എടുത്ത് മാറ്റിയത്.

രാധ അടുക്കളയിൽ നിന്ന് ചാടി ഇറങ്ങി ആ ഗ്ലാസ്‌ എനിക്ക് വേണേൽ തന്റെ തലയിൽ കൊള്ളിക്കാമായിരുന്നു എന്ന ഭാവത്തിൽ കലിതുള്ളി നിൽക്കുന്നു.
“എന്താ പൊന്നു രാധേ ” അയാൾ ചോദിച്ചു.
“നിങ്ങൾക്കിന്ന് ഇവിടെ കിടന്നുറങ്ങണ്ടേ മനുഷ്യാ. ഇത്ര നേരായിട്ടും ഈ മുറിപോലും വൃത്തിയാക്കാൻ പറ്റിയില്ല നിങ്ങൾക്ക്. എന്ത് സ്വപ്നം കണ്ടോണ്ട് നിക്കുവാ ” രാധ ഒരു ക്ഷീണത്തോടുകൂടെ അലറി.രാമൻ ഒന്നും മിണ്ടാതെ നിലത്തു കിടന്ന ഗ്ലാസ് എടുത്ത് ഒരരുകിൽ മാറിക്കിടന്ന ടീപ്പോയിൽ വച്ചു. രാധ അയാളെ തുറിച്ചുനോക്കിക്കൊണ്ട് അടുക്കളയിലേക്ക് തന്നെ മടങ്ങി.

എല്ലാം അടുക്കിവയ്ക്കുന്ന കൂട്ടത്തിലും രാമന്റെ മനസ്സ് എല്ലാ അർത്ഥത്തിലും മറ്റെങ്ങോ ആയിരുന്നു. രാധയുമായുള്ള അതുല്യപ്രണയത്തിനും നാളുകൾക്ക് മുൻപ്. അങ്ങനെ ഓർക്കുവാണേൽ രാമന് ആദ്യം ഓർമ്മ വരിക തന്റെ അച്ഛമ്മയെ ആണ്. അച്ഛൻ രാവിലെ ഹോട്ടലിലേക്കും അമ്മ ഒരു റബർ നഴ്സറിയിലെ പണിക്കും പോയിക്കഴിഞ്ഞാൽ പിന്നെ അച്ഛമ്മയാണ് രാമന് എല്ലാം. ‘രാമാ’ എന്നുള്ള വാത്സല്യം ചോരാത്ത, അവസാനം വരെ കേട്ട ആ വിളി അയാളുടെ ഉള്ളിൽ മുഴങ്ങിനിന്നു. കണ്ണീരു ചോരാതെ അയാളുടെ മനസ്സ് കരഞ്ഞു. അച്ഛമ്മയും രാമനും ഒന്നിച്ചാൽ പ്രധാന പരിപാടി നാട്ടിലെ സകലമാന ദൈവങ്ങളുടെയും വീരകൃത്യങ്ങൾ ചർച്ച ചെയ്യുക എന്നതാണ്. മൂപ്പത്തിയാർക്ക് പ്രിയം ഏറെ വൈക്കത്തപ്പനെയും പള്ളിപ്പുറത്തുകാവിലമ്മയെയും. കൂടാതെ കർത്താവിനോടും മാതാവിനോടും ഒരു കൂറില്ലാതില്ല. അറിവുള്ള എല്ലാ അമ്പലപ്പള്ളിക്കഥകളും ചെറുപ്പം കലർന്നപ്പോഴേ ദേവിയമ്മ രാമന്റെ കൗതുകം കലർന്ന കാതുകളിൽ എത്തിച്ചു. അതിലൊക്കെ ആരാലും അറിയപ്പെടാതെ ദേവിയമ്മയുടെ കിനാക്കളും കിടന്നിരുന്നു.
ദേവിയമ്മയുടെ മരണം ദഹിപ്പിച്ചത് രാമന്റെ ആ കൗതുകം നിറഞ്ഞ ഹൃദയത്തെ ആയിരുന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ ദേവിയമ്മയുടെ കഥകൾ എല്ലാം ഒരു സ്ത്രീയുടെ ഭയത്തിൽ നിന്നും രൂപപ്പെട്ട അചേതനമായ വെറും വാക്കുകൾ ആയിരുന്നെന്ന് രാമന് തോന്നി. ആ തോന്നലിന് മറ്റൊരു കാരണം രാധ തന്നെയാണ്. പ്രണയമാണ് എല്ലാം. പ്രണയം കഴിഞ്ഞിട്ടേ മറ്റേത് വികാരങ്ങൾക്കും സ്ഥാനമുള്ളൂ. പ്രണയമൊരു വികാരധ്വനിയായി തോന്നിയിരുന്ന ഒരു കാലം.

എല്ലാം അടിച്ചു വൃത്തിയാക്കി ടീപ്പോ വലിച്ച് നടുവിൽ ഇട്ട് തന്റെ ഇവിടുത്തെ ചെയ്തികൾ പൂർണ്ണമായി എന്ന ആശ്വാസത്തോടെ രാമൻ അടുക്കളയിലേക്ക് ചെന്നു.
“രാധേ ” അടുക്കിപെറുക്കലുകൾ തീർത്ത് കട്ടനുള്ള വെള്ളം തിളപ്പിക്കുകയാണ് രാധ. ആ മുഖം കണ്ടാലറിയാം ഉള്ളിൽ എന്തൊക്കെയോ തിളച്ചുമറിയുന്നുണ്ട്. അതൊന്നും കാര്യമാക്കാതെ രാമൻ ചോദിച്ചു “രാധേ ”
“ഓ ”
“ഒരു മനുഷ്യന് ജീവിതത്തിൽ വളർച്ചയുടേതല്ലാത്ത എത്ര ഘട്ടങ്ങൾ ഉണ്ടാവും? ”
“ദേ ഈ തിളച്ച വെള്ളം കോരി ഞാൻ ഒഴിക്കും,പൊക്കോണം ”
“എന്താണ് രാധേ നീ ഇങ്ങനെ കിടന്ന് തുള്ളുന്നെ ”
“എങ്ങനെ തുള്ളാതിരിക്കും മനുഷ്യാ, കിട്ടിയ പണിയും താമസിച്ചിരുന്ന വീടും കളഞ്ഞിട്ടിരിക്കുവല്ലേ ”
“എല്ലാം ഉടയോന്റെ കിനാക്കളാണ് രാധേ. എല്ലാം അങ്ങേരുടെ ഓരോരോ സ്വപ്നങ്ങളാണ് ”
ഇതുകേട്ടതും രാധയുടെ ഉള്ളിൽ നിഷ്പ്രഭമായിരുന്ന ദുർഗാദേവി ഓടി നടന്ന് താണ്ഡവമാടി.
“ഇല്ലാത്ത ദൈവങ്ങളെ പഴിചാരണ്ട ഇനി. മനുഷ്യൻ വരുത്തി വയ്ക്കുന്നത് അവരുടെ തന്നെ വിനകളാണ്. അല്ലാതെ ദൈവവും മണ്ണാങ്കട്ടയുമൊന്നുമല്ല. ”
തിളച്ച വെള്ളത്തിലേക്ക് ചായപ്പൊടി ഇടുന്ന രംഗം കണ്ട് ഞെട്ടിയ കുഞ്ഞിരാമന്റെ മനസ്സ് പതിയെ ശരീരം മുഴുവനെയും വലിച്ച് അടുക്കളക്ക് പുറത്തിറക്കി.
“എന്ത് പ്രതീക്ഷിച്ചിട്ടാണോ ഞാൻ ഇയാളെ പ്രേമിച്ചത്? ”
“എന്റെ ഭഗവാനെ ” രാധയുടെ പിറുപിറുക്കലിന് ഇറങ്ങിവന്ന വഴിക്ക് രാമൻ പൂർത്തീകരണം നൽകി.

ഒരു സോഷ്യലിസ്റ്റ് ചിന്താഗതിക്കാരിയെ പ്രണയിച്ചതിനു രാമൻ നൽകിയ പ്രതിഫലം തന്റെ പാരമ്പര്യമായി കൈമാറി വന്ന ദൈവദത്തമായ വിശ്വാസങ്ങളെ ഉപേക്ഷിക്കുക എന്നതായിരുന്നു. എട്ടുംപൊട്ടും തിരിയാത്ത പ്രായമാണ് എന്ന് മനസ്സിലാക്കാതെ എടുത്തുചാടി ചെയ്തുപോയ പ്രവർത്തി എന്നുവേണം ഇന്ന് അതിനെ വിളിക്കാൻ. ആ കാരണം കൊണ്ട് രാമന് രാധയോട് പ്രണയമില്ല എന്നല്ല. രാധയോട് രാമന് അന്നും ഇന്നും പ്രണയമേയുള്ളു. രാമന് ആരെയും പഴിക്കാനും കഴിയില്ല.ദൈവത്തെപ്പോലും.
ചിലതൊക്കെ കേട്ടും ചിലതൊക്കെ കണ്ടും മാത്രം പരിചയമുള്ള വലിയ നിലയിലുള്ള അസാധ്യമെന്ന് തോന്നിയ ബാല്യം എതിരേറ്റ സ്വപ്‌നങ്ങൾ മുതൽ, ചിലതൊക്കെ വലുതാകുമ്പോൾ നേടിയെടുക്കണം എന്ന അഹന്ത നിറഞ്ഞ യുവത്വം തുടിച്ചിരുന്ന സ്വപ്നങ്ങളും, ജീവിതം ഒന്ന് എങ്ങനെയെങ്കിലും സുഗമമാക്കണം എന്ന നിദ്രയുടേതല്ലാത്ത വാശിനിറഞ്ഞ പക്വതയാർന്ന സ്വപ്നങ്ങളും പിന്നീട് ജീവിതം ഒരു കരക്കെത്തിയാൽ മതി എന്ന ബോധത്തോടെ വാശിക്ക് ഇവിടെ പ്രസക്തിയില്ല എന്ന തോന്നലിൽ തിരികെ ചെറിയ ദൈവബോധം ഉടലെടുത്ത് തുടങ്ങിയ സ്വപ്‌നങ്ങൾ വരെ നീളുന്നു കുഞ്ഞിരാമന്റെ കിനാക്കൾ.
ഇന്ന് സ്വപ്നങ്ങളെല്ലാം അയാൾക്ക് മിഥ്യാവിചാരങ്ങളാണ്. എല്ലാം നിരർത്ഥകം. മനുഷ്യന്റെ ജീവിതം നീങ്ങുന്നത് മറ്റാരുടെയോ കിനാക്കളനുസരിച്ചാണ്.

സോഫയിൽ കണ്ണും മിഴിച്ച് ചുമരിലേക്ക് നോക്കി ഇരിക്കുന്ന കുഞ്ഞിരാമന്റെ ചിന്തകളെ വീണ്ടും ഉണർത്തിക്കൊണ്ട് രാധ അടുക്കളയിൽ നിന്നിറങ്ങി.
“നാളെ പിള്ളേരെ ചെന്ന് കൊണ്ടു വരണം ”
“ആ കൊണ്ടുവരാം രാധേ ”
“എത്ര നാളാന്നു വച്ചാ അവിടെ നിർത്തുന്നെ.ഏട്ടിക്ക് സന്തോഷമേയുള്ളൂ, എന്നാലും ”
“ആ ശെരിയാ ”
നിർവികാരനായി ഇരിക്കുന്ന കുഞ്ഞിരാമന്റെ മനോവ്യഥ രാധക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എത്ര നാളായി താൻ അയാളെ കാണുന്നു. തന്റെ പ്രണയത്തിൽ കുരുങ്ങി പലതും ഉപേക്ഷിച്ച് പലതും ആയിത്തീരേണ്ടി വന്നു അയാൾക്ക്.
രാധ എതിരെയുള്ള കസേരമേൽ ചെന്നിരുന്നു. രാമന്റെ കണ്ണുകളിലേക്ക് നോക്കി. നഷ്ടബോധം ഒന്നും ഈ കണ്ണുകളിൽ കാണുന്നില്ല. എന്തായിരിക്കും തന്റെ ഭർത്താവ് ജീവിതത്തിൽ ആഗ്രഹിച്ചിരുന്നത്. അതുമാത്രം കുഞ്ഞിരാമനിൽ നിന്ന് കണ്ടെത്താൻ രാധക്ക് കഴിഞ്ഞിട്ടില്ല. രാധ അന്ന് തേടിയത് മറ്റൊരു കുഞ്ഞിരാമനെ ആയിരുന്നു. കിനാക്കളുടെ ലോകത്ത് സഞ്ചരിച്ച രാമൻ. അയാളിൽ നിന്നും താനെന്തെങ്കിലും പ്രതീക്ഷിച്ചിരുന്നോ.

“രാധേ. നീ എന്താണ് ദൈവത്തിൽ വിശ്വസിക്കാത്തത്? ”
“അതൊരു സങ്കല്പമാണ് രാമാ. എല്ലാമുണ്ടായിട്ടും ഏകാന്തത കൈവിടാത്ത മനുഷ്യരും സ്വയം ഒന്നും നേടാൻ സാധിക്കില്ല എന്നു തോന്നിയ മനുഷ്യരും പ്രപഞ്ചശക്തികളെ മനസ്സിലാക്കുവാനും നേരിടാനും സാധിക്കാത്ത മനുഷ്യരും അവർക്ക് ഇവയിൽ നിന്നെല്ലാം രക്ഷ ലഭിക്കും എന്ന പ്രതീക്ഷയിൽ ഉടലെടുത്ത സങ്കല്പം. അതാണ് ദൈവം.” കോളേജ് കാലങ്ങളിൽ താൻ കുഞ്ഞിരാമനെ ഇങ്ങനെ മാറ്റിയെടുക്കുകയായിരുന്നു. അയാൾ പറഞ്ഞിരുന്നത് അയാളുടെ സ്വപ്‌നങ്ങൾ മാത്രമായിരുന്നു. അതിൽനിന്നും നിഷ്കളങ്കത മാത്രം കൈമോശം വന്നിട്ടില്ലാത്ത ഒരു രാമനെ രാധ കണ്ടെത്തി. അയാളെ അവൾ സ്നേഹിച്ചു. തന്റെ പ്രവർത്തികൾക്കും മൊഴികൾക്കും എന്നും പിന്താങ്ങായിരുന്ന നർമ്മം കലർന്ന വ്യക്തിത്വമുള്ള കുഞ്ഞിരാമൻ. അവൾക്ക് അയാളൊരു കുഞ്ഞായിരുന്നു. എന്തും വിശ്വസിക്കുന്ന നിഷ്കളങ്ക മനുഷ്യൻ. ആരെയും ഒന്നിനെയും എതിർക്കാനും തിരുത്താനും പോകാത്തവൻ.
തന്റെ ഒപ്പമുള്ള ജീവിതമായിരുന്നോ പഴയ കുഞ്ഞിരാമനെ ഇന്നത്തെ ഏകാന്തചിന്തയുടെ ഉടമയാക്കിയത്. രാധ നെടുവീർപ്പെട്ടു. അന്നും ഇന്നും താൻ അയാളുടെ വാക്കുകളെ എതിത്തിട്ടേയുള്ളു, ശകാരിച്ച് തിരുത്തിയിട്ടേയുള്ളു. ഒന്നും ശരിയായിരുന്നില്ലേ.

“രാധേ.ഞാൻ പണ്ട് വീട്ടീന്ന് ഒളിച്ചോടി ഹിമാലയസാനുക്കുകളിൽ സന്യാസിയായി ജീവിച്ചാലോ എന്നാലോചിച്ചിട്ടുണ്ട് ”
“എന്നിട്ട് എന്തേ പോകഞ്ഞേ” രാധ ഉള്ളിൽ ചിരി വിടർത്തി ഗൗരവമായി ചോദിച്ചു.
“അപ്പോൾ അതിനു കഴിഞ്ഞില്ല. പക്ഷെ ഞാൻ എന്തുകൊണ്ടാണ് അങ്ങനെ ചിന്തിച്ചേന്ന് ചോദിക്ക് ”
എന്നും വൈകുന്നേരങ്ങളിൽ ക്ലാസ് കഴിഞ്ഞ് ഇത്തിരി നേരം ഇരിക്കാറുള്ള പള്ളിനടയിൽ നടക്കാറുള്ള സ്ഥിരം ജല്പനങ്ങളിൽ ഒന്ന് രാധ ഓർത്തെടുത്തു ”
“എന്താ എന്റെ രാമന് ബോധോദയം വല്ലതും കിട്ടിയാരുന്നോ? ”
“അതല്ല രാധേ, ഒരു യഥാർത്ഥ സന്യാസിയുടെ ജീവിതം എല്ലാം ഉപേക്ഷിച്ചും എല്ലാം ഉൾക്കൊണ്ടും എല്ലാറ്റിനേയും സ്നേഹിച്ചുമാണ് നിലകൊള്ളുന്നത്. മറ്റൊരു മനുഷ്യർ. സാധാമനുഷ്യന്റെ മറ്റു ചിന്താഗതികളെല്ലാം അവർക്ക് അന്യമല്ലേ. എനിക്കും അങ്ങനെ ഒന്ന് ജീവിക്കണം എന്ന് തോന്നി. എല്ലാം ഉപേക്ഷിച്ച് എല്ലാവരെയും സ്നേഹിച്ച്. ഒന്നുമില്ലാതിരുന്നിട്ടും എല്ലാം ഉള്ളവനായി ജീവിക്കാൻ. രാധ ചോദിച്ചില്ലേ എന്തുകൊണ്ട് പിന്നെ പോയില്ലാ എന്ന്, എനിക്കെല്ലാം ഉള്ളതുകൊണ്ടാണ് രാധേ. എനിക്കെല്ലാം ഉണ്ട്. ആരെയും ഉപേക്ഷിക്കാനും കഴിയില്ല .” രാമൻ ഒരു ചെറിയ നെടുവീർപ്പിന്റെയും ഭയത്തിന്റെയും വാക്കുകളിൽ ശബ്‌ദിച്ചു.
“എന്താടോ തനിക്കെന്നെ ഉപേക്ഷിക്കണമെന്നുണ്ടോ?.സമയം ഒട്ടും അമാന്തിച്ചിട്ടില്ല രാമാ. ധാരാളം ഉണ്ട് ഇനിയും ” രാധ പറഞ്ഞു.
“അതാണ് രാധേ എന്റെ പേടി. സമയം ഇനിയും ഈ ജീവിതത്തിൽ ധാരാളം കിടപ്പുണ്ട്. രാധക്കിനിയും ഞാൻ പറഞ്ഞത് മനസ്സിലായിട്ടില്ല.”

അതെ തനിക്ക് രാമനെ ഒട്ടും മനസ്സിലായിരുന്നില്ല. അന്നും ഇന്നും രാമൻ മറ്റാരോ ആയിരുന്നു. എന്തായിരിക്കും രാമൻ അന്ന് ഉദ്ദേശിച്ചത്. രാമന് ജീവിതത്തെ നേരിടാൻ ഭയമായിരുന്നോ. അയാൾ അന്നും ഇന്നും ആരുടെയേലും കുടക്കീഴിൽ നിന്ന് എല്ലാം നോക്കികാണുവാനാണ് ആഗ്രഹിച്ചത്. സ്വന്തം ധൈര്യത്തിന്മേലല്ല രാമൻ അന്ന് രാധയെയും കൂട്ടി ജീവിക്കാൻ ഇറങ്ങിപുറപ്പെട്ടത്. രാമൻ എല്ലാം ഉപേക്ഷിച്ചു. എല്ലാവരെയും തനിക്കുവേണ്ടി ഉപേക്ഷിച്ചു. എന്നിട്ടും തനിക്കെല്ലാം ഉണ്ട് എന്ന് അയാൾ പറയുന്നു. ആരെയും ഉപേക്ഷിക്കാൻ കഴിയില്ലാ എന്നും പറയുന്നു. യഥാർത്ഥത്തിൽ അതൊരു പൂർണ്ണമായ ഉപേക്ഷിക്കൽ ആയിരുന്നില്ല, തിരികെവരാം എന്ന പ്രതീക്ഷ ആയിരുന്നു. പക്ഷെ അയാൾ അശക്തനായിരുന്നു എന്നാൽ ഒരിക്കലും ഏകാകി ആയിരുന്നില്ല. അയാൾക്കൊപ്പം താനുമുണ്ടായിരുന്നു.

രാധ രാമനെ ഒരു വാത്സല്യത്തോടെ നോക്കി.പണ്ട് ആരിൽ നിന്നൊക്കെയോ രാമന് കൈവിട്ടുപോയ ആ വാത്സല്യം. രാധയുടെ വായിച്ചെടുക്കുവനാവാതെ അയാൾ ഒരു ചെറുപുഞ്ചിരിയോടെ കല്പിച്ചു.
“എടീ പോയി ഒരു ഗ്ലാസ് ചായ എടുത്തോണ്ട് വാ ”
രാധ ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് എണീറ്റു.
“അതെ ഇട്ടു കഴിഞ്ഞപ്പോഴാ ഓർത്തെ പഞ്ചാര ഇല്ല. ”
“താൻ എവിടുത്തെ കമ്മ്യൂണിസ്റ്റാടോ,പോയി എടുത്തോണ്ട് വാ ഉള്ളത് ”
രാധ ചിരിയൊന്ന് ഉറപ്പിച്ച് അടുക്കളയിലേക്ക് നടന്നു.

രാമൻ പഴയ വിദൂഷകനായ രാമൻ അല്ലാതായിരിക്കുന്നു അതുപോലെ താനും പഴയ വിപ്ലവചിന്തകൾ ഊട്ടിഉറപ്പിക്കുന്ന ആ രാധയുമല്ല. ജീവിതം തങ്ങളെ മാറ്റി എടുത്തു. ഈ ചായ പോലെ മധുരമില്ലാത്ത ജീവിതം. സ്വപ്‌നങ്ങൾ വെറും മിഥ്യകളായി മാറി. എങ്കിലും അത് കുടിച്ചിറക്കുവാൻ ഇന്ന് പര്യാപ്തരാണ് ഞങ്ങൾ. ആ മധുരമില്ലായ്മയും ആസ്വദിക്കാൻ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. രാധ ഒരു ഗ്ലാസ്‌ ചായയുമായി രാമന്റെ അടുത്തെത്തി. ഗ്ലാസ് രാമന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു ” രാമൻ ചോദിച്ചില്ലേ ജീവിതത്തിന് എത്ര ഘട്ടങ്ങൾ ഉണ്ടെന്ന്. അങ്ങനെയൊന്നില്ല രാമാ. ജീവിതത്തിന് ഒരൊറ്റ ഘട്ടമേയുള്ളു അതാണ് ജീവിതം. ലഭിക്കുന്നത് സ്വീകരിക്കുക. അതാസ്വദിക്കുക. അപ്പോഴാണ് ജീവിതത്തിന് മധുരമേറുന്നത്. ”
അയാൾ അവളുടെ മുഖത്തെ പ്രസാദം കണ്ട് പുഞ്ചിരിച്ചു. കഷ്ടപ്പാടുകൾ അറിയാതെ വളർന്ന അവൾക്ക് എല്ലാം സ്വീകാര്യമായി തുടങ്ങിയിരിക്കുന്നു. തന്റെ ഒപ്പമുള്ള ജീവിതം മാധുര്യമുള്ളതാക്കാൻ പോന്ന സ്ത്രീ. തന്റെ ധൈര്യത്തിന്മേലല്ലാ അവളുടെ ധൈര്യത്തിന്മേലാണ് ഇതുവരെ ഈ ജീവിതം നീങ്ങിയത്. അവൾ തനിക്കു വേണ്ടി എല്ലാം മറക്കുകയാണുണ്ടായത്, എല്ലാവരെയും അവൾ ഉപേക്ഷയുടെ മറ്റൊരു തലത്തിൽ കൊണ്ടിട്ടു. തനിക്ക് കഴിയാത്ത ഒരു മനശക്തി അവളിൽ ഉണ്ട്. താൻ കിനാവ് കാണാത്ത ഒരു ഭാഗ്യം, അത് രാധയുടെ മനസ്സാണെന്ന് അയാൾക്ക് തോന്നി .
രാധ അയാളുടെ അരികിൽ സോഫയിൽ ഇരിപ്പുറപ്പിച്ചു. രണ്ടുപേരും മാറി മാറി ചായ കുടിച്ചുതുടങ്ങി.

“രാധാക്കറിയോ എന്റെ അച്ഛമ്മ എന്റെ അച്ഛന് നാലു വയസ്സുള്ളപ്പോൾ വിധവയായതാണ്. അപ്പോൾ രണ്ടു വയസ്സുള്ള ഒരു പെൺകുഞ്ഞും അച്ഛമ്മക്കുണ്ടായിരുന്നു. ഞാൻ കണ്ടകാലം മുതൽ ആ സ്ത്രീക്ക് അതിൽ ഒരു പരിഭവം ഉള്ളതായി തോന്നിയിട്ടില്ല. ജീവിതം പാഴായിരുന്നു എന്ന് ഒരു വാക്കുപോലും പറഞ്ഞ്കേട്ടിട്ടുമില്ല. അച്ഛമ്മക്കുമുണ്ടായിരുന്നിരിക്കില്ലേ ധാരാളം സ്വപ്‌നങ്ങൾ. അവരും എല്ലാം സഹിച്ചും സ്വീകരിച്ചും മക്കളെ രണ്ടെണ്ണത്തെയും വളർത്തി.
അവർ രണ്ടുപേരും അൽപനേരം ചുറ്റുമുള്ള മൂകതയോട് ചേർന്നിരുന്നു. അത് ഭജിച്ചതും കുഞ്ഞിരാമനാണ്.
“നമ്മുക്ക് പിടിച്ചു നിൽക്കാം രാധേ, ഇതും ജീവിതമാണ്. നാളെത്തന്നെ പഠിപ്പിക്കാൻ കയറണം, പിള്ളേരെ വൈകിട്ട് പോയി കൊണ്ടുവരാം. ”
“അവരെയും അവിടെത്തന്നെ ചേർക്കാലോ ഉടനെ ”
“ആം. എങ്കിൽ ഞാൻ പുറത്ത് പോയി അത്യാവശ്യ സാധനങ്ങൾ വാങ്ങിവരാം ”
രാധ ഒന്ന് മൂളി.
“എന്തൊക്കെയാ വാങ്ങണ്ടേ? ”
രാമൻ സാധനങ്ങളുടെ ലിസ്റ്റുമായി വെളിയിലേക്കിറങ്ങി. രാധ വാതിക്കൽ വന്നുനിന്നു, അയാൾ നടക്കുന്നതും നോക്കി. രണ്ടടി വച്ചശേഷം അയാൾ തിരിഞ്ഞുനിന്ന് രാധയുടെ മുഖത്ത് നോക്കാതെ പറഞ്ഞു
“നമുക്ക് തിരികെ പോകണം രാധേ, നമ്മൾ ആരുമില്ലാത്തവരല്ല.ആ അവസ്ഥ സ്വയം തിരഞ്ഞെടുക്കേണ്ടി വന്നവരാണ്. കാരണം ഒന്നും നമ്മുടെ തീരുമാനങ്ങളായിരുന്നില്ല , എല്ലാം ദൈവത്തിന്റെ കിനാക്കളാണ് രാധേ. അങ്ങേര് കണ്ടുകഴിഞ്ഞ കിനാവാണ് നമ്മുടെയൊക്കെ ജീവിതങ്ങൾ ”
പകൽ മറഞ്ഞു തുടങ്ങിയിരുന്നു. രാമൻ ആ ചുവന്ന സന്ധ്യയിലേക്ക് നടന്നും തുടങ്ങി. രാധ തിരിഞ്ഞ് ചുമരിൽ തറഞ്ഞിരുന്ന ക്രൂശിതരൂപത്തിൽ നോക്കി നിന്നു.
________________________________________

തലയില്ലാത്ത വിശുദ്ധൻ

ദ്രവിച്ചകന്ന് തുടങ്ങിയ കുറച്ച് ചിന്തകൾ മാത്രമാണ് കൂട്ട്. അവയെ ഒന്ന് സംയോജിപ്പിക്കുവാനും ആവുന്നില്ല. കലാകാലങ്ങളായുള്ള വ്യഥകൾ മനസ്സിനെയും ശരീരത്തെയും ഒരുപോലെ നോവിക്കുന്നു. നോവുകളെ ആസ്വദിക്കാൻ ശ്രമിച്ചു കുറേയെറെനാൾ. പക്ഷെ വിടുതൽ ഒന്നും സംഭവിക്കാതെ അവ ഒരു ഇത്തിൾക്കണ്ണിയായി മാറി. ഭ്രാന്തമായി ചലിക്കുകയാണ് മനസ്സ്. ഇത്തിരി ലഹരി ഒത്തിരി സുഖം തരും. ഈ ലോകത്തെ ദർശിക്കുവാൻ അനുവദിക്കുന്ന ഒരു പാലം. അല്ലെങ്കിൽ ഇത്തിൾക്കണ്ണികളും ഭ്രമത്തിന്റെ മാറ്റൊലികളും പടർന്ന് തുടങ്ങും. ഈ ലോകം എവിടെ. തന്നെ കൈവെടിഞ്ഞ വിധിയെവിടെ. തന്റെ ഭാഗ്യം തുരുമ്പ് പിടിച്ചു. ഒന്ന് സ്പര്ശിക്കുവാൻ പോലുമാവാതെ.
കവയ്ക്കിടെ തല കുമ്പിട്ട് ഒരു അതിർത്തിക്കല്ലിന്മേൽ ഇരുന്നിരുന്ന അയാൾക്ക് മുന്നിലൂടെ ഒരു ലോകം സ്വയം തീകൊളുത്തി നടക്കുന്നതായി തോന്നി.
തൊമ്മി വീണ്ടും എഴുന്നേറ്റു.
പ്രദക്ഷിണം തുടങ്ങി അരനാഴിക പിന്നിട്ടപ്പോൾ മുതൽ തൊമ്മി പുണ്യാളനെ പിന്തുടരുന്നതാണ്. ഇടക്ക് വേച്ച് വേച്ച് അടുത്തുചെന്ന് മഞ്ചക്കാരോട് ചോദിക്കും
“ഞാമ്പിടിക്കണോ?”
“വേണ്ടാ”
ആളെ മനസിലായ ഉടനെ ഇട്ടൂപ്പ് ചേട്ടൻ രൂപം ചുമക്കുന്നവരോടായി പറഞ്ഞു, “ഒന്ന് ശ്രദ്ധിച്ചോണേ. ആളുമാറി അവന് കൊടുത്തേക്കല്ല് ”
പാതിരാ ഉണർന്ന് തുടങ്ങിയ നേരം. ഭൂമി നക്ഷത്രങ്ങൾക്ക് അന്നത്തെ കഥകൾ പറഞ്ഞു കൊടുക്കുകയാണ്. മറവിക്കാരിയായ അവൾ ഒരിക്കലും നിദ്ര തീണ്ടാത്ത നിഷ്ക്രിയരായ നക്ഷത്രകുഞ്ഞുങ്ങളെ ഉറക്കാൻ ശ്രമിക്കുകയാണ്. ഒരു ഊരുചുറ്റലിന്റെ കഥ. ആണ്ടിലൊന്ന് നാടുകാണാൻ മഞ്ചലിലേറി വരുന്ന പുണ്യാളന്റെ മുന്നിൽ വഴിതെളിച്ചുകൊണ്ട് വിശ്വാസസമൂഹത്തിന്റെ കാൽനടയാത്ര. പ്രദിക്ഷണധ്വനിയിൽ കുറച്ചകലെ എല്ലാറ്റിനെയും ഒഴിഞ്ഞുമാറി നീങ്ങുന്ന ട്രെയിൻ ശബ്ദം ഒരു നിലവിളിപോലെ പ്രതിധ്വനിച്ചു.
ബോധത്തോടെയും അല്ലാതെയും ആണ്ടിലൊരിക്കൽ കൊണ്ടാടുന്ന സുദീർഘമായ ആഘോഷം. ഉടുത്തൊരുങ്ങി നടക്കുന്ന കൊച്ചമ്മമാരും അന്തർജനങ്ങളും. കയ്യിലും കാതിലും കഴുത്തിലും ഉള്ളതും വാങ്ങിയതുമായ ധാരാളം പണ്ടങ്ങൾ മിന്നിമറയുന്നു. ചെണ്ടക്കാരുടെയും ബാൻഡ് സംഘങ്ങളുടെയും സമീപം ഉന്മാദരായി, ഉന്മാദചിത്തരായി തിളങ്ങി നിൽക്കുന്ന അച്ചായന്മാർ.
ചില അമ്മച്ചിമാരെ നോക്കി തൊമ്മി നിരൂപിച്ചു “ഇതുങ്ങളൊക്കെ പാഷൻ പരേഡിന് പൂവാണോ കർത്താവേ? ”
കുറച്ച് കാർന്നോന്മാർ റോഡ് നിയന്ത്രിക്കുവാനുള്ള കടമ വോളന്റീർസ്സിനൊപ്പം സ്വയം ഏറ്റെടുത്ത് റോഡിന് നടുക്ക് നിലയുറപ്പിച്ച് നിൽക്കുന്നു. പ്രദക്ഷിണം അടുത്ത ഘട്ടത്തിലെത്തി നിന്നപ്പോൾ തൊമ്മി പുണ്യാളന്റെ തൊട്ട് മുന്നിൽ വന്ന് കുത്തിയിരുന്നു.
“ഡാ എണീറ്റ് പോടാ, നീ എന്നാ പുണ്യാളന്റെ മുമ്പിലാണോ തൂറാൻ ഇരിക്കുന്നെ? ” ഇട്ടൂപ്പ് ചേട്ടൻ നല്ല അമർഷത്തോടെ ചോദിച്ചു.
ഇടമുറിയാതെ കൈകൂപ്പി തൊമ്മി പറഞ്ഞു “പ്രാർത്ഥിക്കുവാ ചേട്ടായി, ഇന്ന് പെരുന്നാളല്ലേ, പുള്ളിയെ ഇന്നേ കാണാൻ ഒക്കത്തുള്ളൂ ”
“നീ എണീറ്റ് മാറ് തൊമ്മി നടക്കട്ടെ ”
തൊമ്മി എഴുന്നേറ്റ് വീണ്ടും ശിബിക ചുമക്കുന്നവരുടെ നേരെ നീങ്ങി.
“പിടിക്കട്ടെ ജെയിംസെ? “തൊമ്മി ചോദിച്ചു
“തൊഴി മേടിക്കാണ്ട് പോടാ ” ജെയിംസ് രൂക്ഷമായി അയാളെ നോക്കി.
ഉന്മാദിയെന്ന സ്വയം തോന്നിക്കാത്ത ഇട്ടൂപ് ചേട്ടൻ ആരോടെന്നില്ലാതെ പറഞ്ഞു “മൂക്കറ്റം കുടിച്ചേക്കുവാ “.
തൊമ്മി മുന്നോട്ട് നടന്നു. അയാളുടെ ഭ്രമം നിറഞ്ഞ മനസ്സ് അലയുകയാണ്. ജീവിതത്തിന്റെ പ്രാരംഭത്തിൽ തന്നെ നഷ്ടങ്ങൾക്ക് തുടരെ തുടരെ പാത്രമായവൻ.പിന്നീടുള്ള കാലം മുന്നോട്ട് നീങ്ങുവാൻ കെൽപ്പില്ലാത്ത സ്വയം തളർന്നു തുടങ്ങി. ഒന്നിനും കഴിഞ്ഞില്ലല്ലോ എന്ന ഭ്രാന്തമായ കുറ്റബോധം അയാളെ ആർത്തിയോടെ വേട്ടയാടാൻ തുടങ്ങിയ കാലം അയാൾക്കും ഓർമ്മയില്ല.
ഇഴഞ്ഞുനീങ്ങിയ ഗർജ്ജനാത്വരമായ പ്രദക്ഷിണത്തിന് മുൻപിൽ നിന്ന വികാരിയച്ചന്റെ അടുത്തേക്ക് അയാൾ നടന്നെത്തി.
“അച്ചാ എനിക്കൊന്ന് കുമ്പസാരിക്കണം “തൊമ്മി ഉച്ചത്തിൽ പറഞ്ഞു.
“ഇപ്പോഴാണോ തൊമ്മി കുമ്പസാരം “അച്ചൻ കണ്ണുരുട്ടി. “നീ നാളെ വാ ”
“ഞാൻ ഇവിടെ നിന്ന് ചോദിച്ചോളാം അച്ചോ, കുമ്പസാരം വേണ്ടാ, ഒരു സംശയം ഉണ്ട്. ”
“നീ നന്നായിട്ട് കുടിച്ചിട്ടുണ്ടല്ലേ? ”
“ഉണ്ടച്ചാ നന്നായി കുടിച്ചു ” ബഹളങ്ങൾക്കിടയിൽ അയാളുടെ ശബ്ദം കനച്ചു നിന്നു.
വികാരി ഒന്നും മിണ്ടാതെ തന്റെ നടത്തത്തിൽ ശ്രദ്ധ ചെലുത്തി.
“അച്ചാ മരണമാണോ ജീവിതമാണോ ശെരി ”
“നീ ഇപ്പൊ പോ, നാളെ സംസാരിക്കാന്ന് പറഞ്ഞില്ലേ. പോ ” അച്ചൻ കടുത്ത സ്വരത്തിൽ പറഞ്ഞു. തൊമ്മി അച്ചനെ ഒന്ന് നോക്കി. കൂനിക്കൂമ്പി ഒന്നും മിണ്ടാതെ വന്നവഴിക്ക് തിരിഞ്ഞു.
റോഡിൽ ചിതറികിടന്നിരുന്ന ജലകണങ്ങൾ വർണ്ണശബളമായ വഴിവെളിച്ചത്തിൽ പ്രതിഫലിച്ചുനിന്നു. പക്ഷെ ആ വർണ്ണങ്ങൾ ഒന്നും തന്നെ അയാൾക്ക് ദൃശ്യമയിരുന്നില്ല. വിളറിവെളുത്ത ഒരു ലോകം അയാളെ ഉറ്റുനോക്കുന്നതായി തോന്നി. ആ ലോകത്തിനു നടുവിൽ തന്റെ ഭാര്യയെയും മകളെയും കണ്ട തൊമ്മി ഒരു നിസ്സഹായസ്വരം മുഴക്കി. മഞ്ചലിനരികിൽ വന്ന് വീണ്ടും നിലയുറപ്പിച്ചുനിന്നു അയാൾ. മദ്യത്തിന്റെ അദൃശ്യലഹരി അയാളുടെ വികാരങ്ങളെയും ഭാവനകളെയും അത്യുഗ്രമായി മദിപ്പിച്ചിരുന്നു.
മരണത്തിന്റെയും ജീവിതത്തിന്റെയും നടുക്കാണ് താൻ. ‘മരണജീവിതം’. അതാണ് തന്റേതെന്ന് തൊമ്മിക്ക് തോന്നി. ജനിച്ചുപോയി പക്ഷെ ജീവിതം മരണതുല്യം. ആർക്കും വേണ്ടാത്ത ജീവിതം. ഒന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ‘ഭൂമിക്ക് ഒരു ഭാരമാണല്ലോ പുണ്യാളാ’ താൻ എന്ന് അയാൾ പിറുപിറുത്തു.

ഇട്ടൂപ്പ് ചേട്ടൻ തൊമ്മിയെ നോക്കി പല്ലിറുമ്മി. ‘എന്തിനുള്ള പുറപ്പാടാണോ ഇത്തവണ’.തൊമ്മി പുഞ്ചിരി തൂകി നിൽക്കുന്ന രൂപത്തിന്റെ മുഖത്തേക്ക് നോക്കി. ഒന്നും മൊഴിയുന്നില്ല. ‘തന്റെ അവസ്ഥക്ക് കാരണം സുബോധം ഇല്ലാത്ത ഈ ലോകം തന്നെയാണ്. മറ്റൊന്ന് ദൈവത്തിനു പറ്റിയ പിഴവും. അതാണ് താൻ’. വെറിപിടിച്ച് സ്വയം ഓരോന്ന് പുലമ്പി തുടങ്ങിയിരുന്നു അയാൾ. ചിന്താധീനമായ മനസ്സ്. ആ മനസ്സ് അയാളെ വേട്ടയാടി. ശബ്ദരഹിതമായാണ് ഇപ്പോൾ പ്രദക്ഷിണം കടന്നു പോകുന്നതെന്ന് തോന്നിയ തൊമ്മി തന്റെ പുലമ്പൽ നിറുത്തി. വിധികളിയാടുന്ന തന്റെ ജന്മം. തൊമ്മി ശബ്ദരഹിതമായി മാറിയ, മൂകമായ ആ ലോകത്തെ നോക്കി ശപിച്ചു. അല്ലാ, ലോകം അലറുകയാണ്. ഈ നശിച്ച ലോകം ഇല്ലാത്തവനെ വീണ്ടും ഇല്ലാതാക്കുന്നു. ആരെയും ഉയർത്താൻ ശ്രമിക്കുന്നില്ല. അതോ തനിക്ക് പിഴച്ചതാണോ. ശ്രമിച്ചതല്ലേ. ഓർത്തു നോക്കൂ. ഇല്ലെ, ശ്രമിച്ചു. വിശ്വസിക്കൂ. ‘ഇത് നിന്റെ തെറ്റല്ല’. അയാൾ തന്നോട് തന്നെ വീണ്ടും ജല്പനങ്ങൾ നടത്തി.
ആരോട് ഞാൻ എന്റെ സങ്കടങ്ങൾ പറയും. തൊമ്മി തെല്ലിടനേരം പുണ്യാളനെ നോക്കി. എന്നിട്ട് പല്ലിറുമ്മി മുന്നോട്ട് നടന്നു. അയാൾ ഭാര്യയുടെ പക്കൽ വീണ്ടും എത്തി കുഞ്ഞിന്റെ തലയിൽ വാത്സല്യപൂർവ്വം കയ്യോടിച്ചു.
“നല്ല ദിവസായിട്ട് മുടിയാൻ കുടിച്ചിട്ട് എഴുന്നൊള്ളിക്കൊള്ളും. ഒന്ന് പോയി തരുവോ ” പരിസരം മറന്ന് ത്രേസ്യ കലിതുള്ളി അവളുടെ നിറഞ്ഞ കണ്ണുകളിൽ പുറത്തെ വർണ്ണവെളിച്ചങ്ങൾ മാറി മാറി തുളുമ്പി ഇറങ്ങി. ശുഷ്കിച്ച് കുറിയ വൃഷ്ടിയുടെ കണങ്ങളെ ഭൂമി അപ്പോൾ സ്വാഗതം ചെയ്തു. പ്രദക്ഷിണത്തിന് വേഗം ഏറി. ലോകം ഓടിത്തുടങ്ങി.
പള്ളിനടക്കൽ എത്തിപ്പെട്ട പ്രദക്ഷിണത്തെയും കാത്ത് നടയുടെ മുകളിൽ തൊമ്മി നിലയുറപ്പിച്ചു നിന്നിരുന്നു. പള്ളി നട കയറി തുടങ്ങിയ പുണ്യാളന്റെ രൂപത്തിനു നേരെ വിരൽ ചൂണ്ടി തൊമ്മി അലറി. “നിന്റെ തല ഞാനെടുക്കും ”
അതു കേട്ടു നിന്ന തളരാത്ത വിശ്വാസി സമൂഹത്തിന്റെ സ്തംഭനം അവിടെ ഒരു മുഴക്കം സൃഷ്ടിച്ചു. ഇത് കണ്ടുനിന്ന ത്രേസ്യാമ്മ അലമുറയിട്ട് പള്ളിക്കകത്തേക്ക് ഓടിക്കയറി. കൂടെ പള്ളിമണിയും തുടരെ തുടരെ അലറിവിളിച്ചു. കപ്യാര് പടക്കത്തിന് തീ കൊളുത്തി. സ്ത്രീജനങ്ങൾ വർണ്ണം വിതറിയ മാനത്തേക്ക് നോക്കി പുലമ്പി. “അവന്റെ നാക്ക് പുഴുത്ത് പോകട്ടെ ”
മോണ്ഡലത്തിൽ പ്രതിഷ്ഠിച്ച പുണ്യാളനെ നോക്കി ഇട്ടൂപ് ചേട്ടൻ പറഞ്ഞു “പുണ്യാളാ നിന്റെ തല ”
അന്ന് പള്ളി പിരിയുന്നതിനു മുൻപ് കമ്മറ്റി അംഗങ്ങളെല്ലാം മേടയിൽ വന്നുകൂടി.
“രൂപത്തിന്റെ മേൽ ഒരു കണ്ണ് വേണ്ടേ അച്ചാ ” ഇട്ടൂപ് ചേട്ടൻ ധരിപ്പിച്ചു.
“പിന്നെ വേണം കഴിഞ്ഞ വർഷം ഗ്രോട്ടോയിലെ നേർച്ചപ്പെട്ടി തല്ലിപ്പൊളിച്ചത് എല്ലാരും മറന്നോ ” ജെയിംസ് ഓർമ്മിപ്പിച്ചു.
“ഇവനെയൊക്കെ ഇടവകേന്ന് പുറത്താക്കണം അച്ചോ “കപ്യാര് അന്തോണി പിന്താങ്ങി.
എല്ലാം കേട്ടുനിന്ന അച്ചൻ അവസാനം മൊഴിഞ്ഞു “നമുക്ക് നോക്കാം. അവനല്ലല്ലോ അവന്റെയുള്ളിലെ വിഷമല്ലേ ഇങ്ങനൊക്കെ ചെയ്യിക്കുന്നെ. നാളെ സമയം കിട്ടൂല്ല, പെരുന്നാളല്ലേ. മറ്റെന്നാൾ അവനെയൊന്നു കാണട്ടെ.”
പള്ളി അവിടെ പിരിഞ്ഞു.

പ്രപഞ്ചത്തെ താൻ വിറപ്പിച്ചു എന്ന സന്തോഷത്തിൽ തൊമ്മി ഒരു നനഞ്ഞ പുൽപ്പരപ്പിൽ അടർന്ന് വീഴുന്ന തന്റെ ഉള്ളിലെ മധ്യവർത്തിയായ ആ പാലം കിനാവുകണ്ട് തളർന്നുറങ്ങി. പുലർകാലേ ഓടിയെത്തിയ കപ്യാർ ആദ്യം രൂപക്കൂട്ടിലേക്ക് നോക്കി. “ഹോ എന്റെ പുണ്യാളാ, തലയവിടെ ഉണ്ട് ”
പുണ്യാളന്റെ തലക്ക് കുഴപ്പമില്ലെന്നറിഞ്ഞ വിശ്വാസികൾ ദീർഘശ്വാസം വിട്ടു സ്വയം ആശ്വസിച്ചു. അന്ന് പകൽ റാസയും പ്രദക്ഷിണവും കഴിഞ്ഞെത്തിയ നാട്ടുകാർ ശുഭവും അശുഭവും എന്ന് തോന്നിക്കാത്ത ഒരു വാർത്ത കേട്ടു.
‘തൊമ്മി ട്രെയിന് തല വച്ചു’
ഇട്ടൂപ്പ് ചേട്ടൻ സോഡാ നാരങ്ങാവെള്ളം മോന്തിക്കൊണ്ട് ചോദിച്ചു, “അച്ചനെ അറിയിക്കണ്ടേ ജെയിംസെ? ”
“ഇപ്പൊ വേണ്ട കൊടിയിറങ്ങട്ടെ, എന്നിട്ട് മതി ” ജെയിംസ് പറഞ്ഞു.
“ഒടുങ്ങാനുള്ളവനൊക്കെ ഒടുങ്ങിയേ തീരൂ ” ഇതുപറഞ്ഞ് ഇട്ടൂപ്പ് പുണ്യാളന്റെ തലയിലേക്ക് നോക്കി പുഞ്ചിരി തൂകി.
ജീവിതത്തിനു നേരെ ചോദ്യങ്ങൾ മാത്രമെറിഞ്ഞ്, ലോകത്തെ വിറപ്പിച്ച തലയില്ലാത്ത ഒരു ശരീരം പാളത്തിനരുകിൽ കൈവിരിച്ച് മാനം നോക്കി അപ്പോൾ കിടക്കുന്നുണ്ടായിരുന്നു.
_______________________________________

നിറങ്ങളുടെ കാവ്യം

| ഓർമ്മകൾ ഉണർത്തലുകൾ ആണ്, വീണ്ടെടുപ്പുകളാണ്. ചില ചെറിയ ജീവിതങ്ങളെ വർണങ്ങളോട് ചേർത്ത് ത്വരിതപ്പെടുത്തിയ ഒരു കാലത്തെ നിങ്ങൾക്കിവിടെ ദർശിക്കാം.പക്ഷെ നിലനിൽപ്പില്ലാത്ത വിധിയുടെ ഒരു ചായം പൂശൽ പോലെ ആയിരുന്നു അത്. |
• • • • • • •
ഇരുട്ട് പൂർണ്ണമായിരുന്നില്ല.ഒരു നേരിയ വെളിച്ചം പാതിമുക്കാലും അടഞ്ഞുകിടന്നിരുന്ന ആ ജനാലയുടെ വിടവിലൂടെ അരിച്ചിറങ്ങി നിന്നു.ഇടതുവശത്ത് പാതിപൂർത്തിയാക്കിയ ആ ചിത്രത്തിൽ ഒരു നിഴൽ ക്ഷീണിതമായി കാണപ്പെട്ടു. ജീവിതം സമ്മാനിച്ച അപ്രതീക്ഷിത അനുഭവങ്ങളുടെ തുടർച്ചകൾക്കിടയിൽ മയങ്ങിപ്പോയി അവൻ. കസേരയുടെ താങ്ങിൽ നിന്ന് വലതുകൈ താഴേക്ക് തൂങ്ങി കിടക്കുകയാണ്. ആ കൈവള്ളയിലും വിരലുകളിലും രക്തം കിനിഞ്ഞു നിൽക്കുന്നതുപോലെ വർണ്ണങ്ങൾ വിതുമ്പി നിന്നു. ആ മുറിയാകെ ഇരുട്ട് തന്റെ കറുത്ത ചായം പൂശി ഒരവ്യക്തചിത്രം മെനഞ്ഞിരിക്കുകയാണ്. മടിയിൽ ചേർന്നിരുന്ന ഇടതുകയ്യിൽ ഒരു കടലാസ് ഇറുക്കി പിടിച്ചിട്ടുണ്ട്. അതിൽ ഒഴുകി നിറഞ്ഞിരുന്ന അക്ഷരങ്ങളും ചില വർണ്ണങ്ങളോട് കെട്ടിപ്പുണർന്ന് കിടന്നിരുന്നു. വർണ്ണങ്ങളോട് ചേർന്നപ്പോൾ അവ ജ്വലിച്ചു, വിഷാദമൂകമായ ഒരു സംഗീതം പൊഴിച്ചു. ആ സംഗീതത്തിന്റെ ധ്വനി ഏബൽ തന്റെ ചിത്രത്തിൽ പകർത്തി. അവ ഇങ്ങനെയായിരുന്നു.

“തോൽവിയെ ഉന്നം വച്ച്
നഷ്ടബോധങ്ങളെ പ്രണയിച്ച്
സ്വപ്‌നങ്ങൾ ത്യജിച്ച്, നിലനിൽപ്പി –
ല്ലാത്ത വിധിയുടെ കുളിരിൽ കുളിച്ച്,
ജീവിതമോഹങ്ങളുടെ കടൽ നീന്തി കടന്ന്,
ഒരൊറ്റപ്പെട്ട ദ്വീപിൽ എത്തിച്ചേരണം.
അത് ഭൂതാദികർമ്മങ്ങളും, ഭാവി സംബന്ധികളും, ദർശനങ്ങളും
തിരസ്കരിച്ച ശിരസ്സുകളാൽ
നിർമ്മിക്കപ്പെട്ടതായിരിക്കണം.
അവിടെ കൂട്ടായി കുറെ കബന്ധങ്ങൾ
മാത്രമായിരിക്കണം.
സാവധാനം ഞാനും എന്റെ കർമ്മ-
വിഭക്തിയും വാചാലതയും നിറഞ്ഞ
ശിരസ്സിനെ അടർത്തിയെടുത്ത് ആ
ദ്വീപിന്റെ മൂർദ്ധാവിൽചേർക്കും എന്നിട്ട് ആ കബന്ധങ്ങളുടെ ലോകത്ത്
മറ്റൊരു മനുഷ്യനായി ജീവിക്കും.
എന്ത് സുന്ദരമായ ജീവിതമായിരിക്കും അത്.
അവികലമായ മനോഹര ജീവിതം.”
റീത്താ.

• • • • • • • •

റീത്ത അവിടെ ആരെയും തേടി വന്നതല്ല. കാലവും വിധിയും അകറ്റിയെടുത്ത അവളുടെ പല സ്വപ്‌നങ്ങൾക്കും അവസാന ആശ്വാസമെന്നോണം അവിടെ എത്തിച്ചേർക്കപ്പെട്ടതാണ്. ആ കോളേജിൽ റീത്തയും ഏബലും സഹപാടികളും അല്ലായിരുന്നു . പക്ഷെ ആ വിദ്യാലയത്തിലെ ഓരോ ദിവസവും തമ്മിൽ കണ്ടുമുട്ടാതെ അവസാനിപ്പിക്കാൻ അവർക്ക് കഴിയുമായിരുന്നുമില്ല.
“എന്താ പേര്? ”
“റീത്താ” നാലു വർഷം മുൻപ് ലൈബ്രറി ഹാളിൽ വച്ച് ആദ്യമായി കണ്ടപ്പോൾ ഏബലിന് അവൾ അവർണ്ണനീയമായ ഒരു ആലേഖ്യമായി തോന്നി.
“എന്തിനാ പടിക്കണേ?”
“ഹിസ്റ്ററി.താനോ? ”
“ബി കോം , അതെന്തേ ഹിസ്റ്ററി? ”
“ഇഷ്ടാ” റീത്ത ഒരു നിമിഷം നിശബ്ദതയായി “ഒരുപാട് ”
അവൻ പിന്നെയൊന്നും ചോദിച്ചില്ല. അവളെ കേട്ടിരുന്നു. ആ വാക്കുകൾക്ക് അവളുടെ കണ്ണുകളുടെ അതേ നിറമായിരുന്നു.വിഷാദത്തിന്റെ നിഷ്പ്രഭ കലർന്ന നിറം.
• • • • • •
സൂര്യൻ എത്തിനോക്കുവാൻ ഭയപ്പെട്ട ഒരു ഞായറാഴ്ച രാവിലെ പതിവ് കുർബാനയ്ക്ക് ശേഷം പള്ളിമുറ്റത്തെ മാവിൻചുവട്ടിൽ വച്ച് അമൽ ഏബലിനോട്‌ പറഞ്ഞു,
“ഡാ, ഇന്നൊന്ന് മാന്താടി വരെ ഒന്ന് വരണം ”
“എന്തിന്” ഏബൽ ചോദിച്ചു.
“ലൈബ്രറി വരെ ഒന്ന് വാടയ്”
“ഞാനില്ല അളിയാ ”
“ഒരത്യാവശ്യമാണ് ബ്രോ,അഞ്ചേ അഞ്ചു മിനിറ്റ് ”
“ഞാൻ പോവാ, അമ്മ താഴെ നോക്കി നിൽക്കുന്നു ” ഏബൽ ആ ചെറിയ മതിൽകെട്ടിൽ നിന്നെഴുന്നേറ്റു.
“വരുവോ വൈകുന്നേരം ”
“നോക്കാം ” അവൻ നടന്ന് നീങ്ങി.
“ഞാൻ വിളിക്കാം” അവൻ നടയിറങ്ങി കഴിഞ്ഞിരുന്നു. കൂടെ ഒരു മഴ നാണം കുണുങ്ങി എത്തി. അമൽ ഏബലിന്റെ സന്തതസഹചാരി ആണ്. ചെറുപ്പം മുതലേ അവർ ഒരുമിച്ചാണ് പഠിച്ചു വളർന്നതും. അവരെ അടുപ്പിച്ചത് സാഹിത്യവും കലയും തന്നെ. സ്കൂളിൽ വച്ച് താൻ ദിവസവും ഡയറി എഴുതാറുണ്ടെന്ന് ഏബൽ പറഞ്ഞപ്പോൾ ഒറ്റ രാത്രി കൊണ്ട് കഴിഞ്ഞ ആണ്ടിലെ ഡയറി മുഴുവൻ വലിച്ചുവാരി എഴുതി പിറ്റേന്ന് കൊണ്ടുവന്ന് മിടുക്ക് കാണിച്ച മഹാൻ. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിപ്പുറം ജീവിതത്തിന്റെ വ്യക്തതയിൽ നിന്നകന്ന ഏബലിനെ തിരികെ കൊണ്ടുവരുവനുള്ള ശ്രമത്തിലാണ് അമൽ ഇന്ന്.അമൽ എഴുന്നേറ്റു, ഏബൽ ബൈക്ക് സ്റ്റാർട്ടാക്കി അമ്മയെയും ഇരുത്തി പോകുന്നത് നോക്കി അവൻ ഒന്ന് നെടുവീർപ്പെട്ടു. ആ മഴക്ക് ഒരു ജീവഗന്ധം ഉണ്ടായിരുന്നു.
• • • • • • •
“ഡാ ആ പെണ്ണിനെ എനിക്കറിയാം.കഴിഞ്ഞ യൂണിവേഴ്സിറ്റി കലോത്സവത്തിന് അവൾക്കല്ലാർന്നോ കവിതാരചനക്ക് ഫസ്റ്റ് ” അവർ കോളേജ് വരാന്തയിലൂടെ നടന്ന് സംസാരിച്ചു.
“ആം അവള് തന്നെ ”
“നിനക്കൊരു കോപ്പും കിട്ടിയില്ലല്ലോ ”
“അതിന് ഞാൻ പങ്കെടുത്തില്ലല്ലോ,എന്റെ വല്യമ്മ മരിച്ച സമയല്ലേ ”
“അല്ലെങ്കിൽ ഇപ്പോ ഒലത്തിയേനെ ”
“ഒന്ന് പോടാ” ഏബൽ ഒരു നിമിഷം എന്തോ ചിന്തിച്ചു” അവളൊരു നല്ല കുട്ടിയാ
“അല്ലാ അവളെങ്ങനെ നിന്റെ അടുത്ത് വന്നുപെട്ടു ”
“നമ്മുടെ ആൽഫിയില്ലേ, പ്ലസ്ടുന് പഠിച്ച, അവർ ഇപ്പൊ ഒരുമിച്ചാ”
“ആ അതെനിക്കറിയാം, ഹിസ്റ്ററി ”
“ആ അവൾ എന്നെപ്പറ്റി പറഞ്ഞിട്ടുണ്ടെന്ന്. പിന്നെ നേരത്തെ കണ്ടിട്ടുണ്ടെടാ, കോളേജ് ഡേയുടെ അന്നൊക്കെ. മിക്കവാറും വൈകുന്നേരം ലൈബ്രറിയിൽ വെച്ചും കാണും ”
“ഓഹ് അപ്പ അങ്ങനാണ്, എന്നിട്ട് ഞാൻ ലൈബ്രറിയിൽ കാണാറില്ലല്ലോ ”
“അതിന് നീ ലൈബ്രറി കണ്ടിട്ടുണ്ടോ ”
“ഒന്ന് പോടാ. എന്നിട്ട് ഇന്നലെ ലൈബ്രറിയിൽ എന്നാർന്നു പരിപാടി ”
“അവളുടെ ഒരു കവിതയ്ക്ക് നിറം ചാർത്തി കൊടുക്കുവോന്ന് ചോദിച്ചു”

“എന്നിട്ട് കൊടുത്തോ” അമൽ അത്ഭുതത്തോടെ ഏബൽനെ നോക്കി ചോദിച്ചു.
ഒരു പുഞ്ചിരിയിൽ അവൻ അവിടെ നിശബ്ദത വിതറി. അവൻ അന്നും വിഷാദം കലർന്ന കണ്ണുകളോടു കൂടിയ ആ പെൺകുട്ടിയെ കണ്ടു. അവൾ എഴുതിയ കാവ്യം ഒരു കറുത്ത വരയായി അവന്റെ വിരലുകളിലൂടെ തെന്നി നീങ്ങി. ഒരു അമൂർത്ത ചിത്രം അവൻ അന്ന് അവിടെ ഇരുന്ന് പൂർത്തിയാക്കി.
• • • • • • •
“ഡാ വരണില്ലേ, ഇറങ്ങ് ” ഫോൺ സ്ക്രീനിന്റെ മുകളിൽ നിന്ന് തുരുതുരെ വന്ന മെസ്സേജുകൾ ഏബൽ തട്ടി മാറ്റി. കാൾ വരുന്നത് കട്ടും ചെയ്തു.അമലിന്റെ മെസ്സേജുകൾ അക്ഷരങ്ങളുടെയും ശബ്ദത്തിന്റെയും രൂപത്തിൽ വന്നുകൊണ്ടിരിന്നു. ഏബൽ ഫോൺ ഓഫ്‌ ആക്കി കുറച്ച് നേരം തന്റെ മുറിയിൽ കസേരയിൽ ചാരി കിടന്നു,എന്നിട്ട് എഴുന്നേറ്റു. അരമുക്കാൽ മണിക്കൂർ ദൂരമുണ്ട് അവന് മന്താടിയിലുള്ള ലൈബ്രറിയിലേക്ക്. മഴ തോർന്നിരിക്കുകയാണ്. ഒരു കുടയും കയ്യിൽ പിടിച്ച് അവനിറങ്ങി.
“എങ്ങോട്ടാ” മുറ്റത്തിനു താഴെ വീണുകിടന്ന തേങ്ങാ കുലുക്കിക്കൊണ്ട് അപ്പൻ ചോദിച്ചു.
“ലൈബ്രറി വരെ ”
“വണ്ടി എടുക്കണില്ലെ” ചാക്കോച്ചേട്ടൻ സംശയത്തോടെ ചോദിച്ചു.
“ഇല്ല നടന്നോളാം” അവൻ നടന്ന് നീങ്ങുന്നതും നോക്കി അയാൾ അവിടെ നിന്നു.
മഴക്ക് ശേഷം പ്രകൃതി ഒരു പ്രത്യേക നിറം സ്വയം രൂപപ്പെടുത്തി എടുത്തിരുന്നു. ചില്ലിട്ട ക്യാൻവാസ് ചിത്രം തുടച്ചെടുത്തതുപോലെ. ചുറ്റുമുള്ളവയ്ക്കെല്ലാം നിറം ചാർത്തി മഴ കടന്നു പോയതുപോലെ. ഒരു കുളിർമയും വൃത്തിയുള്ള പ്രകാശവും അവനനുഭവപ്പെട്ടു. പക്ഷെ ആ മനസ്സ് മന്ദതയിലായിരുന്നു, ആ നിമിഷങ്ങൾ ശബ്ദരഹിതവുമായിരുന്നു. നനഞ്ഞ മണ്ണിൽ അവന്റെ ചവിട്ടടികൾ അമരുന്ന ശബ്ദം നേർത്തു കേൾക്കാം.
• • • • • • •
റീത്തയ്ക്ക് ഏബൽ അവളുടെ ആരൊക്കെയോ ആയി പ്രതിഫലിച്ചു. ആദ്യമാസങ്ങളിൽ കോളേജ് ലൈബ്രറിയിൽ ഒതുങ്ങി നിന്നിരുന്ന കണ്ടുമുട്ടൽ മറ്റൊരു പബ്ലിക് ലൈബ്രറിയിലേക്കും മാറി. അവരുടെ കണ്ടുമുട്ടലുകൾ ആർക്കും ഒരു രഹസ്യവുമായിരുന്നില്ല. കാലം അവൾക്കായി എല്ലാം വഴിതെളിച്ചു കൊടുത്തു. അവരെപറ്റി അറിഞ്ഞവർക്ക് അവർ ഒരത്ഭുതമായി. മോക്ഷം തേടുന്ന ആത്മക്കളെ പോലെ വിഷാദമായിരുന്നു അവളുടെ രചനകൾ, അവൻ അവയ്ക്ക് നിറപ്പകർച്ച വരുത്തി ശരീരം നൽകി. പല സാഹിത്യമാസികകളിലും പ്രസിദ്ധീകരണങ്ങളിലും അവ സ്വീകരിക്കപ്പെട്ടു. ആ പുസ്തകങ്ങൾക്കുള്ളിലും അവ തേങ്ങലുകൾ ഉയർത്തി. ആ തേങ്ങലുകളുടെ ഒലി നാലു വർഷങ്ങൾക്ക് ശേഷവും പലരിലും അവശേഷിക്കുന്നു.
റീത്ത അവളുടെ ആന്റിയുടെ വീട്ടിൽ നിന്നാണ് കോളേജിൽ പോയി വരുന്നത്. സ്വന്തം വീട് കുറച്ചകലെയാണ്. മറ്റു പല കാരണങ്ങളാലും കൂടി അവൾ ഇവിടെ നിന്ന് പഠിക്കുന്നു. മാന്താടിയിലുള്ള ലൈബ്രറിയിലേക്ക് അവൾക്ക് മൂന്ന് കിലോമീറ്ററോളം ദൂരമുണ്ട്. കോളേജ് ഇല്ലാത്ത ദിവസങ്ങളിൽ അവളുടെ ആന്റി അവളെ ലൈബ്രറിയിൽ എത്തിച്ചു. ആർക്കും ഒരു ചോദ്യവും അവശേഷിച്ചിരുന്നില്ല. അവശേഷിച്ചവയൊക്കെ അസഹനീയമായ ചിന്തകൾ മാത്രം.
അന്ന് അവർ കാല്പനികതയിലാണ് ജീവിച്ചത്. തനിക്ക് അപ്പോൾ ലഭിക്കുന്ന സന്തോഷത്തെ തന്റെ ഭൂതകാലത്തോട് ചേർത്ത് അവൾ വിഷാദമോഹനമായ കവിതകൾ രചിച്ചുകൊണ്ടിരുന്നു, അവൻ അവയ്ക്ക് തന്റെ ചിത്രങ്ങളിലൂടെ പൂർണത നൽകി. അവൻ അവളെ സ്നേഹിച്ചു.
“ഇന്നലെയും മിനിഞ്ഞാന്നും എവിടാരുന്നു” ഏബൽ പെൻസിൽ ഒരു പേപ്പറിൽ ചലിപ്പിച്ചുകൊണ്ട് ചോദിച്ചു.
“പനിയാരുന്നു” അവൾ അവൻ വരയ്ക്കുന്നത് നോക്കി പറഞ്ഞു.
“ഞാൻ വിളിച്ചിട്ട് ഫോൺ എടുത്തില്ലല്ലോ ”
“പനിയായിരുന്നല്ലോ ”
അവൻ അവളെ നോക്കി. നാളുകൾ കഴിയുന്തോറും ആ കണ്ണുകളിലെ വിഷാദം കനച്ചു വരുന്നു. അവൾ പഴയതിലും ക്ഷീണിച്ചിട്ടുണ്ടെന്ന് അവൻ ശ്രദ്ധിച്ചു.
“എനിക്കമ്മയില്ല ” ഏബൽ അവളെ നോക്കി
“ഞാൻ ജനിച്ചപ്പോൾ മരിച്ചു ” “എന്നോടിതുവരെ പറഞ്ഞില്ലല്ലോ?”
“ഇവിടെ ആരോടും പറഞ്ഞിട്ടില്ല, പറയുമ്പോൾ ഉള്ള സഹതാപം കാണാൻ വയ്യ.പപ്പായ്ക്കും വയ്യ.ഒരു കാലിന് ശേഷി ഇല്ല. ആർമിയിൽ വച്ച് ഒരാക്‌സിഡന്റ് ഉണ്ടായതാ.” അവൾ പെട്ടന്ന് പറഞ്ഞു നിർത്തി. ഏബൽ ഒന്നും മിണ്ടിയില്ല,അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു. അവൾ ഉടനെയൊരു പേപ്പർ ബാഗിൽ നിന്നെടുത്ത് അവന്റെ നേരെ നീട്ടി. “വായിച്ചിട്ട് പറയുവോ ”
വിഷാദം നിറഞ്ഞ ആ കണ്ണുകൾ തിളങ്ങി. അവളെ ഒന്ന് കെട്ടിപ്പിടിച്ച് ആശ്വാസിപ്പിക്കാണമെന്നവന് അപ്പോൾ തോന്നി. ഒരു തോന്നൽ മാത്രമായിരുന്നു അത്.

“ഇടിയോ? ഭൂമി അടിമുതൽ പെര മുഴുവൻ കുലുങ്ങി വിറച്ചുള്ള ഇടിയല്ലാരുന്നോ” അമ്മ ആരോടോ ഫോണിൽ സംസാരിക്കുന്നത് ഏബൽ മുറിയിൽ ഇരുന്ന് കേട്ടു. പെയ്തൊഴിഞ്ഞ മഴയ്ക്ക് ശേഷം അന്തരീക്ഷം വിറച്ചിരിക്കുകയാണ്. കറന്റും പോയി. അവൻ തിരിയുടെ വെളിച്ചത്തിൽ ആ കടലാസ് തുറന്ന് നോക്കി. വായിച്ചു. മടക്കി. തുറന്നു, വീണ്ടും വായിച്ചു, വീണ്ടും വീണ്ടും വായിച്ചു.

[ “പ്രണയം ഇന്നുവരെയും എനിക്ക്
ഒരു കല്പനയാണ്.
തികഞ്ഞ ഭ്രമാത്മകമായ ഒരു
ഭാവനാശക്തി.
ഉൾക്കിടിലം കൊള്ളിക്കുന്നതും
രോമകൂപങ്ങൾക്ക് ഉണരാൻ തക്ക
കെല്പ് കൊടുക്കുന്നതുമായ തന്മയത്വ-
മാർന്ന ഒരു പ്രണയം അറിയാനും
അനുഭവിക്കാനും കഴിഞ്ഞിട്ടില്ല
ഇതുവരെ………..” ]

ഒരു ശനിയാഴ്ച വൈകുന്നേരം മാന്താടി ലൈബ്രറിയിൽ കാലത്തിന്റെ ഇരട്ടകളുടെ വികൃതികൾ ഒരു ജനലിലൂടെ നോക്കി അവർ ഇരുന്നു.
“ചില സത്യങ്ങൾ നമുക്ക് ഒരിക്കലും സ്വീകരിക്കാനാവില്ല ഏബലെ . ഞാൻ എന്നും ഭയപ്പെട്ടത് ഞാൻ സ്നേഹിക്കുന്നവരും എന്നെ സ്നേഹിക്കുന്നവരും എനിക്ക് മുൻപേ മരിച്ചുപോകുന്നതാണ്. ഇതുവരെ സംഭവിച്ചതെല്ലാം ആ ഭയത്തിന്റെ പൂർണ്ണത ആയിരുന്നു.” റീത്ത അവന്റെ കൈകൾ കോർത്തിരുന്നു. പുറത്ത് ഇടിയും മഴയും തിമിർത്ത് കളിയാടി നടന്നു.
“എനിക്കൊരു ചേട്ടൻ ഉണ്ടാരുന്നു” അവൾ കുറെ നേരം പിന്നെ ഇരുന്ന് എന്തോ ആലോചിച്ചു,എന്നിട്ട് പറഞ്ഞു. “എന്റെ ഭയം അവിടുന്നാണ് ആരംഭിച്ചത്.”
“എന്തു പറ്റി? ” ഏബൽന് എന്ത് ചോദിക്കണം എന്നറിയില്ല, എങ്ങനെ ആശ്വാസിപ്പിക്കണം എന്നുപോലും.
“തടയാനാവാതെ വന്ന ഒരു രോഗം. എനിക്ക് അന്ന് ആറ് വയസ്സ്. അവനും ഒരു ചിത്രകാരനായിരുന്നു. നിന്നെപ്പോലെ. അവൻ അന്ന് വരച്ചതെല്ലാം പപ്പാ ഫ്രെയിം ചെയ്ത് വച്ചിട്ടുണ്ട്. അവൻ അത് തന്നിട്ട് പോയി എന്ന് പപ്പാ പറയും.” അവൾ വിതുമ്പി. അവൻ അവളെ തന്റെ അടുക്കലേക്ക് ചേർത്തിരുത്തി. നിശബ്ദതയുടെയും ചിന്തകളുടെയും അൽപനിമിഷങ്ങൾ.
ആ മഴ പെയ്തൊഴിയാതെ നിന്നു. ഇരുവരും കാത്തിരിന്നു. അത് കടന്ന്പോയത് തമസ്സെന്ന ഋതുമതിയെ ഏല്പിച്ചിട്ടാണ്.അവളുടെ സൗന്ദര്യാധിക്യം കണ്ണുകളെ അന്ധതയിൽ ആഴ്ത്തി. റീത്തയുടെ ആന്റി ലൈബ്രറിയുടെ താഴെ കാറുമായി കാത്തിരിപ്പുണ്ടായിരുന്നു. അവരുടെ കാൾ വന്നപ്പോൾ അവൾ താഴെയ്ക്ക് ഇറങ്ങി. ഏബൽ മുകളിൽ വരാന്തയിൽ തന്നെ നിന്നു അവൾ നടന്ന് നീങ്ങുന്നതും നോക്കി. അവൾ ഏബലിനെ ആന്റിക്ക് ചൂണ്ടിക്കാണിച്ചു, അവർ അവന്റെ നേരെ നോക്കി പുഞ്ചിരി തൂകി. ശേഷം ആ വണ്ടിയും നിശബ്ദമായി കടന്നുപോയി.

[“….പ്രണയത്തിനുള്ളിൽ നിലകൊള്ളുന്ന ഇഛയും, ലാളനയും തൂവൽ സ്പര്ശനങ്ങളും, നിറമാർന്ന ജല്പനങ്ങളും എല്ലാം അറിഞ്ഞത് ഭാവനകളിലൂടെ-
യാണ്.
സർഗ്ഗശക്തിയിൽ ലയിച്ച പൂർണ്ണത കൈക്കൊണ്ടിട്ടില്ലാത്ത പ്രണയമാണത്. യാഥാർഥ്യത്തിനും സങ്കൽപ്പത്തിനുമിടയിൽ കലർന്നു ജീവിക്കാൻ ഒരു പൂതി.
ആ ഒരവസ്ഥയിൽ തികവുറ്റു നിൽക്കുന്ന
ഒരു പ്രണയം ഉണ്ടായിരിക്കണം.
അവിടെ പ്രണയം എന്നത് വെറും
വാക്കുകളിലും പക്വമായ പ്രവൃത്തികളിലും
ഒതുങ്ങുന്നത് ആയിരിക്കരുത്.
കളങ്കമില്ലാത്ത ശിശുസഹജമായ
പ്രണയം.
അതാണ് ഭാവനാത്മകമായ പ്രണയം.
അവിടെ പ്രേമസല്ലാപങ്ങൾ ഉണ്ട് പ്രണയഗീതങ്ങൾ മുഴക്കുന്ന
അശരീരികൾ ഉണ്ട്, പ്രണയസക്തി നിറഞ്ഞ വിരഹികളായ ആത്മാക്കളും
ഉണ്ട്…………. “]

അവൻ പേപ്പർ മടക്കി ടേബിളിൽ വച്ചു, എന്നിട്ട് ഇയർഫോൺ കുത്തി കിടക്കയിൽ കിടന്നു. അതിൽ നിന്നും ഒരു ഗാനം മുഴങ്ങി. ‘ഹു ആം ഐ ഡാർലിംഗ് ടു യു,
ഹു ആം ഐ, ഗോയിങ് ടു ടെൽ യു സ്റ്റോറീസ് ഓഫ് മൈൻ. ഹു ആം ഐ. ‘
അരികിൽ ഒരു ക്യാൻവാസിൽ ചില വർണ്ണങ്ങൾ താളമിട്ടു. അവൻ കാത്തിരുന്നു, പ്രവചനതീനനായ ദീർഘദർശിയായ മറ്റൊരു നാളെയെ.

അവളുടെ രചനകളിൽ മങ്ങി നിന്നിരുന്ന വിഷാദം വളരെ പെട്ടന്ന് തെളിഞ്ഞു മുഴങ്ങുന്നതായി ഏബലിന് തോന്നി.

(“ശരീരത്തിൽ ഒരു നോവ് നീറുകയാണ്
വേദനകളെ വിട്ടൊഴിയുവാൻ
ദേഹം സമ്മതിക്കുന്നില്ല.
പൂർണതയുള്ള ശരീരം
അഹന്തയുള്ള മനസ്സിനെ
സൃഷ്ടിക്കാൻ കെൽപ്പുള്ളതാണ്.
അതിനാൽ ഈ പീഡകളെ ഞാൻ
സ്നേഹിക്കുന്നു. “)

“നീ ഇന്നലെ എവിടാർന്നു. നിനക്ക് എന്താണ് ശെരിക്കും പറ്റിയത്, ഭയങ്കര ഡിപ്രെഷനൈസ്ഡ് ആണല്ലോഎഴുത്തെല്ലാം ഇപ്പൊ” കോളേജിന്റെ വരാന്തയിൽ നിന്നവൻ ചോദിച്ചു. കൂടെ അമലും നിന്നിരുന്നു.
“വയ്യ ഏബലെ, ഇതൊന്നും ശെരിയല്ല. മനസ്സ് ഭാവനകളിൽ കിടന്ന് ഉഴലുയാണ്. യാഥാർഥ്യത്തിലേക്ക് എത്താൻ മനസ്സിനും ബുദ്ധിക്കും താല്പര്യം ഇല്ലാത്തതുപോലെ. ഞാൻ വലിയ തെറ്റാണ് ചെയ്യുന്നത് ”
“എന്ത് ശെരിയല്ലന്ന്.എന്താണ് ഇതിൽ തെറ്റ് “അവൾ അവന്റെ കയ്യിലെ പിടിവിട്ട് ഇറങ്ങി നടന്നു. ആ കണ്ണുകൾ നിറഞ്ഞൊഴുകി.
“റീത്താ” അവൻ വിളിച്ചു. അവൾ തിരിഞ്ഞുനോക്കാതെ നടന്നു.
അമൽ അവനെ സംശയത്തോടെ നോക്കി, “എന്തളിയാ വഴക്കുണ്ടായോ? ”
“എന്തിന്, അവൾ ചുമ്മാ ഡിപ്പ്രെസെഡ്‌ ആണ്. എഴുതിയിരിക്കുന്നത് കണ്ടോ ”
അമൽ വായിച്ചുകൊണ്ടിരുന്നു.

ഏബൽ പറഞ്ഞു “നമ്മുടെ ഈ ജീവിതത്തിന് ഒരു സ്വഭാവം ഇല്ലളിയാ. ഏതോ ഭ്രാന്തിനുള്ളിൽ പെട്ടു പോയതുപോലെ ”
അമൽ തലയുയർത്തി പെയ്യാൻ തുടങ്ങിയ മഴയിലേക്ക് നോക്കി അവനും പറഞ്ഞു.

“ഭ്രാന്ത് തന്നാണ് ഏബലെ. ഈ ലോകത്ത് നടക്കുന്നതെല്ലാം ഓരോരുത്തരുടെയും വിഭ്രാന്തിയുടെ ഫലമാണ്. ഓരോ തരത്തിലുള്ള ഓരോ ആളുകളുടെയും വിഭ്രാന്തി. ” ഒരു ദുഃഖം മഴയായി അവർക്കനുഭവപ്പെട്ടു. അവർ ഇറങ്ങി നടന്നു. അറിഞ്ഞു ആ ജലകണങ്ങളുടെ കുളിരിനെ. അവയ്‌ക്കൊരു ജീവഗന്ധം ഉണ്ടായിരുന്നു. ജീവനുള്ളവയ്ക്കും വിധിക്കപ്പെട്ടവയ്ക്കും പകരാനുള്ള ഗന്ധം.

[“…..അവിടെ ഓരോ സ്പര്ശനങ്ങളും
തലോടലുകളും പ്രണയാതുരമായ
ഉണർത്തലുകളാണ്.
പ്രണയം ഉണർന്നു ചലിക്കണം.
ഇണചേർന്ന് പറക്കുന്ന രണ്ടു
തൂവലുകൾ പോലെ………….. “]

അന്ന് രാത്രിയിൽ തന്റെ ഛായക്കൂട്ടുകളാൽ അവൻ ഒരു ചിത്രം നിർമ്മിച്ചെടുത്തു. തന്റെ കൃഷ്ണമിഴികൾക്കു എത്തിപ്പിടിക്കുവാൻ സാധിക്കാത്ത മൂകമായ ശൂന്യതയിൽ അവൻ നോക്കിക്കണ്ട ഒരു വർണ്ണപ്പകിട്ട്.
താൻ ആഗ്രഹിക്കുന്ന പ്രണയത്തിന് ആ ചിത്രത്തിലൂടെ അവൻ ജീവൻ കൊടുത്തു. അതിൽ അവരുടെ മുഖം മങ്ങിക്കിടപ്പുണ്ടായിരുന്നു.

(“നയനാസുഭഗമായ പ്രകാശ-
പൂർണ്ണമായ ലോകം കണ്ട്
ഉണർന്ന നാളുകളെ ഇന്ന്
ഓർമ്മയില്ലാതായി “) അവൾ എഴുതി.

“ഞാൻ ആഗ്രഹിച്ചത് സ്നേഹമായിരുന്നു. എനിക്ക് ആരിൽ നിന്നൊക്കെയോ നഷ്ടപ്പെട്ട സ്നേഹം. ചിലർ പ്രതിഫലത്തിനായി സ്നേഹം നടിച്ചു. ഒന്നും ചോദിക്കാത്തത് നീ മാത്രമാ.എന്റെ സങ്കടങ്ങൾ പോലും നീ മുതൽക്കൂട്ടാക്കിയില്ല.” ഏബൽ കോളേജിന്റെ നടയിൽ ഇരുന്ന് അവളെ കേട്ടിരുന്നു. പലരും അവരെ കടന്ന് നട ഇറങ്ങുന്നുണ്ടായിരുന്നു. അമൽ അവനെയും കാത്ത് ബസ് സ്റ്റോപ്പിൽ നിന്നു. ഏബൽ അവളുടെ കണ്ണുകളിലേക്ക് നോക്കി. അതിൽ നിറയെ ചിത്രങ്ങളാണ്. വർണ്ണം ചാലിക്കാത്ത ചിത്രങ്ങൾ. അവൾ കഴിഞ്ഞ തന്റെ കാലയളവിന് അപ്പുറത്തേക്ക് സഞ്ചരിച്ചു. ആ ഇന്നലെകൾ ഇന്നിന്റെ ആവലാതികൾ ആയിരുന്നു.

“പതിമൂന്ന് വയസ്സ് വരെ എന്നെ വളർത്തിയത് പപ്പേടെ അമ്മയാ,പിന്നെ അതും അവസാനിച്ചു,ഞാൻ തനിച്ചായി. ദൈവത്തെയും വിധിയെയും പഴിച്ച് എന്റെ പപ്പാ ജീവിച്ചു. പിന്നെ ഞാൻ കണ്ടത് പ്രതിഫലം ആഗ്രഹിച്ച സ്നേഹങ്ങളായിരുന്നു. ഞാൻ പത്തിൽ പഠിക്കുമ്പോൾ.. ” അവൾ അവിടെ ഒരു തുടർച്ചയില്ലാതെ അൽപനേരം നിന്നു, ശേഷം പറഞ്ഞു
“ഐ അൽമോസ്റ് ഗോട്ട് റേപ്പ്ഡ്.പിന്നെ സ്നേഹമെന്ന വികാരത്തെ വിശ്വസിക്കാൻ എനിക്കായില്ല ഏബലെ. അതാ ഞാൻ ഒന്നും പറയാതിരുന്നെ. ഇത് നിനക്കല്ലാതെ ആർക്കും അറിയില്ല.” ഒരു യുഗത്തിന്റെ വേദന തന്നിൽ നിന്ന് ഒഴിഞ്ഞു പോയതുപോലെ അവൾക്ക് തോന്നി. “സ്ത്രീകൾ അഗ്നിപോലെയാണ്. എത്ര ആളിക്കത്തിയാലും അണയ്ക്കാൻ സാധിക്കും. കാരണം അവർക്ക് പരിമിതികൾ ഏറെയാണ്. അതിൽ ഏറ്റവും ശക്തമായത് സ്നേഹവും.അതാണ് എന്നെയും തോൽപ്പിച്ചതും എനിക്ക് നിഷേധിക്കപ്പെട്ടതും. ” ഒരു കാറ്റ് അവളെ ആശ്വസിപ്പിക്കുവാനെന്നോണം കടന്നുപോയി. ഉണങ്ങി മരിച്ച ഇലകൾ അതിനെ അനുഗമിച്ചു. ഏബൽ തന്റെ കൈക്കുള്ളിൽ അവളുടെ കൈകൾ ചേർത്തു പിടിച്ച് പറഞ്ഞു
“കടന്നു പോകുവാൻ കഴിയാത്ത പരിമിതികൾ ഇല്ല റീത്ത അതുപോലെ ആർക്കും അണയ്ക്കാൻ കഴിയാത്ത അഗ്നിയാണ് യഥാർത്ഥമായ സ്നേഹം ”
ആരൊക്കെയോ അവരെ കടന്നുപോയി. പക്ഷെ അവർക്ക് ചുറ്റും വിരിഞ്ഞത് നിശബ്ദത മാത്രമാണ്. സ്നേഹത്തെ രുചിക്കുന്ന നിശബ്ദത. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.ഏബലിന് ഒന്നും ചോദിക്കുവാൻ ഉണ്ടായിരുന്നില്ല, എന്നത്തേയും പോലെ. അവൻ ഹൃദയത്തിൽ ചാലിച്ച സ്വപ്നംകൊണ്ട് വരച്ച ചിത്രങ്ങൾക്ക് പല നിറങ്ങളും നഷ്ടമായി തുടങ്ങിയിരുന്നു. അവൾ നാളെ തിരിച്ചു പോവുകയാണ്. അവനോട് പറയാതെ പറഞ്ഞ ഒരു വേദനക്ക് പരിഹാരം കണ്ടെത്താൻ. അവൻ ബാഗിൽ നിന്നും താൻ വരച്ച ചിത്രം അവൾക്ക് കൈമാറി. അവൾ കുറച്ചധികനേരം അത് നോക്കി ഇരുന്നു. അതിലൂടെ തന്റെ വിരലുകൾ ഓടിച്ചു.
“കേൾക്കുന്നില്ലേ? അവൾ മുഖമുയർത്തി നോക്കി.

വർണ്ണങ്ങളുടെ താളം, ചെവി കോർത്തു നോക്കൂ “അവൻ ചോദിച്ചു
” കേൾക്കാം അവ കരയുകയാണ് “അവൾ പറഞ്ഞു. “അവർ ജീവൻ കൊണ്ടത് വിഷാദമൂകമായ ഒരു കവിതയിൽ നിന്നാണ് ”
അവൾ കരഞ്ഞു അവനും.
“ഞാൻ പോവാ”റീത്ത എഴുന്നേറ്റു “ഇനി എന്നെ കാണാനൊന്നും വന്നേക്കല്ല്.എനിക്കിഷ്ടമല്ല. പക്ഷെ ഒക്കെ കഴിഞ്ഞ് ഞാൻ വരുമ്പോ ഇതിലും മനോഹരമായ ഒരു ചിത്രം വരച്ച് വച്ചേക്കണം. ”
അവർ നടയിറങ്ങി നടന്നു. അമൽ അവനെയും കാത്ത് ബസ്സ്റ്റോപ്പിൽ തന്നെ നിൽപ്പുണ്ടായിരുന്നു. മറുവശത്ത് കാറുമായി റീത്തയുടെ ആന്റിയും. അവൾ റോഡ് കടന്ന് നീങ്ങിയപ്പോൾ ഓടി ചെന്ന് കെട്ടിപ്പിടിച്ച് അവളെ ചുംബിച്ച് ‘എനിക്ക് നീയില്ലാതെ പറ്റില്ല’ എന്ന് പലകുറി കരഞ്ഞു പറയണമെന്ന് അവന് തോന്നി. അതൊരു തോന്നൽ മാത്രമായി അവന്റെ ഉള്ളിൽ വിതുമ്പി നിന്നു. അവൾ കാറിൽ കയറി അവനെ നോക്കി പുഞ്ചിരിച്ചു. ആ കണ്ണുകളിൽ പ്രണയത്തിന്റെ വർണ്ണങ്ങൾ അവൻ ദർശിച്ചു.
സാധാരണമെന്ന് തോന്നുന്ന നിമിഷങ്ങളിലാണ് ഏബലെ അസാധാരണമായത് സംഭവിക്കുക.അത് നമ്മൾ സ്വീകരിക്കുക തന്നെ വേണം. ” അമൽ അവനെ ആശ്വസിപ്പിക്കുവാനെന്നോണം പറഞ്ഞു.
“എന്താണ് സാധാരണ നിമിഷങ്ങൾ അമലേ” അവളുടെ ഒപ്പമുണ്ടായിരുന്ന നിമിഷങ്ങൾ എല്ലാം അവന് അസാധാരണമായിരുന്നു. അവിടുന്ന് അവൻ കാണുന്ന എന്തിനും ഒരു മങ്ങിയ നിറമായിരുന്നു.
• • • • • • •
[“………പ്രേമം ഗമിക്കേണ്ടത് അപക്വമായ മനോരഥത്തിലൂടെയും ഭൗതിക ഇച്ഛകളുടെ പൂർണതയിലൂടെയുമാണ്.
മനസ്സും ശരീരവും ഒരുപോലെ ഉരസ്സി മാറണം. വിയർപ്പുകണങ്ങളും പുളകം കൊണ്ട് നിൽക്കുന്ന രോമകൂപങ്ങളും അവയ്ക്ക് സാക്ഷിയാകും.
എങ്കിലും പ്രണയം അപൂർണ്ണമാണ്‌.
മനുഷ്യന്റെ ജീവിതം പോലെ.
അതനുഭവിച്ച് തീർക്കുവാനോ
പൂർത്തിയാക്കുവാനോ സാധിക്കില്ല.
കാരണം പ്രണയം നാമമില്ലാത്ത കുറെയധികം വികാരങ്ങളുടെ സംയോജനമാണ്. “]
• • • • • • • •
മെയിൻ റോഡിൽ നിന്ന് ഇടത്തേക്ക് കിടക്കുന്ന ഒരു പോക്കറ്റ് റോഡിനോട് ചേർന്നാണ് മാന്താടിക്കവലയിലെ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. ഏബൽ ഫോൺ എടുത്ത് സമയം നോക്കി അഞ്ച് അമ്പത്തിയഞ്ച്. വെളിച്ചതിനൊപ്പം ഇരുട്ടും കൂടിക്കലർന്ന് കിടക്കുന്നു. ഒരു കെട്ടിടത്തിന്റെ മുകൾ നിലയിലാണ് ലൈബ്രറി. അതിനോട് ചേർന്ന് ഒരു പേരമരം നനഞ്ഞു നിൽക്കുന്നു,കൂടെ പടർന്നുകയറിയ ഒരു പാഷൻഫ്രൂട്ട് ചെടിയും. കാറ്റ് തല്ലിപ്പറിച്ചിട്ട പാഷൻ ഫ്രൂട്ടുകൾ നിലത്ത് അങ്ങിങ്ങായി കിടക്കുന്നുണ്ടായിരുന്നു . ഏബൽ കെട്ടിടത്തിന്റെ പുറത്ത് വലതു വശത്ത് ചേർന്നിരിക്കുന്ന ചവിട്ടേറ്റ് നിറം മങ്ങി ക്ഷീണിച്ച ആ മരഗോവണി ചവിട്ടിക്കയറി.
ഏബലിനെ കണ്ടതും അമൽ വെളിയിലേക്ക് വന്നു.
“നീ വരൂല്ലന്നു ഞങ്ങൾ വിചാരിച്ചു.” ഈ ‘ഞങ്ങളെ’ ഏബൽ കണ്ണുകൊണ്ട് തിരഞ്ഞു. ലൈബ്രറിക്കുള്ളിൽ കുറച്ചുപേർ അങ്ങിങ്ങായി ഉണ്ട്. റീഡിങ് റൂം പിന്നിട്ട അവർ ബുക്ക്‌ ഹാളിലേക്ക് കയറി. ഷെൽഫുകളുടെ അവസാനനിരയിൽ ഒരു ജനലിനോട് ചേർന്ന് ഒരു മേശയും രണ്ട് കസേരയും കിടപ്പുണ്ട്. അത് ഏബലിന് അപരിചിതമല്ല.പലപ്പോഴായി റീത്തയുടെ ഒപ്പം ജനലിനരികിൽ വെളിയിലേക്ക് നോക്കി ഇരുന്നിട്ടുണ്ട്. അവർ ലൈബ്രറി ഹാളിലേക്ക് കയറിയതും ഒരു സ്ത്രീ അടുത്തേക്ക് വന്നു.
“ഡാ ഇത് റീത്തയുടെ ആന്റിയാ, നീ ഓർക്കുന്നില്ലേ.” അമൽ പരിചയപ്പെടുത്തി.
“മ്മ്മ് അറിയാം.”അവൻ അമലിനോട് തന്നെ പറഞ്ഞു. ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കാൻ അവൻ എന്തുകൊണ്ടോ ഭയപ്പെട്ടു.
“ഏബൽ ഇത് റീത്ത ഇവിടുന്ന് പോയ ശേഷം എഴുതിയ കവിതകളൊക്കെയാ.” അവർ ബൈൻഡ് ചെയ്ത കുറെ പേപ്പർ അവന്റെ കയ്യിൽ വച്ച് കൊടുത്തു, ശേഷം പറഞ്ഞു. “ഇവിടുത്തെ ലൈബ്രറിയുടെ ജൂബിലി ആഘോഷമല്ലെ, ഇവർ റീത്തയുടെ രചനകൾ പ്രസിദ്ധീകരിക്കാം എന്ന് പറഞ്ഞു വന്നിരുന്നു” അവൻ അതുമായി പിന്നെ മുന്നോട്ട് നീങ്ങി. ഷെൽഫുകൾ പിന്നിട്ട് അവസാനനിരയിൽ എത്തി. ആ ജനാലയ്ക്കരുകിൽ കണ്ട രൂപം അവനിൽ അസാധാരണമായ ഒരസ്വാസ്ഥ്യം സമ്മാനിച്ചു. റീത്ത അവനെ നോക്കി പുഞ്ചിരിച്ചു. നാലു വർഷം മുൻപ് ആദ്യം കണ്ട അതേ ചിരി. അവൻ അടുത്ത് ചെന്ന് കസേര വലിച്ച് മുഖത്തോട് മുഖം നോക്കി ഇരുന്നു.
“ഇതെല്ലാം ഏബൽനെ തന്നെ ഏൽപ്പിക്കണമെന്ന് അവൾക്ക് നിർബന്ധമായിരുന്നു. അവൻ ഇതിന് ചിത്രങ്ങൾ വരച്ചാലേ ഒരു ഭംഗി ഉണ്ടാവൂളന്നൊക്കെ അവൾ അവസാനം ഇടക്കിടക്ക് പറയും .ആ സമയത്ത് എഴുത്ത് മാത്രമായിരുന്നു.അവൾടെ ചേട്ടന്റേം അമ്മേടേയും അതെ അസുഖം.കുറെ വർഷം എന്തിനോ അവൾ പിടിച്ചു നിന്നു.” ആന്റി അമലിനോട് സംസാരിച്ചു നിന്നു.
“അവൻ ഇപ്പൊ അങ്ങനെ വരയ്ക്കാറില്ല ആന്റി, കുറെ മാറി പോയി” അമൽ അൽപനേരം എന്തോ ആലോചിച്ചുനിന്നിട്ട് പറഞ്ഞു “എന്നാലും ശ്രമിക്കാം” “ഫ്യുണറലിന് എന്തെ ആരും വരാതിരുന്നേ” ആന്റി ചോദിച്ചു
“ഞാൻ വരാനിരുന്നതാ ആന്റി, പക്ഷെ അവനിവിടെ അവൾ വരും എന്നൊക്കെ പറഞ്ഞ്..” അമൽ പിന്നെയൊന്നും പറഞ്ഞില്ല. ഒരു സങ്കടത്തിന്റെ മൗനം ആ നിമിഷത്തെ അരിച്ച്തിന്നുതുടങ്ങി.

“ഏബൽ ” റീത്ത വിളിച്ചു
“ആ ” ഒരു സ്വപ്നത്തിലെന്നപോലെ അവൻ ഞെട്ടി, ആ കവിതകളിൽ അവന്റെ വിരലുകൾ തുഴയെറിഞ്ഞു.
“ഞാൻ അന്ന് പറഞ്ഞ ചിത്രം വരച്ചോ ”
“വരച്ചു ”
“എന്നിട്ടെന്തിയെ ”
“എന്റെ ഹൃദയത്തിലാ ”
അവൾ ചിരിച്ചു “എന്നെ കാണിക്കുവോ ”
“നിനക്ക് മാത്രമേ അത് കാണാൻ കഴിയൂ, ദാ ഇതൊക്കെ നിനക്കുവേണ്ടി വരച്ചതാ. ഇതിൽ ഒരെണ്ണം അന്ന് നീ പറഞ്ഞതും ”
റീത്ത നോക്കി “ഇതെന്താ കാളയോ ”
അവൾ അത്ഭുതത്തോടെ ചോദിച്ചു
“അത് പിക്കാസോയുടെ കാള”
“ഇതോ ”
“അത് രമണൻ ആഗ്രഹിച്ച ജീവിതം ”
“മുന്തിരിച്ചാറ് പോലത്തെ? ” അവൾ ചിരിച്ചു “അതെ “.
“നിനക്ക് വട്ടായോ ” അവൻ പുഞ്ചിരി തൂകി
“ഇതോ? ഇത് ഞാനല്ലേ? “അവൾ പറഞ്ഞു
“അതെ ”
“ഇത് നീയും”
“മ്മ്മ് ”
നമ്മൾ എന്തെടുക്കുവാ ”
“നമ്മൾ സ്നേഹിക്കുകയാണ് ”
അവൾ ചിരിച്ചു, അവനും.
• • • • • • • •
‘കവിതപോലെ വന്നൊരു കാമുകി. അവൾ നിറം പകർന്ന കിനാവുകൾ. അവ തന്റെ ഹൃദയത്തിൽ നിറങ്ങൾ ചാലിച്ച് അവൻ കോറിയിട്ടു. അതൊരു അജ്ഞാതചിത്രമായി ഇന്നും നിലകൊള്ളുന്നു’
………………………………………………………….

ചിന്തനം

*ചിന്തനം*
ആരാണ് നിങ്ങൾ ?ആരൊക്കെയാണ് ഇവർ ?ഇവർക്ക് ആരാണ് ഞാൻ ?
ചെറുതായി പെയ്യുന്ന മഴയുടെ തണലിൽ ,ഈറൻ കാറ്റുമടിച്ച് പാടവരമ്പുകളുടെ ഇടയിലൂടെ വളരെ വേഗം നീങ്ങുന്ന ഒരു ട്രെയിൻ യാത്രയിൽ തോന്നിയ ഒരു കാര്യം .എന്റെ കൂടെ യാത്ര ചെയ്യുന്നവർ ആരാണ് ?എനിക്ക് അവർ ആരാണ് ?
ഏകാന്തതയാണ് പല ചിന്തകളുടെയും ഉറവിടം .ഈ നനുത്ത കാലാവസ്ഥയിൽ ഉള്ള സഞ്ചാരം എന്റെ ചിന്തകളുടെ ആഴങ്ങളെ ഉണർത്തി .
പാൻട്രികാറിൽ നിന്ന് നല്ല ആവി പറക്കുന്ന ചിക്കൻ ബിരിയാണിയുടെ മണം .
ആ ഗന്ധത്തെ ആസ്വദിച്ച് ഞാൻ കുറച്ചു നേരം ഇരുന്നു .കുറെ കറുത്ത യൂണിഫോം വസ്ത്രധാരികൾ നീല പ്ലാസ്റ്റിക് പെട്ടികളുമായി ഭക്ഷണം വിതരണം ചെയ്യാൻ നടക്കുന്നു .
ആരാണ് ഇവർ ?
ഈ ചോദ്യം നാം ആദ്യം ചോദിച്ചിരിക്കുക സ്വന്തം അമ്മയോടാവും .പിന്നിട്ട് പോകുന്ന ജീവിത വഴിത്താരകളിൽ കണ്ടുമുട്ടുന്ന പലരെയും സംശയത്തോടെ നോക്കി നിൽക്കുന്ന ,ചിന്തകളെ താലോലിക്കാൻ തുടങ്ങുന്ന ,ചിന്തിക്കാൻ ആരംഭിക്കുന്ന കുട്ടി ,
“അമ്മേ ആരാ ഇത് ?”
എന്നാൽ കാലം ചിന്തകളെ തേയ്ച്ചു മായ്ച്ചു കൊണ്ടിരിക്കുന്ന ആ അമ്മയുടെ മനസ്സിൽ ഒരു ഉത്തരമേയുള്ളൂ ‘അപരിചിതർ’.
ഒരു പരിചയവും ഇല്ലാത്തവർ .ഞാനും ഇവരും അതുപോലെയാണ് ഇതുവരെ കണ്ടിട്ടില്ലാത്തവർ ,ഇനി കാണാൻ ഇടയില്ലാത്തവർ .പക്ഷെ ഈ മനുഷ്യരും ഒരു സത്യമാണ് .

എന്റെ ചിന്ത എന്നെ വീണ്ടും വലയ്ക്കുന്നു .
‘ഇനി ഞാൻ സത്യമാണോ?’
ഇതെല്ലം ചിന്തിച്ചു കൂട്ടുന്ന ഞാൻ മിഥ്യ ആണെങ്കിൽ ഇവരും മിഥ്യ ആണ് .ഈ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ട്രെയിനും മിഥ്യയാണ് .ചിന്താശേഷിയുള്ളവർ ചിന്തിക്കേണ്ടതാണിത് .നാം സത്യമാണോ മിഥ്യയാണോ .ഈ കാണുന്ന ലോകം ഉണ്ടോ ?ഞാൻ സത്യമല്ലെങ്കിൽ പിന്നെ എന്താണ് ?
ഇതിനപ്പുറം ചിന്തിക്കാൻ എനിക്കാവുന്നില്ല .എന്റെ വിശ്വാസം ഞാൻ സത്യമാണ് എന്നതാണ് .ഞാൻ എന്ന വ്യക്തി ഉണ്ട് .എങ്കിൽ എന്റെ കൂടെ യാത്ര ചെയ്യുന്നവരും സത്യമാണ് .

കഴിഞ്ഞു പോയ കാലത്തിന്റെ നന്മയും തിന്മയും ആസ്വദിച്ചു കഴിയുന്ന – വാർദ്ധക്യം എന്ന കാലഘട്ടത്തേക്കു പ്രവേശിക്കുന്ന ഒരു റിട്ടയേർഡ് പോലീസുകാരൻ .തന്റെ 23വർഷത്തെ സേവനത്തെ പറ്റി പറയാൻ തെല്ലും മടിക്കാത്ത ഒരു കൊമ്പൻ മീശക്കാരൻ തമിഴൻ .

അനാക്ഷരവസ്ഥ കെട്ടിപ്പുണർന്നു കിടക്കുന്ന വടക്കൻ നാടുകളിലെ ജീവിതങ്ങളിൽ നിന്നു വ്യത്യസ്തമായി ,വിദ്യാഭ്യാസത്തിന്റെ മാറിൽ നിന്നും തെല്ലു നിലം കടമെടുത്ത രണ്ടു വയോധിക ദമ്പതികൾ .
ഈ തണുത്ത കാലാവസ്ഥ ഒരാളെ ഉറക്കത്തിലാഴ്ത്തി .മറ്റെയാൾ ഈ നിമിഷങ്ങൾ ശാപമർഹിക്കുന്ന പോലെ മറ്റാരെയും ശ്രദ്ധിക്കാതെ ഭിത്തിയിലേക്കു ദൃഷ്ടി തറച്ചു നിർത്തിയിരിക്കുന്നു .

വേറെ രണ്ടുപേർ അപരിചിതത്തിൽ നിന്ന് പരിചിതത്തിലേക്കു നീങ്ങുന്ന രീതിയിൽ ഏറെ നേരമായി വ്യക്തതയില്ലാത്ത സംഭാക്ഷണങ്ങളിലൂടെ നിമിഷങ്ങൾക്ക് വ്യക്തത പകരുന്നു .

ഇനിയുള്ള രണ്ടു പേരെ കണ്ടാൽ വടക്കുനിന്നും തെക്കിലേക്കു ലക്ഷ്യമില്ലാതെ നീങ്ങുന്ന രണ്ടു തോണികൾ പോലെ തോന്നും .
എന്തോ നഷ്ടത്തിന്റെ വികാരം മാത്രം മുഖത്തു പ്രതിഫലിപ്പിച്ചു കാണിക്കുന്ന ഒരു അച്ഛനും മകളും .തന്റെ ഒപ്പത്തോളം എത്തിയ മകളുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് ആ വാഹിനിയുടെ ജനലഴിയിലൂടെ പുറത്തേക്കു നോക്കി നിൽക്കുന്ന അച്ഛൻ .എന്തോ വലിയ ദൃശ്യത്തെ സ്വന്തം ഭാഷയിൽ അച്ഛനോട് പറയുന്ന മകളും .അവർ തങ്ങളുടേതായ ഭാഷയിൽ ആരെയും ശ്രദ്ധിക്കാതെ കാറ്റിനെയും ,നിമിഷങ്ങളെയും ,ഈ അരണ്ടവെളിച്ചതിനെയും ,സൂര്യനെ മറച്ചു നിൽക്കുന്ന സുന്ദരിയായ കാർമേഘത്തെയും ഒന്നിനെയും ശ്രദ്ധിക്കാതെ എന്നാൽ മറ്റാരും ശ്രദ്ധിക്കാത്ത എന്തിനെയോ നോക്കിക്കൊണ്ട് അവർ സംസാരിക്കുന്നു .അത് അവരുടെ ചിന്തകൾ ആവാം .മറ്റാർക്കും കാണാൻ കഴിയാത്ത അവരുടെ ചിന്തകൾ .
ഇനി ആരെയും എനിക്ക് ചൂണ്ടിക്കാണിക്കാനില്ല .ഇനിയുള്ളത് ചില ജീവനില്ലാത്ത വസ്തുക്കൾ മാത്രം .
വിശ്രമമില്ലാതെ കറങ്ങുന്ന പങ്ക . വിശ്രമം തേടുന്ന ഗർഭിണിയെ പോലെ കുറെ സഞ്ചികളും ബാഗുകളും .
പിന്നെ എല്ലാറ്റിനെയും വഹിച്ചു കൊണ്ട് സമയത്തോടൊപ്പം വായുവിനെ മുറിച്ചുമാറ്റി സഞ്ചരിക്കുന്ന ഈ ട്രെയിൻ .

എന്നാൽ ഈ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് എത്തിച്ചേർന്നത്, ആവി പറക്കുന്ന എന്റെ ചിക്കൻ ബിരിയാണി . ഇത് എന്താണ് ?
ഇത് എന്താണ് എന്ന് എനിക്കിപ്പോൾ പറയാൻ സാധിക്കും .കാരണം ഈ ഭക്ഷണം ഇപ്പോൾ എന്റെ സ്വന്തമാണ് .പക്ഷെ ഇതിന്റെ പിന്നിലോട്ടുള്ള കഥ പറയാനും തിരയാനും വിഷമമാണ് .
അതുകൊണ്ട് ഈ ചിന്താത്മഗമായ സന്തോഷ മുഹൂർത്തത്തിൽ എന്റെ നാവിനെയും ആമാശയത്തെയും,അതുവഴി എന്റെ ശരീരത്തെയും മനസ്സിനെയും സന്തോഷിപ്പിക്കാൻ ഞാൻ ഈ ചിന്തകളെ ഒന്ന് മാറ്റി നിറുത്തട്ടെ .
നന്ദി .
Jithin x

പനിനീർ ജാലകം 

പനിനീർ ജാലകം

************************
നിങ്ങൾക്ക് തോന്നിയേക്കാം ഈ കഥയിൽ പ്രേമമുണ്ടോ എന്ന് .ഇതിൽ പ്രേമമില്ല.നിസ്വാർത്ഥമായ സ്നേഹം മാത്രമാണ് .സ്നേഹവും പ്രേമവും രണ്ടും രണ്ടു തട്ടിൽ നിൽക്കുന്ന വികാരങ്ങൾ ആണ് .ഇവയെ വികാരങ്ങളുമായി ബന്ധിപ്പിക്കാവോ എന്നെനിക്ക് സംശയമാണ് .എന്നാലും ഞാൻ ഇവയെ പുണ്യവികാരങ്ങൾ ,അല്ലെങ്കിൽ വിശുദ്ധ വികാരങ്ങൾ എന്നു വിശേഷിപ്പിക്കുകയാണ്.

ഇവ രണ്ടും ഒരേ ആവനാഴിയിൽ ഇരിക്കുന്ന രണ്ടു ശരങ്ങളാണ് .ഒരു പക്ഷെ രണ്ടിനും ഭിന്നമായ രണ്ടു ലക്ഷ്യങ്ങളാവും ഉണ്ടാവുക .എന്തായാലും സ്നേഹമെന്ന ശരം ലക്ഷ്യഭേദനം നടത്തിയതിനു ശേഷമേ പ്രേമത്തിനു ലക്ഷ്യത്തിലേക്കു സഞ്ചരിക്കാൻ കഴിയൂ .കാരണം സ്നേഹമില്ലാതെ പ്രേമം ഇല്ല .സ്നേഹമാണ് ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ വികാരം .

ഞാൻ പറയാൻ പോകുന്ന കഥയെ എന്തുകൊണ്ട് പ്രണയവുമായി ബന്ധപ്പെടുത്തി എന്ന് അറിയില്ല .ചിലപ്പോൾ അന്നത്തെ ബാല്യത്തിന്റെ ആ സ്നേഹം, ഇന്ന് പ്രണയമായി മാറിയേക്കാം എന്ന അർത്ഥശൂന്യമായ ചിന്തയാവാം അതിനു കാരണം .

എല്ലാ കുട്ടികളുടെയും ജീവിതത്തിൽ പല വർണ്ണങ്ങൾ വാരി വിതറുന്ന മനോഹരമായ ഒരസുലഭകാലം സാധ്യമാകാറുണ്ട് .അങ്ങനെ ഉള്ള ഒരു കാലത്ത് എന്നിലേക്ക്‌ ഏഴ് നിറമുള്ള മഴവില്ലായി വന്ന് പിന്നീട് അതിൽ കറുത്ത ചായം തേച്ചിട്ട് പോയ ,ഞാൻ മറന്ന ,എന്നാൽ ഇന്ന് ഓർമ്മിച്ചെടുക്കുവാൻ ശ്രമിക്കുന്ന ഒരു കുഞ്ഞു മുഖം .

അന്ന് പള്ളിക്കൂടത്തിൽ എനിക്കൊരു പേരുണ്ടായിരുന്നു ‘കരിവണ്ട്’.ഇതേച്ചൊല്ലി ഞാൻ പലരുമായി അന്ന് തല്ല് ഉണ്ടാക്കിയിട്ടുണ്ട് .എല്ലാറ്റിന്റെയും പര്യവസാനം ടീച്ചറിന്റെ കയ്യിൽ നിന്ന് തല്ലും. ദിവസവും നിവേദ്യം സ്വീകരിച്ചു മടങ്ങുന്നതുപോലെ ഞാൻ ആ തല്ലിന്റെ വേദനയുമായി വീട്ടിൽ കയറി ചെല്ലും .

“എന്താ അമ്മേ ഞാൻ കറുത്തിരിക്കണെ” എന്റെ സ്ഥിരം സംശയമാണ് .

“കുട്ടന്റെ അച്ചാച്ചനും അമ്മയും കറുത്തതല്ലേ .അപ്പൊ കുട്ടനും കറുക്കും .നോക്കിക്കേ കുട്ടന്റെ കുഞ്ഞിപെങ്ങളും കറുത്തല്ലേ ഇരിക്കണേ”

അമ്മ എന്നെ സമാധാനിപ്പിക്കും .പക്ഷെ ആ ഉത്തരം എനിക്ക് തൃപ്തി തരില്ലായിരുന്നു.

ശരിയാവും ,വിഷുവിന്റെയും അഖിലിന്റെയും അച്ഛനും അമ്മയും വെളുത്തതായതുകൊണ്ടാവും അവരും വെളുത്തത് എന്നോർത്ത് ഞാൻ സമാധാനിച്ചു .

“കുട്ടൻ ഇപ്പൊ ചെറുപ്പല്ലേ .ഇപ്പൊ തൊട്ടേ വയറു നിറയെ ഭക്ഷണം കഴിച്ചാൽ നല്ല പോലെ വെളുക്കാൻ പറ്റും.ഞങ്ങളൊക്കെ കാർന്നോന്മാര് പറയുന്നത് കേൾക്കാഞ്ഞിട്ട ഇങ്ങനായേ.അതുകൊണ്ട് എന്റെ മോൻ ഇങ്ങനെ മെലിഞ്ഞോണങ്ങി ഇരിക്കാതെ വയറു നിറയെ കഴിക്ക് “അമ്മ പ്രതിവിധിയും പറയും.ഞാൻ അത് ശെരിയും വയ്ക്കും .

എനിക്കറിയാവുന്ന ആരെ വച്ചു നോക്കിയാലും കൂടുതൽ ഇല്ലായ്മകളും എനിക്കായിരുന്നു.

കുറച്ച് പൊട്ടിയ ഓടും ,ആസ്‌ഫറ്റോസ് ഷീറ്റും നിരത്തി മറച്ച വീടായിരുന്നു എന്റേത്. ചുറ്റുമുള്ള വീടുകളിൽ നിന്ന് ഉയർന്നു നിൽക്കുന്ന ഒരു പറമ്പിൽ ആണ് അതിന്റെ നിൽപ്പ് .എല്ലാവരും പറഞ്ഞു വരുമ്പോൾ ‘കയ്യാലപ്പുറത്തെ വീട് ‘ എന്നാവും.എന്റെ വീടും തൊട്ടപ്പുറത്തെ പാപ്പൻ ചേട്ടന്റെ വീടിന്റെ രണ്ടാം നിലയും ഒരേ ഉയരത്തിൽ ആണ് .അപ്പന് പണി ഒരു ചൂളപ്പുരയിലും.ഈ കുറവുകളെ ഭക്ഷണത്തിലേക്കു മാത്രം എത്തി നോക്കിച്ചിട്ടില്ല അപ്പൻ .ചെറിയൊരു പുരയും പുരയിടവും , ആ ഉള്ള ഇടത്തിൽ ഒരു പ്ലാവും ഒരു തെങ്ങും പിന്നെ കഴിയാവുന്നിടത്തോളം അമ്മ നനച്ചു വളർത്തുന്ന കുറച്ച് പച്ചക്കറി കൃഷിയും .

കുറവുകളുടെ കണക്കുകൾ നിരത്തുവാനാണോ ഞാൻ ഇത് എഴുതുന്നത് എന്നാർക്കെങ്കിലും തോന്നുന്നുവെങ്കിൽ ,ക്ഷമിക്കണം. അതിനല്ല .

എന്റെ ഏറ്റവും വലിയ സന്തോഷം വീടിന്റെ പുറകിലുള്ള ബേബി ചേട്ടന്റെ പറമ്പിൽ ദിവസവും ഉള്ള പന്തുകളിയാണ്.

ബേബിച്ചേട്ടൻ റബറൊക്കെ വെട്ടിക്കളഞ്ഞതുകൊണ്ട് ആ സ്ഥലം മുയൽ പുല്ലൊക്കെ പിടിച്ച് മനോഹരമായ ചെറിയൊരു കളിസ്ഥലമായി മാറി .

എന്നും വൈകിട്ട് ഒരു ചെറിയ സംഖ്യ കുട്ടികൾ കളിക്കാൻ അവിടെ എത്തും.കുറച്ചൊക്കെ എന്റെ പ്രായത്തിൽ ഉള്ളവരും കുറച്ച് രണ്ടു മൂന്ന് വയസ്സ് മുതിർന്ന പിള്ളേരും .ചേട്ടന്മാര് പറയുന്നതാണ് കളി .കളിയിൽ അങ്ങനെ ചെയ്യാൻ പാടില്ലെന്ന് പറഞ്ഞാൽ പാടില്ല ,ഇങ്ങനെ ചെയ്യാൻ പറ്റുകയുള്ളു എന്നു പറഞ്ഞാൽ അത്രേയുള്ളൂ .ഞാൻ തരക്കേടില്ലാതെ കളിക്കുന്നതുകൊണ്ടും,എല്ലാ ചേട്ടന്മാരും പള്ളിക്കൂടം കഴിഞ്ഞു നേരത്തെ വരായ്കയാലും ,ദിവസവും ഞാനും കളിക്കും .

“കുട്ടാ,മഴ പെയ്യാണെ തുണി പെറുക്കണേ.”

അമ്മ എന്നോട് പറഞ്ഞിട്ട് ആടിനുള്ള പുല്ലിന് പോകും.അമ്മയും താഴത്തെ ത്രേസ്യാമ്മയും കൂടിയാണ് ദിവസവും പുല്ലിന് പോകാറ് .പക്ഷെ ചില ദിവസങ്ങളിൽ കളിയുടെ മൂർദ്ധന്യാവസ്ഥയിൽ ഞാൻ അയയിൽ നിന്ന് തുണി പെറുക്കാൻ മറക്കും.

“നിന്നോട് ഒന്ന് തുണി പെറുക്കി ഇടാനല്ലേ ഞാൻ പറഞ്ഞൊള്ളൂ ,അതു പോലും ചെയ്യാൻ പറ്റാത്ത നിന്നെ എന്തിനാ ഞാൻ വളർത്തുന്നെ.”

“ഞാൻ മറന്നു പോയതാ”
“മറക്കാൻ മാത്രം മലമറിക്കുന്ന പണികളല്ലേ നിനക്കിവിടെ.എന്റെ പെണ്ണ് ഒന്ന് വളർന്നോട്ടെ,നിന്റെ കാലേകയ്യെ പിടിക്കേണ്ട കാര്യമില്ല എനിക്ക് ” ഞാൻ ഒന്നും മിണ്ടാതെ അങ്ങ് പോകും.

പല ദിവസങ്ങളിലും മഴ നനഞ്ഞും കളി തുടരും. മഴ തുടങ്ങിയാൽ അമ്മ അടുക്കള വശത്തു നിന്നു വിളിക്കും .

“കുട്ടാ ,എടാ കുട്ടാ ”

“ദേ ,ഇപ്പൊ വരാമ്മേ”

“പെട്ടെന്ന് വന്നോണം ,എന്നെ അങ്ങ് വരുത്തിക്കല്ല്”

അതു കേൾക്കുമ്പോൾ ഞാൻ കളി നിറുത്തി പെട്ടെന്ന് പോരും .

“നിന്റെ നന്മക്കല്ലേടാ അമ്മ ഈ പറയണേ.മഴ നനഞ്ഞു പനി പിടിച്ചു കിടന്നാലേ പള്ളിക്കൂടത്തിൽ പോവാനും പറ്റില്ല ,കാശു കൊറേ ചെലവുമാകും. അച്ചാച്ചന്റെ കയ്യിൽ ഇപ്പോൾ കാശില്ലാത്ത നേരാ.”

പള്ളിക്കൂടത്തിൽ പോവണ്ടാ എന്നത് എനിക്ക് ഏതൊരു കുട്ടിയേയും പോലെ സന്തോഷം തരുന്ന കാര്യമാണ് .എന്നാൽ അമ്മ എപ്പോഴും പറയുന്ന കാശിന്റെ വേവലാതി എനിക്ക് മനസിലാക്കാൻ സാധിക്കുമായിരുന്നു .

രാത്രിയിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല .മഴക്കാലം എത്രത്തോളം സുന്ദരമാണെന്നു എനിക്കറിയാം .പക്ഷെ എന്റെ വീടിനു മഴക്കാലം ദാരിദ്ര്യം സമ്മാനിക്കാൻ എത്തുന്ന വ്യാധിയാണ് .എന്നാലും ഞാൻ മഴയെ സ്നേഹിച്ചിരുന്നു.അന്നു കേട്ടു മാത്രം പരിചയം ഉള്ള ആലിപ്പഴത്തെപ്പോലും ഞാൻ സ്നേഹിച്ചു .

**************

“കുട്ടാ പാസ്സ് ”

എന്നത്തേയും പോലെ അന്നും ഞങ്ങൾ പന്തുകളി ആരംഭിച്ചു .

ചില ദിവസങ്ങളിൽ എട്ടുപേർ ,ചിലപ്പോൾ ആറ് ,ചുരുക്കം ഒരു നാലഞ്ചു പേരെങ്കിലും ദിവസവും കളിക്കാൻ എത്തും .എത്ര പേരുണ്ടെങ്കിലും ദിവസവും അവിടെ കളിയുണ്ട് .

ഞാൻ വേഗത്തിൽ ഒഴിഞ്ഞുമാറിക്കൊണ്ട് പന്തുമായി നീങ്ങി തുടങ്ങി .

“കുട്ടാ പാസ്സെടാ”

ഇടയ്ക്കിടയ്ക്ക് അവിടുന്നും ഇവിടുന്നും ധ്വനികൾ പോലെ പലരുടെയും ശബ്ദങ്ങൾ കേൾക്കാം .പോസ്റ്റിന്റെ അടുക്കൽ എത്തിയപ്പോൾ ഞാൻ അടുത്ത ആൾക്ക് പാസ്സ് ചെയ്യാൻ ശ്രമിച്ചതും ,അതിനു മുന്നേ ഒരുവൻ എന്നെ തള്ളി മാറ്റി പന്തും തട്ടിയെടുത്ത് എതിർദിശയിലേക്കു നീങ്ങി .

പെട്ടന്നുള്ള ആഘാതത്തിൽ ഞാൻ മറിഞ്ഞും വീണു .

“ഫൗൾ ഫൗൾ “വീണിടത്തു ഇരുന്ന് ഞാൻ വിളിച്ചു പറഞ്ഞു .

“പൊട്ടാ പാസ്സ് ചെയ്യാൻ പറഞ്ഞതല്ലേ.” കൂടെയുള്ള ഒരുത്തൻ ഇതും പറഞ്ഞിട്ട് ഒരു പോക്ക് ,വേറെ ആരും ഗൗനിച്ചുമില്ല .

ഞാൻ പതിയെ എഴുന്നേറ്റു ,നോക്കിയത് ആ ജനാലയിലേക്കാണ് .

പാപ്പൻ ചേട്ടന്റെ ജനാലയരുകിൽ ഞാനൊരു രൂപം കണ്ടു .ഒരു സുന്ദരരൂപം.എപ്പോഴും അടഞ്ഞു കിടന്നിരുന്ന ആ ജനാല ഇന്ന് തുറന്നു കിടക്കുന്നു .അതിന്റെ ഉള്ളിൽ ഒരു സുന്ദരപുഷ്പം എന്നെ തന്നെ ഇമവെട്ടാതെ നോക്കി നിൽക്കുന്നു .

“കുട്ടാ ,ഡാ ബോളു വരുന്നു”

പെട്ടെന്ന് എന്റെ ശ്രദ്ധ കളിയിലേക്ക് തിരിച്ചു .

പിന്നീട് നോക്കിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല .ആ ജനാല വെറുതെ തുറന്നു കിടന്നു .

“എടാ പൊട്ടാ എന്ത് കുന്തം നോക്കി നിക്കുവാ ?”

എന്റെ ശ്രദ്ധ എങ്ങോ മാഞ്ഞു പോയിരുന്നു .അന്ന് കളികഴിഞ്ഞ് വീടിന്റെ അടുക്കളപ്പടിയിന്മേൽ ഇരുന്ന് ഞാൻ ആ ജനാലയിലേക്കു നോക്കി ഇരുന്നു .അത് അടഞ്ഞു കിടക്കുന്നു .നല്ല തെളിച്ചമുള്ള മഴയാണ് പുറത്ത് ,തെളിഞ്ഞ അന്തരീക്ഷവും .

“നിനക്ക് പഠിക്കാനൊന്നുമില്ലേ “അമ്മയുടെ ചോദ്യം .

ഇനി ബുക്കെടുത്തില്ലേൽ ഉപദേശം വരും എന്നറിയാവുന്നതുകൊണ്ട് ഞാൻ മുറിയിലേക്ക് നടന്നു.

ഞാൻ പറഞ്ഞല്ലോ ,പാപ്പൻ ചേട്ടന്റെ വീട് എന്റെ വീടിനു താഴെയാണ് ,വീട്ടിൽ ഇരുന്നാൽ ആ വീടിന്റെ മുകൾനില മാത്രം കാണാം .ആ ജനൽ തുറന്നത് ആദ്യമായാണ് ഞാൻ കാണുന്നത് .രണ്ടാം നിലയിലെ ആ ജനാല .

ഞങ്ങൾ കളിക്കുന്ന പറമ്പിന്റെ ഓരത്ത് ആ ജനാലയുടെ നേരെ താഴെ ഒരു ചാമ്പ നിൽപ്പുണ്ട് .മിക്കസമയവും അതിൽ ചാമ്പങ്ങ കാണാം .കളികഴിഞ്ഞാൽ മിക്കവാറും എല്ലാവരും അതിന്റെ ചുവട്ടിൽ ആവും .

പിറ്റേന്ന് ഞാൻ കളിസ്ഥലത്തേക്കു നേരത്തെ ഇറങ്ങി .ആ ജനൽ തുറന്നു കിടക്കുകയാണ് ,കർട്ടൻ ഇട്ട് മറച്ചിട്ടുണ്ട് .ഞാൻ പതിയെ ചാമ്പ ചുവട്ടിലേക്ക് നീങ്ങി .രണ്ടു ചാമ്പക്ക പറിച്ച് വായിലിട്ടു .എന്റെ കണ്ണുകൾ ആ ജാലകത്തിനുള്ളിൽ ആരെയോ പരതിക്കൊണ്ടിരുന്നു .

കുറച്ച് നിമിഷങ്ങൾക്കകം കളി ആരംഭിച്ചു .ഇടക്കിടക്ക് ഞാൻ ജനാലയിലേക്കു നോക്കും .ശാന്തമായ കാറ്റ് പനിനീർ പൂക്കൾ തുന്നിയ ആ കർട്ടനുമായി കളിയിൽ ഏർപ്പെട്ടിരിക്കുകയാണ് .ഞാനും കളിയിലേക്ക് ശ്രദ്ധ തിരിച്ചു .

“അത് ഗോളല്ല ,ഒത്തിരി പൊങ്ങിയ പോയേ”

“അല്ലല്ല ,അതവന് പിടിക്കാന്നെ ഉണ്ടായിരുന്നുള്ളു ”

“നീ പോടാ പിടിക്കാൻ പോയിട്ട് തൊടാൻ പോലും പറ്റൂല്ലാർന്നു”

ഇങ്ങനൊരു തർക്കം നടക്കുകയാണ് ,കളി താത്കാലിക വിരാമത്തിലും .ഞാൻ ജനാലയിങ്കലേക്കു ഒന്ന് കണ്ണോടിച്ചു .ചങ്ക് പെട്ടെന്ന് ഒന്ന് പിടഞ്ഞു ,പിന്നെ ഒരാനന്ദം വന്നതുപോലെ .അവൾ അവിടെ ഇവരുടെ തർക്കവും നോക്കി നിൽക്കുന്നു .മുഖത്ത് ചെറിയൊരു പുഞ്ചിരിയുമുണ്ട് .ആ കണ്ണുകൾ എന്റെ നേരെ തിരിഞ്ഞെന്നു തോന്നിയപ്പോൾ ,ഞാൻ പെട്ടന്ന് മുഖം തിരിച്ച് തർക്കത്തിൽ ഒരു പങ്കാളിയായി കൂടി .എന്നാലും ഇടയ്ക്ക് ഇമ വെട്ടിച്ചൊന്നു നോക്കും .ഉണ്ട് അവൾ നോക്കുന്നുണ്ട് .

വെളുത്ത കൊച്ചു പൂക്കൾ തുന്നിയിട്ടുള്ള ഫ്രോക് ആണ് വേഷം .അന്ന് ആ കളി മുഴുവൻ അവൾ കണ്ടു കൊണ്ടിരിക്കുന്നു .അതുകൊണ്ട് കൂടി ഞാൻ ഞാൻ നന്നായി പൊരുതി കളിച്ചു .

പിറ്റേന്നും ഞാൻ നേരത്തെ തന്നെ ചാമ്പ ചുവട്ടിലേക്ക് ഓടി .ചാമ്പങ്ങ കടിച്ചുകൊണ്ട് ആ ജാലകത്തിലേക്കു നോക്കും .ഞാൻ കുറച്ചു നേരം അവിടെ നിന്നു .അന്നും കളി തുടങ്ങികഴിഞ്ഞ് ഞാൻ അവളെ ആ ജാലകത്തിനുള്ളിൽ കണ്ടു .ഇന്ന് ഒരു മഞ്ഞ ഫ്രോക്ക് ആണ് വേഷം .അവൾ എന്നെ ശ്രദ്ധിക്കുന്നതായിട്ട് തോന്നി .

‘ഏഹ് ,എന്നെ ആവില്ല ‘ഞാൻ മനസ്സിൽ പറഞ്ഞു .

അങ്ങനെ ഒന്നുരണ്ടു ദിവസങ്ങൾ നീണ്ടു .അവളെപ്പറ്റി കുറെ സംശയങ്ങൾ മനസ്സിൽ നിഴലിച്ചു .’ഇതാരാണ് ?ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ ? എന്തിന് ഇവൾ ഞങ്ങളുടെ കളി തുടങ്ങുമ്പോൾ മാത്രം ജനല് തുറന്നു നോക്കുന്നെ?’

എന്റെ കൊച്ചു മനസിലെ വലിയ ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചു .

‘അവൾ ശരിക്കും എന്നെ ശ്രദ്ധിക്കുന്നുണ്ടോ ? ഞാൻ നോക്കുന്നത് അവൾ കണ്ടോ ?’ എന്നിങ്ങനെ പല സംശയങ്ങളും . അന്നു രാത്രി അച്ചാച്ചന്റെയും അമ്മയുടെയും ഒരു സംഭാക്ഷണം കേട്ടു .

“പാപ്പന്റെ ഇളയ പെങ്ങളും മോളും ഇവിടെയുണ്ട് ”

“ഏത് പെങ്ങള് ”

“ഓ നിങ്ങൾക്ക് അറിയാൻമേലാത്തപോലെ ,ആ കെട്ടിയോൻ ഉപേക്ഷിച്ച ഒരുത്തിയില്ലേ”

“ഓ ഓ ഇളയവൾ ,മോളിക്കുട്ടി ”

“ആ അവള് ,ഇനി ഇവിടാണോ പൊറുതിയാവോ?”

“അവൾ എന്നാ വന്നെ ?”

“ആ ഞാൻ തിരക്കിയില്ല .വീടിനു പുറത്തിറങ്ങാറില്ല .അതൊരു മൂശാഠയാ ,അമ്മായിയമ്മയുമായി എന്നും വഴക്കാ.അതാ കെട്ടിയോനുമായി ഉടക്കിയെന്ന് .”

“അവൾ ആറേഴു കൊല്ലം ബാംഗ്ലൂർ അല്ലായിരുന്നോ?”

“രണ്ടു കൊല്ലം മുൻപ് ഇങ്ങു പോന്നു .എറണാകുളത്തെ വീട്ടിലല്ലായിരുന്നോ”

‘മ്ം മ്ം”

“എന്നാടാ നോക്കി ഇരിക്കുന്നെ ,വേഗം കഞ്ഞി കുടിച്ചെണീക്ക്”

“ആ കുടിക്കുവാ” അങ്ങനെ ഒരേകദേശ രൂപം എനിക്കു കിട്ടി .

പിറ്റേന്നും എന്നത്തേയും പോലെ വൈകിട്ട് ചായ കുടി കഴിഞ്ഞ് ആദ്യം ചാമ്പ ചുവട്ടിലേക്ക് വച്ചു പിടിച്ചു .താഴത്തെ കൊമ്പിലുള്ളതൊക്കെ പിഞ്ചായത്തുകൊണ്ട് വലിഞ്ഞു കയറാൻ തുടങ്ങി .

ചാമ്പയുടെ തുഞ്ചത്ത് കയറി രണ്ട് പഴുത്തത് പറിച്ച് നിക്കറിന്റെ പോക്കറ്റിൽ ഇട്ടു .അതാ എന്നെ നോക്കി പഴുത്ത ഒരു കുല ചാമ്പങ്ങ കിടന്നാടുന്നു .കുറച്ചകലെ ആയതുകൊണ്ട് കയ്യെത്തി പിടിചെടുക്കണം .ശ്രമം ഫലമായി ,കയ്യിൽ ആ ചാമ്പങ്ങക്കുല കിട്ടി .

“ഒരു ചാമ്പക്ക എനിക്കും തരുവോ ?”

ഒരു ശബ്ദം .ഞാൻ ഞെട്ടി, കാൽ തെറ്റി താഴേക്ക് വീണു .

ചാമ്പക്ക് അത്ര ഉയരം ഇല്ലായിരുന്നതിനാൽ ഒന്നും പറ്റിയില്ല . പതിയെ ഒന്നും സംഭവിക്കാത്ത മട്ടിൽ എഴുന്നേറ്റു. ഇലകളുടെ ഇടയിലൂടെ ഞാൻ നോക്കി. അവൾ ഏന്തി വലിഞ്ഞു നോക്കുകയാണ് .

‘പോയാലോ .വേണ്ട’

“എന്തേലും പറ്റിയോ”അവൾ ചോദിച്ചു

ഞാൻ കുറച്ച് വലത്തേക്ക് നീങ്ങി .ഇപ്പോൾ അവൾക്ക് എന്നെയും എനിക്കവളെയും വ്യക്തമായി കാണാം .

“ഒന്നും പറ്റിയില്ല “ഞാൻ വലിയ ശ്രദ്ധ കൊടുക്കാതെ ഗൗരവത്തോടെ പറഞ്ഞു .

“എന്നാ എനിക്ക് രണ്ട് ചാമ്പക്ക തരുവോ?”

ഒരു ചെറു ചിരിയോടെ വളരെ പരിചിതമുള്ള രീതിയിൽ ആണ് ചോദ്യം .അവൾ ഇരുനിറമാണ് ,തിളങ്ങുന്ന കണ്ണുകൾ ,ചിരിക്കുമ്പോൾ നിര നിരയായി എണ്ണി വച്ചതുപോലെ പല്ലുകൾ കാണാം .

ഞാൻ ചിരിച്ചില്ല .വലത്തെ പലകപ്പല്ല് രണ്ടാഴ്ച മുന്നേ പറിച്ചതെ ഉള്ളു .ആ വിടവിൽ ഒരെണ്ണം കിളിർത്തിട്ടുണ്ട് ,വളർച്ച പതിയെ ആണല്ലോ എന്ന് ചിന്തിച്ച് ആ കുരുന്ന് പല്ലിൽ നാവ് കൊണ്ട് ഒരു തട്ട് കൊടുത്തു .പിന്നെ ചുണ്ടുകൾ ഒതുക്കി പിടിച്ചു .

അവളുടെ മുഖത്ത് നോക്കിയാൽ ആദ്യം ശ്രദ്ധ പോകുന്നത് ആ കണ്ണുകളിലേക്കാണ് .അത്രക്ക് ഇരുണ്ട നിറമാണ് അവളുടെ കണ്ണിന്റെ കറുപ്പിന് .കൺപീലികൾ താഴെ നിന്നും എനിക്ക് കാണാൻ സാധിക്കുന്നുണ്ടായിരുന്നു.

“എന്താ കൊച്ചിന്റെ പേര് ?”അവൾ ചോദിച്ചു

‘കൊച്ചോ? ഞാൻ കൊച്ചോ ‘എനിക്കരിശം വന്നു .’ഞാൻ കൊച്ചല്ല ,നിന്നെക്കാളും വലുതാ ‘എന്ന് വിളിച്ചു പറയാൻ തോന്നി.

“കുട്ടൻ എന്നാണോ കൊച്ചിന്റെ പേര് ?” അതാ വീണ്ടും കൊച്ചെന്നു വിളിച്ചിരിക്കുന്നു .പക്ഷെ ഇവൾ എന്റെ പേരെങ്ങനെ അറിഞ്ഞു .

“അല്ല ടോണി എന്നാ എന്റെ പേര് ”

“പിന്നെ ആ വീട്ടിലെ ആന്റി എപ്പോഴും കുട്ടാന്ന് വിളിക്കുന്നെ കേൾക്കലോ”

ഇവൾ എല്ലാം ശ്രദ്ധിക്കുന്നുണ്ടോ .

“എന്നെ എല്ലാരും വിളിക്കുന്നെ അങ്ങനെയാ”

“കുട്ടൻ”അവൾ വലത്തേ കൈ കൊണ്ട് വായ് പൊത്തി പതിയെ ചിരിച്ചു .

“നിന്റെ പേരെന്താ ” ഞാൻ ഗൗരവം വിടാതെ ചോദിച്ചു .

“എന്റെ പേര് മരിയ .മരിയ ട്രീസ തോമസ് .ചാമ്പക്ക തന്നില്ലല്ലോ ”

ഞാൻ താഴെ കിടക്കുന്ന പഴുത്ത ചാമ്പങ്ങകൾ നോക്കി .അവ വീഴ്ചയിൽ ചതഞ്ഞു പോയി .പിന്നെ എന്റെ പോക്കറ്റിൽ കിടന്ന ഒരു ചാമ്പങ്ങ എടുത്ത് എറിഞ്ഞു കൊടുത്തു .അത് അവൾക്ക് പിടിക്കാൻ കഴിഞ്ഞില്ല .കളിക്കാൻ വരുന്ന ചെക്കന്മാരുടെ ശബ്ദം കേട്ടു .ഞാൻ അവളോട് മാറി നില്ക്കാൻ പറഞ്ഞിട്ട് അടുത്ത ചാമ്പങ്ങ ജനലിനുള്ളിലേക്കു എറിഞ്ഞു .അവൾ അത് എടുക്കാൻ ഉള്ളിലേക്ക് പുഞ്ചിരിച്ചുകൊണ്ട് പോയി .

എല്ലാവരും കളി തുടങ്ങി .അവൾ ചാമ്പങ്ങയും കടിച്ചുകൊണ്ട് കളി കാണുന്നുണ്ടായിരുന്നു .ഞാൻ ഇടക്ക് പതിയെ നോക്കും .

‘മ്മ്ം നോക്കുന്നുണ്ട് ‘മനസ്സ് എന്തോ കാരണം മനസിലാകാതെ സന്തോഷിച്ചു .ഇടയ്ക്കു അവൾ ചുമ്മാ ചിരിക്കുന്നത് കാണാം .

*******************************

രണ്ടു കയ്യും അരയിൽ കുത്തി ഞാൻ നിന്നു .അവിടെ വഴക്കാണ് .ഞാൻ ഇടപെടാൻ പോയില്ല .മുതിർന്നവരുടെ ഇടയിൽ ന്യായം പറയാൻ പോയിട്ട് കാര്യമില്ല .പതിയെ അവിടെ കിടന്ന ബോൾ തട്ടി തട്ടി നടന്നു .അവരുടെ വഴക്ക് ഇപ്പോഴൊന്നും തീരാൻ പോണില്ലെന്നു അറിയാം .അവൾ രണ്ടു കയ്യും ജനൽ കമ്പിയിൽ പിടിച്ച് തൂങ്ങി മുഖം ജനലഴികളോട് ചേർത്ത് നിൽപ്പാണ് .

ഞാൻ ബോൾ പതിയെ പൊക്കി പിന്നെ കാൽ കൊണ്ട് എന്തൊക്കെയോ അഭ്യാസം കാണിച്ച് നടന്നു .നിലത്തിടാൻ നോക്കാതെ പന്ത് രണ്ട് കാലുകളിലുമായി ഉയർത്തി തട്ടി നിറുത്താൻ ശ്രമിക്കുകയാണ് .അതിനിടക്ക് ആ ജനാലയിലേക്ക് പുക്രക്കണ്ണിട്ട് നോക്കി .

അറിയാതെ എന്റെ തൊഴിക്ക് കുറച്ച് ശക്തി കൂടിപ്പോയി .ബോൾ പെട്ടന്ന് ഉയർന്നു പൊങ്ങി .കളി സ്ഥലത്തിന് താഴെ ഒരു വശത്തു റോഡ് ആണ് .അധികം വാഹനസഞ്ചാരം ഇല്ലെങ്കിലും മണ്ണെടുക്കാനും ചുടുകട്ട കൊണ്ടുപോകാനുമൊക്കെ ടിപ്പറുകളും ലോറിയും അതുവഴി സ്ഥിരം പോകാറുണ്ട് .

ഉയർന്നു പൊങ്ങിയ ബോള് ,അതുവഴി പോയ ഒരു മണ്ണ് ലോറിയുടെ മുകളിൽ തന്നെ ചെന്ന് പതിച്ചു .ഇനി നടക്കാൻ പോകുന്ന സംഭവങ്ങൾ എന്റെ ഉള്ളിൽ ഞെട്ടലോടെ മിന്നിമറഞ്ഞുകൊണ്ടിരുന്നു. അവിടെ തർക്കിച്ചു നിന്നവരുടെ നോട്ടം എന്റെ നേരെയായി .ഇനിയുള്ള കാര്യം പറയുക വേണ്ട .

“എടാ തെണ്ടി ചെറുക്കാ ”

“കാരിമാക്കാനേ”

“ആകെ ഉള്ള ബോളാഡാ പിശാശേ”.

ഇതൊന്നും കേൾക്കാൻ നിൽക്കാതെ ഞാൻ നേരത്തെ ഓടിത്തുടങ്ങിയിരുന്നു .

പക്ഷെ മതിലിന്റെ ഓരത്തെത്തിയപ്പോൾ ആ ഓട്ടം നിർത്തേണ്ടി വന്നു .പുറകിൽ ചീത്ത വിളികളുടെ ഇടിവെട്ട് മഴയും .

“എടാ കാരിമാക്കാനേ ,എന്റെ ബോള് കൊണ്ടുതാടാ ,തെണ്ടിച്ചെറുക്കാ ”

“പോടാ പട്ടി ”

“നിന്റെ അപ്പനാടാ പട്ടി ”

പിന്നെ എനിക്കൊന്നും കേൾക്കുവാൻ കഴിയുമായിരുന്നില്ല .ഞാൻ അവനെ കയറി അടിച്ചു ,കൊങ്ങക്ക് പിടിച്ച് നിലത്തു കിടത്തി ,ചവിട്ടി, കുത്തി .എല്ലാവരും പിടിച്ചു മാറ്റുന്നതിനിടക്ക് ഞങ്ങൾ രണ്ടും ഉരുണ്ട് മതിലേന്നു താഴെക്കിടന്നു .നേരെ അപ്പന്റെ മുന്നിലേക്കും .എന്റെ ചെവിക്കു പിടിച്ച് വെളിച്ചെണീപ്പിച്ചുകൊണ്ട് വീട്ടിലേക്ക് കൊണ്ട് പോയി .

അപ്പൻ വീട്ടിൽ ചെന്ന് അമ്മയോടൊന്നു സൂചിപ്പിച്ചു .

തീർന്നു.

“നാളെത്തൊട്ട് നീ കളിക്കാൻ ഇറങ്ങുന്നത് എനിക്കൊന്നു കാണണം ”

“ഞാൻ പോകും ”

“എന്നാ നീയങ്ങു പോ ,കാണട്ടെ ,അത്രക്ക് വാശിയല്ലേ ”

“ഇതെന്നാ കോപ്പാ ദിവസവും ഇത്തിരി നേരമല്ലേ കളിക്കുന്നുള്ളു ”

“ഇത്തിരി നേരമോ ,പള്ളിക്കൂടം വിട്ട് വന്നാപ്പിന്നെ പന്തും കൊണ്ടിറങ്ങിക്കൊള്ളും .പഠിക്കാനൊന്നുമില്ലല്ലോ .എല്ലാം തീർത്തിട്ടിരിക്കുവല്ലേ. ”

“എന്നാ അമ്മക്ക് കുഴപ്പം ”

“നീ ഒന്നും വിശദീകരിക്കേണ്ട .ഇനി നീ കളിക്കാൻ ഇറങ്ങിയാൽ പിന്നെ ഇങ്ങോട്ട് കയറണ്ട ”

ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല .

അടുത്ത ദിവസം വൈകിട്ട് ആരും കളിച്ചില്ല .കാരണം ഞാൻ ബോൾ കളഞ്ഞു .വീടിന്റെ പുറകിലേക്ക് ഞാൻ പോയേ ഇല്ല .

“എടാ നീ ഈ ചക്ക ഒന്നു പോയി കൊടുത്തിട്ട് വാ “ഒരു ചക്ക എടുത്ത് തിണ്ണയിൽ വച്ചുകൊണ്ട് അമ്മ പറഞ്ഞു .

“എനിക്ക് വയ്യ കൊടുക്കാൻ .തന്നെ പോയങ്ങു കൊടുത്താ മതി ”

“ആണോ ,എന്നാ വൈകിട്ട് വന്ന് മുണുങ്ങുന്നത് ഒന്ന് കാണണം ”

“എനിക്കൊന്നും വേണ്ടാ ”

“പോയി കൊടുക്കെടാ ” അമ്മ ചെമ്പരത്തിയേന്നു ഒരു വടി ഓടിച്ചെടുത്തു .

“എവിടെ കൊടുക്കാനാ ” മനസില്ലാമനസോടെ ഞാൻ എഴുന്നേറ്റു .

“ആ പാപ്പന്റെ വീട്ടിൽ .മോളിക്കുട്ടി ഒക്കെ വന്നതല്ലേ .എന്റെ കുട്ടനൊന്നു പോയി കൊടുക്ക് .ആ അമ്മാമ്മ ഇന്നലെ ചോദിച്ചതെ ഉള്ളു ചക്ക പറിക്കാൻ ഉണ്ടോന്ന് .നമ്മുടെ തേൻ വരിക്കേടയ ”

“ആ കൊടുക്കാം ”

“എന്നാ വേഗം ചെല്ല് “അമ്മ ചക്ക നടുവേ മുറിച്ചിട്ട് പാതി എന്റെ കയ്യിൽ തന്നു വിട്ടു .ഞാനാ ചക്കയും എടുത്തുകൊണ്ട് നടന്നു .കളിസ്ഥലത്തു കൂടെ പോയില്ല .വീടിന്റെ പടിഞ്ഞാറ് കൂടി നേരെ അവരുടെ അടുക്കള വശത്തേക്ക് ചെന്നു .

“അമ്മമ്മേ ”

“ആരാ “ആ ആന്റി ആണ് വന്നത് .

“ചക്ക .അമ്മ തന്നതാ ”

ചക്ക ആ സ്ത്രീ വന്ന് പിടിച്ച് താഴെ വച്ചു .പിന്നെ ഒന്ന് നോക്കി ചിരിച്ചു .

“എന്താ മോന്റെ പേര് ”

“ടോണി ”

“എത്രയിലാ പഠിക്കുന്നെ ”

“നാലിൽ ”

“സെന്റ് .മേരീസിൽ ആണോ ”

“ആം .അതെ ” ഞാൻ പോകാൻ ധൃതിയിലാണെന്ന രീതിയിൽ പറഞ്ഞു .

“മരിയെനെ അവിടെ ചേർക്കണമെന്നൊർത്താ ഇരിക്കണേ.ഒന്നും തീരുമാനമായില്ല ”

ഞാൻ ഒന്നും മിണ്ടാതെ നിന്നു

“ഈ വർഷം പോയി അവൾടെ .മോന്റെ പ്രായാ. എന്നാ പൊക്കൊ ”

“ആ പോവാണെ ”

“ശരി ”

ഞാൻ അടുക്കള വശത്തുകൂടെ വീടിന്റെ അരിക് ചേർന്ന് നടന്നു .

ഞാൻ ജനാലയിലേക്കു നോക്കി .അത് തുറന്ന് കിടപ്പുണ്ട് ,പക്ഷെ ആരുമില്ല .
***********************

പിറ്റേന്ന് പകൽ മുഴുവൻ മഴയായിരുന്നു .വൈകുന്നേരം ചാറ്റൽ മഴ നനഞ്ഞെത്തിയതിനും കിട്ടി വഴക്ക് .പോരാത്തതിന് ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ ഒരു തുമ്മലും പാസ്സാക്കി .

അന്ന് ദിവസം മുഴുവൻ ഒരേ അന്തരീക്ഷമായിരുന്നു .ഇരുൾ മൂടി കിടക്കുന്നു .മഴ ചെറുതായി ചാറുന്നുണ്ട് .ഞാൻ പുറകിൽ അടുക്കള പടിയിന്മേൽ ചെന്ന് പുസ്തകവും പിടിച്ചിരുന്നു .ആ ജനാല എനിക്ക് കാണാം .പക്ഷെ ഉള്ളിൽ ഒന്നും വ്യക്തമല്ല .കളിസ്ഥലം മുഴുവൻ എവിടുന്നോ പുക വന്ന് നിറഞ്ഞിരുന്നു .

എന്താണ് ഞാൻ തിരയുന്നത് ?പുസ്തകത്തിലേക്ക് തല താഴ്ത്തിയിട്ട് കുറെ നേരം അങ്ങനെ ഇരുന്നു .

മഴ ഒന്ന് മാറി നിന്നു .പതിയെ ചെരുപ്പുകൾ ഒന്നും ഇല്ലാതെ ആ നനഞ്ഞ പുല്പുറത്തുകൂടി പുസ്തകവും പിടിച്ചിറങ്ങി .ഒരു ചാര നിക്കറും ചുവപ്പും പച്ചയും ഇടകലർന്ന കളം കളം ഷർട്ടുമായിരുന്നു വേഷം .ചാമ്പ ചുവട്ടിൽ എത്തി .ജനലിന്റെ പിന്നിൽ ആരുമില്ല .പനിനീർ പൂക്കൾ തുന്നിയ കർട്ടൻ നിശ്ചലമായി കിടക്കുന്നു .ഞാൻ ആ ചാമ്പയിൽ ചാരി ഇരുന്നു .ആ ഇരിപ്പ് കുറെ വെള്ളത്തുള്ളികളെ തട്ടി ഉണർത്തി .കുറച്ച് എന്റെ തല ലക്ഷ്യമാക്കി പതിച്ചു .ഇരുന്നപ്പോൾ നിക്കറിൽ നനവും തോന്നി .

ഞാൻ പുസ്തകം നോക്കി ഇരിപ്പായി .ഇടയ്ക്കു ചുവട്ടിൽ കൂടെ പോയ രണ്ടു നിസറുകളുടെ കയ്യും കാലും പിഴുതു മാറ്റി കളിച്ചു .

“ശ് ശ് ശ്ശ് ”

“ങേ ”

ഞാൻ തല പൊക്കി നോക്കി .അവളാണ് .ഉള്ളിൽ ഒരു ചിരി ഉണർന്നു .

“പഠിക്കുവാണോ?”

“ആം ”

“എത്രയിലാ ?”

“നാലിൽ .മരിയയും നാലിലല്ലേ ?” അവിടെ ഇരുന്നുകൊണ്ട് ചോദിച്ചു .

“എങ്ങനെ അറിയാം?” വലിയൊരു അത്ഭുതത്തോടെ അവൾ ചോദിച്ചു .എനിക്ക് ചിരി വന്നു .ഇലകൾ കാരണം അവൾക്കെന്നെ നന്നായി കാണാൻ വയ്യ എന്ന് തോന്നി .

“ആന്റി പറഞ്ഞു ”

“ആര് ?”

“മരിയേടെ അമ്മ ”

“മമ്മിയോ.എപ്പോ ?”

“ഇന്നലെ കണ്ടാർന്നു ”

“ആണോ?”

“ആം ”

“ഞാൻ ഇപ്പൊ ശരിക്കും നാലിൽ ആകേണ്ടതാ ,പക്ഷെ എന്നെ ചേർത്തില്ല .ഇങ്ങോട്ടു പോന്നു ” ഒരു വിഷാദം ആ ശബ്ദത്തിൽ നിഴലിച്ചു

“എവിടെയായിരുന്നു മരിയ ?” സംശയരൂപേണ തല ചെരിച്ച് ചോദിച്ചു .

“ആദ്യം ബാംഗളൂർ ആയിരുന്നു .പിന്നെ ആലുവേല് ”

“അതൊക്കെ എവിടാ?” എനിക്കതൊക്കെ പുതുമ നിറഞ്ഞ നാടുകളായിരുന്നു .

“ബാംഗ്ലൂർ ദൂരെയാ .കാർണാടകയിൽ.

ട്രെയിനിൽ പോണം എത്താൻ .ആലുവ അടുത്തല്ലേ .ബസ്സിൽ പോകാനുള്ള ദൂരമേ ഉള്ളു.”

“ഓ അപ്പം ട്രെയിനിൽ കയറിയിട്ടുണ്ടല്ലേ ”

“പിന്നെ,ഒത്തിരി” ഒരാഹ്ലാദം നിറഞ്ഞ വാക്കുകൾ ആയിരുന്നു അവ .

“ടോണി കയറിട്ടില്ലേ?”

“ഇല്ല ,പക്ഷെ ട്രെയിൻ കണ്ടിട്ടുണ്ട് .അമ്മവീടിനടുത്തു ട്രെയിൻ പാളമുണ്ട് .അവിടെ പോകുമ്പോ ഒത്തിരി കാണാൻ പറ്റും .ഇപ്പോഴും ട്രെയിൻ പൊയ്ക്കൊണ്ടിരിക്കും . നല്ല രസാ.”

“അതെ ഉറങ്ങാനൊക്കെ പറ്റൂലോ ”

“ബസ് പോലാണോ അകം” എന്റെ സംശയം കൂടി .

“അല്ല .ഇതേൽ ബസ് പോലെ കുലുക്കമൊന്നുമില്ല .ഉറങ്ങാനൊക്കെ പറ്റും ”

“മാരിയേടെ ഭാഗ്യം ”

അന്ന് ട്രെയിൻ കണ്ടിട്ടുണ്ടായിരുന്നുവെങ്കിലും കയറിയിട്ടില്ലായിരുന്നു . കുറേ കൂടെ വളർന്നാൽ മാത്രമേ അതിൽ കയറാൻ പറ്റുകയുള്ളു എന്നൊക്കെ ആയിരുന്നു എന്റെ ചിന്ത.

“കുട്ടനെയും കൊണ്ടുപോകാം ഒരു ദിവസം ട്രെയിനിൽ ”

അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.ഇത്ര ചുരുക്കം സംഭാക്ഷണങ്ങളിലൂടെ മാത്രം പരിചയമുള്ള എന്നെ ഒരു ദിവസം കൊണ്ടുപോകാം എന്നു പറഞ്ഞതിന്റെ കാരണം എനിക്ക് പിടികിട്ടിയില്ല .

ചിലപ്പോൾ വെറുതെയാവും എന്നു ഞാൻ ചിന്തിച്ചു .

പക്ഷെ കുട്ടൻ എന്ന് അപ്പോൾ വിളിച്ചതിൽ സന്തോഷം തോന്നി .ഞാൻ തല താഴിയിട്ട് പുസ്തകത്തിൽ നോക്കി പഠിക്കുന്നത് പോലെ ഇരുന്നു .

“എന്താ ഇപ്പോൾ കളിക്കാത്തെ?”അവൾ വീണ്ടും ചോദിച്ചു .

ഞാൻ ഒരു ദീർഘശ്വാസം എടുത്തിട്ട് പുസ്തകത്തിൽ നിന്ന് കണ്ണുകൾ ഉയർത്തി നേരെ നോക്കി പറഞ്ഞു .

“ബോൾ ഇല്ല .ഞാൻ കളഞ്ഞു ”

“ഞാൻ കണ്ടായിരുന്നു ”

“പിന്നെന്നാ ചോദിച്ചേ “എനിക്ക് ദേഷ്യം വന്നു .

“ചുമ്മാ. എനിക്ക് ഫുട്ബാൾ ഇഷ്ടാ” വിടർന്ന കണ്ണുകളോടെയാണ് അവൾ അത് പറഞ്ഞത്.

“മ്ം”ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു .

“എനിക്ക് ഡാഡി കഴിഞ്ഞ ബർത്തടയ്ക്കു എന്താ തന്നേന്നു അറിയോ ” അവൾ ചോദിച്ചത് കേട്ടിട്ടും ഞാൻ ഒന്നും പിന്നെ മിണ്ടിയില്ല .പഠിത്തം അഭിനയിച്ച് ഇരുന്നു .

*****************

പിന്നീട് കുറച്ച് ദിവസത്തേക്ക് ഞാൻ അവളെ കണ്ടില്ല.ആ ദിവസങ്ങൾ എനിക്ക് കറുത്ത ദിനങ്ങൾ ആയിരുന്നു .

ഒരു ഞായറാഴ്ച ഉച്ചക്ക് വേദപഠനം ഒക്കെ കഴിഞ്ഞ് ഞാൻ അടുക്കള വശത്തു ഇറങ്ങി നിന്നു .അവൾ അകലെ ജനലിൽ കൂടെ കൈ വീശി കാണിച്ചു .ഒന്നു സംസാരിച്ച് കളയാം എന്ന് വിചാരിച്ച് ഞാൻ അങ്ങോട്ട് നടന്നു .നല്ല സുഖമുള്ള വെയിലാണ് പുറത്ത്.

അവൾ എന്നത്തേയും പോലെ ഒരു വിടർന്ന ചിരിയുമായി നിൽക്കുകയാണ് .ആ സുന്ദരിയുടെ സുന്ദരമായ ചിരി ആസ്വദിച്ചുകൊണ്ട് ഞാൻ നടന്ന് ചാമ്പചുവട്ടിൽ എത്തി .

“കുറച്ച് ദിവസം കണ്ടില്ലല്ലോ.”

ചോദിച്ചത് കേട്ടില്ല എന്ന മട്ടിൽ ഞാൻ നിന്നു .

“ങേ ?”

“എവിടെയാരുന്നു ?”

“ഇവിടെ ഉണ്ടായിരുന്നു “തിരിച്ച് പോയാലോ എന്ന് മനസ്സിൽ ആലോചിച്ചു .

“മിനിങ്ങാന്ന് എന്താ പറ്റിയെ ?ഭയങ്കര ഒച്ചയും ബഹളവും ,കുട്ടാ കുട്ടാന്ന് വിളിക്കുന്നതൊക്കെ കേട്ടല്ലോ ” എന്റെ കറുത്ത ദിനങ്ങളെ പറ്റിയാണ് അവൾ ചോദിച്ചത് .

“അതോ ,അത് ഞാൻ ചിലപ്പോഴൊക്കെ രാവിലെ ഒളിച്ചു പോകും .അപ്പൊ അവര് തപ്പി നടക്കും .പിന്നെ ഞാൻ ഉച്ച കഴിഞ്ഞു വരും നല്ല അടികിട്ടും പക്ഷെ ”

“എന്തിനാ വെറുതെ ഒളിച്ചോടുന്നത് “അവൾ വലിയ അത്ഭുതത്തോടെ ചോദിച്ചു .

അവൾ ചോദിച്ചതിൽ കാര്യമുണ്ട് .

എനിക്ക് ഇഷ്ടമില്ലാത്ത ഒരു ജന്തുവാണ് എന്റെ അപ്പന്റെ പെങ്ങൾ സാറാക്കുട്ടി .ആ സ്ത്രീ ഇടയ്ക്കു മക്കളെയും കൂട്ടി വീട്ടിൽ വരും പത്രാസ്സ് കാണിക്കാൻ .

പുള്ളിക്കാരത്തിയെ കെട്ടിച്ചു വിട്ടതിനു ശേഷം കെട്ടിയോൻ ഗൾഫിൽ പോയി നാല് കാശുണ്ടാക്കി .

ആണ്ടിലൊരിക്കൽ എന്റെ വീട്ടിൽ വരും .വരാതിരിക്കുന്നതാണ് എനിക്ക് സന്തോഷം .ആരുടേയും മുൻപിൽ തലകുനിക്കാതെ ഞെളിഞ്ഞു നിൽക്കുന്നതാണ് അവർക്കിഷ്ടം .എന്ത് പറയുമ്പോഴും കൈ രണ്ടും എളിക്ക് കുത്തി തല പൊക്കി പിടിച്ച് ചാടി ചാടി ആജ്ഞാപിച്ചാണ് സംസാരം .പുള്ളികാരത്തിയുടെ എല്ലാ സംസാരത്തിലും കുറെ പത്രാസും കുറെ കുറ്റങ്ങളും കാണും .അമ്മക്ക് ഇഷ്ടമല്ല ,പക്ഷെ പറയുന്നത് വെറുതെ ചിരിച്ച് കേട്ടിരിക്കും.നാത്തൂനല്ലേ .

വന്നാൽ രണ്ടു ദിവസം കാണും ,ആ രണ്ടു ദിവസവും വീട്ടിൽ പോത്തുകറി കാണും .അവര് കോഴി കൂട്ടില്ല .

വീട്ടിൽ പോത്തിറച്ചി വാങ്ങുന്ന വർഷത്തിലെ മൂന്നു ദിവസങ്ങളാണ് ക്രിസ്തുമസ്സ് ,ഈസ്റ്റർ ,പിന്നെ സാറത്തള്ളയുടെ എഴുന്നള്ളത്ത് .

സാറത്തള്ളയുടെ മൂത്തമകൻ എന്നെക്കാളും രണ്ടു വയസ്സിനു മൂത്തതാണ് ,രണ്ടാമന് എന്റെ പ്രായം .അവർക്ക് എന്നെ കാണുമ്പോൾ കാണുമ്പോൾ കുറെ ഉപദേശിക്കാനും സ്വന്തം മക്കളെ മാതൃകയാക്കി ജീവിക്കണം എന്ന രീതിയിൽ ഉള്ള സംസാരത്തിനും ആണ് നേരം .

“ടോണിക്കുട്ടൻ പഠിക്കാൻ എങ്ങനെയാ ?”

“കുഴപ്പമില്ല “അമ്മ പറയും

“ഡിനോ ക്ലാസ്സിൽ പഷ്ടാ ”

“ആണോ ”

“ആ “.

“കണ്ടുപഠിയെടാ ”

“ഇപ്പോഴത്തെ കാലത്തു പിള്ളേരെ എന്തെങ്കിലും പണിയൊക്കെ ചെയ്യിച്ചു വേണം വളർത്താൻ .ടോണിക്കുട്ടൻ എങ്ങനെയാ ?”

“ഓ അവന് ഏതു നേരവും കളിയല്ലെ ”

“അതൊക്കെ എന്റെ ടിനോ ,ആടുകളെൽ കയറിയാൽ എന്റെ പുറകീന്നു മാറത്തില്ല .എന്തെങ്കിലും കൂടി തന്നോണ്ടിരിക്കും .എല്ലാർക്കും കൊടുത്തിട്ട് പിന്നെയാണ് ഞാനും അവനും തിന്നുന്നത് പോലും ”

ഞാൻ അവരെ നോക്കി .അപ്പവും പോത്തും കയറ്റുവാണ് .

“നീ വല്ലതും കേൾക്കുന്നുണ്ടോ .ഇങ്ങനെ വേണം പിള്ളേരായാൽ “അമ്മ എന്നെ നോക്കി പറയും .

പിന്നെ ആ ദിവസം എനിക്ക് സ്വര്യക്കേടാണ് .അതുകൊണ്ട് പിറ്റേന്ന് അവര് പോകുന്നത് വരെ ഞാൻ ഒളിച്ചോടും .

“എങ്ങോട്ടാ കുട്ടാ നീ ഒളിച്ചോടുന്നെ ?”

എന്റെ കഥ അവളിൽ ഭയങ്കര ആകാംഷ ഉളവാക്കി .

“അതാർക്കും അറിയത്തില്ലാത്ത സ്ഥലാ”

“ഞാൻ ആരോടും പറയത്തില്ല ”

അവൾ ആകാംഷയോടെ കണ്ണു തുറന്നു നിന്നു .

“പറയാം .പക്ഷെ ആരോടും പറയല്ലേ ”

“ഈ പറമ്പുകൾ ഒക്കെ കഴിഞ്ഞ് താഴോട്ട് ചെല്ലുമ്പോൾ ഒരു തോട്ടം ഉണ്ട് .അത് കഴിഞ്ഞാൽ ഒരു തോടാണ് പിന്നെ.ആ താഴത്തെ തൊണ്ടിൽ കൂടെ പോയ മതി അവിടെ എത്താൻ .തോടിന്റെ കരയിലെ ആ തോട്ടത്തിൽ അന്തോണി ചേട്ടന്റെ പഴയ വീടാ .അവിടാരും താമസമില്ല ,ഇടിഞ്ഞു പൊളിയാറായി ” ഞാനൊന്നു നിറുത്തി, ശ്വാസമെടുത്തു .

“വീട്ടിൽ നല്ല പ്രശ്നമുള്ള ദിവസമൊക്കെ ഞാനവിടെ ചെല്ലും .മുറ്റത്ത് ഒരു മൈലാഞ്ചി മരമുണ്ട് .അതുവഴി ഈസിയായി വീടിന്റെ മുകളിൽ കയറാം .ഞാൻ അവിടെ കയറി ഇരിക്കും ആരും കാണില്ല .”

“ഒറ്റക്കോ ?”

“ആ ,ഒറ്റയ്ക്ക് “ഞാൻ തെല്ലൊരഭിമാനത്തോടെ പറഞ്ഞു .

“ആരോടും പറയല്ലേ ”

“ഇല്ലന്നെ .അവര് പോയോ ആ ജന്തുക്കൾ “.

“ഹി ഹി .ഇന്നലെ സ്ഥലം വിട്ടു “ഞാൻ ചിരിച്ചു ,കൂടെ അവളും .ആ ചിരിയിൽ അവളുടെ കണ്ണുകൾക്ക് ഒരു പ്രകാശമുണ്ടായിരുന്നു .

പിന്നെ എന്നും ഞാൻ അവളോട് സംസാരിക്കാൻ തുടങ്ങി .വൈകിട്ട് ഒരഞ്ചുമണിക്കുതന്നെ ഞാൻ ചാമ്പചുവട്ടിൽ എത്തും .അവൾ അതിനും മുമ്പേ ആ ജനലരികിൽ നില്പുണ്ടാവും .

എല്ലാ ദിവസവും അവിടെ കളി നടക്കുന്നുണ്ട് .പന്തുകളി അല്ല .പകരം ഒട്ടപിടുത്തം ,ക്രിക്കറ്റ് , കബഡി ,കുട്ടിയും കോലും തുടങ്ങിയവ .

എന്നെ കണ്ടാൽ അവന്മാർ അലറും

“എന്താടാ മാക്കനേ ”

എനിക്ക് നല്ല ദേഷ്യവും സങ്കടവും വരും ,അവളെ കാണുമ്പോൾ അതങ്ങു മറക്കും .

“സാരമില്ല കുട്ടാ “അവളും പറയും .

അവൾ കണ്ട നാടും നഗരവും എന്നോട് വിവരിക്കും .ഞാൻ വായും പൊളിച്ച് നിന്നു കേൾക്കും .അവളോട് എന്റെ നാടിനെ പറ്റി ഞാനും പറയും .അവൾക്ക് പല നിസ്സാര കാര്യങ്ങളെക്കുറിച്ചും ഒന്നുമറിയില്ലായിരുന്നു.

അവർ അവിടെ കളിക്കുന്ന കുട്ടിയും കോലും കളിയും ,ആഞ്ഞിലിക്കാ വിളയും ,ആത്തക്കയും ,പല തരം മാമ്പഴവും ,തോടും ആറും ,തുപ്പലുകൊത്തിയും ,വരാലും പരലും ,എന്തിനു ഞാൻ പോലും കേട്ടിട്ട് മാത്രമുള്ള ആലിപ്പഴം പോലും അവൾക്ക് പുതുമയുള്ള കേൾവി ആയിരുന്നു .ഞാൻ നഗരം കാണാം കൊതിച്ചതിലധികം അവൾ എന്റെ ഗ്രാമം കാണാൻ കൊതിച്ചു .പാടത്തു പോയി ആമ്പൽ പറിക്കാനും ,തോട്ടിൽ ചൂണ്ട ഇടാനും അവൾ വെമ്പൽ കൊണ്ടു .

അവൾ ആ നഗരത്തിൽ ആകെ ചെയ്തുകൊണ്ടിരുന്നത് വൈകുന്നേരങ്ങളിലെ പട്ടം പറത്തി കളിയാണ് .അവിടെ തോടില്ല ,പുഴയില്ല ,മരങ്ങളുമില്ല .കുറെ കെട്ടിടങ്ങൾ മാത്രം ആണെന്നറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു .ആലുവയിൽ ആയിരുന്നപ്പോൾ അവളുടെ കൂട്ട് ടീവിയും കുറച്ച് പുസ്തകങ്ങളും മാത്രമായിരുന്നു .

ചിലപ്പോൾ നഗരം ഞാൻ കാണാത്ത സ്വർഗ്ഗം എന്നെനിക്ക് തോന്നിയിട്ടുണ്ട് .പക്ഷെ അവൾ പറയും ‘സിറ്റി ചീത്തയാണ് .പുകയും ചൂടും മണവും .ഇവിടെ എന്ത് രസാ .നല്ല തണുത്ത കാറ്റ് ,മഴ ,നിറയെ മരങ്ങൾ.നിങ്ങൾക്കൊക്കെ എന്തു സുഖാ.’

അവൾക്കു ഈ നാടിന്റെ സുഖം ആ മുറിക്കുള്ളിൽ നിന്ന് ആസ്വദിക്കാനേ സാധിച്ചിരുന്നുള്ളു .ആ ജനാലക്കുള്ളിൽ നിന്ന് വളർന്ന് പുറത്തെത്താൻ ആഗ്രഹിക്കുന്ന ഒരു പനിനീർ ചെടി പോലെ അവളെ എനിക്ക് തോന്നി .ആ മുറി ഈ കൊച്ചു ചെടിയെ നട്ടിരിക്കുന്ന ചെറിയ ഒരു മൺച്ചട്ടിയും.പ്രകൃതിയിൽ നിഷ്പ്രയാസം സ്വാതന്ത്ര്യത്തോടെ വേരോടിക്കാൻ ആ പനിനീർ പുഷ്പം കൊതിച്ചു .

“സിറ്റിയാണോ ,ഇവിടണോ മരിയക്ക് ഇഷ്ടം ”

“എനിക്ക് കുട്ടന്റെ നാടാ ഇഷ്ടം ”

കുട്ടന്റെ നാട് .എന്റെ മനസ്സ് ആ വാക്കുകളിൽ കിടന്ന് ആർത്തുല്ലസിച്ചു .അവൾ ഈ ഗ്രാമത്തെ എന്റെ വാക്കുകളിലൂടെയാണ് നോക്കി കാണുന്നത് .

ഞാൻ ചില ദിവസങ്ങളിൽ അഞ്ചുമണി കഴിഞ്ഞ് അടുക്കള വാതിൽക്കൽ നിന്ന് അവൾ കാണാതെ മറഞ്ഞു നോക്കും .അവൾ ആ ജനലിനുള്ളിലൂടെ എത്തി വലിഞ്ഞു ഇങ്ങോട്ട് നോക്കുന്നത് കാണാം .എന്നോട് സംസാരിക്കാൻ അവൾ കൊതിക്കുന്നതായി തോന്നി .അവളോട് മനസിലാക്കാൻ സാധിക്കാത്ത ഒരിഷ്ടം കൂട് കൂട്ടി .
പിന്നീടങ്ങോട്ടുള്ള ദിവസങ്ങളൊക്കെ സുന്ദരദിനങ്ങളായിരുന്നു .വീട്ടിലും സന്തോഷം .അമ്മ പറയുന്നതൊക്കെ ചെയ്യുന്നതുകൊണ്ട് ,അമ്മയ്ക്കും സന്തോഷം .
ഞാൻ മരിയക്ക് പല സാധനങ്ങളും കൊണ്ടുപോയി കൊടുത്തു .അവൾ ആവശ്യപ്പെട്ടും ആവശ്യപ്പെടാതെയും .ബേബി ചേട്ടന്റെ മുറ്റത്തെ പനിനീർ ചാമ്പങ്ങ ,കുട്ടിച്ചേട്ടന്റെ നാട്ടുമാമ്പഴം ,ആറ്റരികിലെ മഞ്ചാടിക്കുരു ,നാരങ്ങാമിട്ടായി ,കമ്പിളി നാരങ്ങാ ,പഴയെ കാസ്സെറ്റിന്റെ വള്ളി (എന്തിനാണെന്ന് അറിയില്ല ).
ഇതൊക്കെ മിക്കവാറും എറിഞ്ഞു കൊടുക്കാറാണ് പതിവ് .കമ്പിളി നാരങ്ങാ മാത്രംകൊടുക്കാൻ ഞാൻ പാടുപെട്ടു .തോട്ടിയിൽ കെട്ടിയുയർത്തി വരെ കൊടുക്കാൻ നോക്കി .ആ ശ്രമം വിഫലമായി ,ജനലഴിയിലൂടെ കയറിയില്ലാ .അവസാനം അമ്മയെ ചട്ടം കെട്ടി കൊടുപോയി കൊടുത്തു .ഞാൻ പറഞ്ഞല്ലോ അവളെ ആ മുറിക്ക് പുറത്തു അങ്ങനെ ഇറക്കാറില്ല .ആ മുറിയിൽ ടിവിയുണ്ട് ,പുസ്തകങ്ങളുണ്ട് ,മിട്ടായികളും ബിസ്ക്കറ്റ്കളും ഉണ്ട് .അവൾ എനിക്ക് മിട്ടായികൾ എറിഞ്ഞു തരും,ഞാനും അനിയത്തിക്കുട്ടിയുമായി അത് ശാപ്പിടും .
ആ ഇടക്കായിട്ട് ചില രാത്രികളിൽ അവളുടെ വീട്ടിൽ നിന്ന് ഒച്ചയും ബഹളങ്ങളും കേട്ടു തുടങ്ങി .
“മരിയേടെ അച്ഛൻ എത്തിയോ ” ഞാൻ ഒരു ദിവസം ചോദിച്ചു .
“ഡാഡിയും മമ്മിയും കുറച്ച് പ്രശ്നത്തിലാണ് .അതാ ഞങ്ങളിവിടെ ”
“മരിയേടെ അച്ഛൻ ദുഷ്ടനാണോ?”
“ഏയ് ,എന്റെ ഡാഡിയും മമ്മിയും പാവാ .ഡാഡി വിസ്‌ക്കി കുടിക്കും ,അത് മമ്മിക്ക് ഇഷ്ടമല്ല .”
“വിസ്കിയോ?”
“ആ കള്ള് പോലത്തെ ”
“ഓഹ് ബ്രാണ്ടി ”
“ആയിരിക്കും ,ഇനി ഞങ്ങൾ ഇവിടെയാ .”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
“ഡാഡി രണ്ടു ദിവസം മുമ്പ് വന്നായിരുന്നു ,ചെന്നൈയിൽ നിന്ന് .പക്ഷെ മമ്മി വഴക്കുണ്ടാക്കി എന്നെ മുറിയിൽ പൂട്ടിയിട്ടു .ഡാഡിയെ കാണാൻ അതുകൊണ്ട് പറ്റിയില്ല ”
“ഓഹ് ,ശേ “ഞാൻ മറ്റെന്തോ ആലോചിച്ചുകൊണ്ട് പറഞ്ഞു .
“ഇനി ഡാഡി വന്നാലും ഞാൻ ഇവിടം വിട്ട് പോവില്ല കുട്ടാ ”
കടലിനോട് ചേരാൻ കൊതിക്കുന്ന നദിയെപ്പോലെ ,ഈ ഗ്രാമത്തോട് ഇഴുകി ചേരാൻ അവളും കൊതിക്കുന്നതായി തോന്നി .പക്ഷെ ആ രണ്ടാം നിലയിലൂടെ കാണുന്നതും ഞാൻ പറയുന്നതുമൊക്കെയാണ് അവൾ കാണുന്ന എന്റെ ഗ്രാമം .
തോട്ടരികിലെ ചുവന്ന കായ്കൾ പൊഴിക്കുന്ന മരവും ,തോടിന്റെ കുറുകെയുള്ള പഴയ തടിപ്പാലവും ,കണ്ടവും അവിടുത്തെ കല്ലുപാലവും ,ഇപ്പോൾ അവിടെ കളിക്കുന്ന കുട്ടിയും കോലും, എല്ലാം ഞാൻ പറയുന്നതിലുപരി കണ്ടു മനസിലാക്കാൻ അവൾ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം .

“കുട്ടൻ തത്തയെ കണ്ടിട്ടുണ്ടോ ?”
“ആം ഒത്തിരി ”
“ഞാനും കണ്ടിട്ടുണ്ട് .എനിക്ക് ഒരെണ്ണത്തെ വേണോന്നുണ്ട് “.
“മരിയക്ക് വളർത്താൻ വേണോ തത്തയെ?”.
“എവിടുന്ന് .കിട്ടുവോ ?”
“എന്റെ പാപ്പന്റെ വീട്ടിലുണ്ട് .അച്ചാച്ചന്റെ മൂത്ത ചേട്ടൻ .അവിടുത്തെ ചേട്ടായി വളർത്തുന്നതാ ”
“ആണോ .അവര് തരുവോ ?”
“എനിക്ക് രണ്ടെണ്ണം തന്നിട്ടുണ്ട് .ഒരെണ്ണം പറന്നുപോയി ,ഒരെണ്ണം ചത്തും ”

“അയ്യോ ”

“മരിയക്ക് വേണോ, കിട്ടും.പക്ഷെ ഒരു ദിവസം അവിടെ നിൽക്കണം .നടന്ന് കുറെ പോണം ,കണ്ടത്തിനക്കര വരെ .അവിടെ ചെന്നാൽ ചേട്ടന്മാര് തത്തയെയും കൊക്കിനെയുമൊക്കെ പിടിക്കുന്നത് കാണാം ”
“എനിക്ക് ഒരെണ്ണം പിടിച്ചു തരുവോ കുട്ടാ ?”
“ഞാൻ കൊണ്ടുവന്ന് തരാം മരിയ പേടിക്കണ്ട”.
അവൾ എന്താവശ്യപ്പെട്ടാലും അത് എവിടുന്നേലും ഒപ്പിച്ച് കൊടുക്കണം എന്ന ചിന്ത ആയിരുന്നു എനിക്ക് .അത്രയ്ക്ക് ഒരടുപ്പം അവളോട് എനിക്ക് തോന്നി .അത് എന്തായിരുന്നു എന്നു മാത്രം മനസിലാകുന്നില്ല .

***************
പിറ്റേന്ന് അവൾക്കു വേണ്ടി തത്തയെ വാങ്ങാൻ പോകാൻ തീരുമാനിച്ചു .
“എന്താടാ പെട്ടന്ന് പാപ്പനെ കാണാൻ ഒരാഗ്രഹം “അപ്പൻ ചോദിച്ചു
“ഇന്ന് വെള്ളിയല്ലേ ,പാപ്പൻ ചിലപ്പോ ലോഡും കൊണ്ട് പോയി കാണും ”
“ചേട്ടായി കാണും അവിടെ ”
പാപ്പന് ഒരു ലോറി ഉണ്ട്.ദൂരെ ലോഡ് എടുക്കാനൊക്കെ പോയാൽ മൂന്നാല് ദിവസം കഴിഞ്ഞേ വരൂ .അന്നു വൈകിട്ട് സ്കൂൾ വിട്ട് വന്നപ്പോഴേ വീട്ടിൽ പറഞ്ഞ് ഞാനിറങ്ങി .നേരത്തെ ഇറങ്ങിയെങ്കിലേ സന്ധ്യക്ക്‌ അവിടെ എത്തൂ .അന്ന് അവളെ കാണാനും നിന്നില്ല .കുറെ നാളുകൾക്ക് ശേഷം അവളെ കാണാതെയും മിണ്ടാതെയും പോയ ആദ്യ ദിവസം .പാടങ്ങൾ ഒഴിഞ്ഞു കിടക്കുന്നു .കൃഷികൾ ഒന്നും തന്നെ ഇല്ലാതെ പുല്ലു പിടിച്ചു കിടക്കുന്ന പാടങ്ങൾ .ചിലതിൽ പയറും വെള്ളരിയും കപ്പയും വെണ്ടക്കൃഷികളുമൊക്കെയായി .മിക്ക പാടങ്ങളും പശുക്കളെ കെട്ടാനുള്ള ഉപാധിയായി മാറി .വിശ്രമിക്കാൻ ഒരുങ്ങുന്ന സൂര്യൻ ചെങ്കടലിൽ കുളിക്കുകയാണ് .ലൈൻ കമ്പികളിൽ പക്ഷിക്കൂട്ടങ്ങൾ നിരനിരയായി ആരെയോ കാത്ത് ഇരിക്കുകയാണ് .

അവിടെ എത്തിയപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു .പാപ്പാനില്ല ലോഡ് കയറ്റാൻ പോയി ,കൂടെ ചേട്ടായിയും .പേരമ്മ മാത്രമേ ഉള്ളു .പുള്ളിക്കാരത്തിയോട് ചോദിച്ചാൽ തത്തയെ കിട്ടില്ല .
“പാപ്പനും ,ചെറുക്കനും ഇല്ലാതെ എങ്ങനാടാ ഞാൻ കുട്ടാ ഞാൻ തത്തയെ തരണേ .ഇതിൽ ചിലതിനെയൊക്കെ അവര് പൊന്നു പോലെ നോക്കുന്നതാ .എനിക്കൊന്നിനെയും അറിയാൻ മേലാ ”
“കുഴപ്പമില്ല ,ഞാൻ പിന്നൊരു ദിവസം വന്നോളാം ”
അന്നു രാത്രി അവിടെ അവളുടെ മുഖവും ഓർത്തു കിടന്നു .നാളെ എങ്ങനെ തത്തയും ഇല്ലാതെ പോകും .ഞാൻ ആലോചിച്ചു .പിന്നെ മനസ്സിൽ ഒരു വഴി തെളിഞ്ഞതിന് ശേഷമേ എനിക്കുറങ്ങാൻ കഴിഞ്ഞുള്ളു .വഴി മറ്റൊന്നുമല്ല ,ഞാൻ രാവിലെ ഒരെണ്ണത്തെ അങ്ങ് അടിച്ചു മാറ്റി കടന്നു കളഞ്ഞു .പേരമ്മ പാപ്പൻ വരുമ്പോൾ എന്ത് പറഞ്ഞാലും അതൊക്കെ തരണം ചെയ്യാൻ ഞാൻ തയ്യാറായിരുന്നു .യാത്ര പറയാൻ ഒന്നും നിന്നില്ല . തത്തയെ ഒരു ബിഗ്‌ഷോപ്പറിൽ ഇട്ടുകൊണ്ട് നടന്നു .
വരുന്ന വഴിക്ക് ഷാപ്പിലെ കുഞ്ഞായിപ്പന്റെ സൈക്കിളിൽ ലിഫ്റ്റ് കിട്ടി .നേരെ വീട്ടിലേക്കു .
“ആ എത്തിയോ “അമ്മ അത്ഭുതത്തോടെ ചോദിച്ചു .
“എത്തി “ഒരു കള്ളച്ചിരിയോടെ ഞാൻ പറഞ്ഞു .
“രാവിലെ എന്നായിരുന്നു തിന്നാൻ ”
ഞാൻ ഒന്നും തിന്നില്ല ,പെട്ടന്ന് പോന്നു ”
“അതെന്നാടാ ഒന്നും ഉണ്ടാക്കിയില്ലേ ?”
“ഉണ്ടാക്കി ,എനിക്ക് വേണ്ടായിരുന്നു ”
“എന്നാ വാ ,വന്നു തിന്ന് ”
“ഇപ്പൊ വേണ്ട ”
“പിന്നെപ്പഴാ”
ഞാൻ തിടുക്കത്തിൽ തത്തയെയും പിടിച്ച് പുറത്തിറങ്ങി ,ആ രണ്ടാം നിലയിലെ ജനാലയിങ്കലേക്കു ഓടി .ചാമ്പ ചുവട്ടിൽ എത്തിയപ്പോൾ ഞാൻ തത്തയെ പുറകിൽ പിടിച്ചു .എന്നിട്ട് ഒരു കൈകൊണ്ട് ചാമ്പ കുലുക്കി .ഇന്നു ജനാല അടഞ്ഞു കിടക്കുകയാണ് .നാളുകൾ ഏറെയായി അത് അടഞ്ഞു കണ്ടിട്ട് .
ഇതെന്തുപറ്റി ?
ഞാൻ വീണ്ടും വീണ്ടും ചാമ്പ ആഞ്ഞു കുലുക്കി,വിളിച്ചു
“മരിയാ ” ജനാല തുറന്നില്ല .
“അവര് പോയടാ ” അമ്മ അടുക്കള വശത്തു നിന്ന് വിളിച്ചു പറഞ്ഞു .
ഞാൻ ഞെട്ടി ,ഓടി അമ്മയുടെ അടുത്തെത്തി .
“മരിയമോൾക്ക്‌ മേടിച്ച തത്തയാണോ ?”
“അവരെവിടെപോയി ?”എനിക്ക് ആ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല.
“എവിടെ പോവാൻ. അവൾടെ അപ്പന്റെ അടുത്ത് ”
“എവിടെ ”
“ബാംഗ്ലൂർ ആയിരിക്കും ”
“പക്ഷെ ഇനി പോകുന്നില്ലന്നു പറഞ്ഞിട്ട് ”
“എനിക്കറിയാൻ മേലാ, നീ പോയി വേറെ വല്ലോരോടും ചോദിക്ക് ”
അമ്മ തിണ്ണയിൽ നിന്ന് മുറ്റത്തേക്ക് വിറക് പെറുക്കി ഇടുന്ന തിരക്കിലായി.
എനിക്ക് സങ്കടം നിയന്ത്രിക്കാൻ ആയില്ല. തുളുമ്പിക്കൊണ്ടിരിക്കുന്ന കണ്ണുനീർ താടിയിൽ വന്ന് എത്തി നോക്കി ചാടാൻ ഒരുങ്ങി നിന്നു. തത്ത എന്റെ കയ്യിൽ കിടന്ന് ചിറകിട്ടടിക്കുന്നു.
വെയിൽ നിറഞ്ഞു നിൽക്കുന്ന പ്രഭാതം.
ഞാൻ ഒറ്റപ്പെട്ടതുപോലെ ഒരു തോന്നൽ. ആ തത്തയെ ഒന്നു തലോടി, പിന്നെ പറത്തി വിട്ടു. അമ്മ അത് കണ്ട് നിവർന്ന് എന്നെ നോക്കി. മുറ്റത്തുനിന്ന് എന്നെ പിടിച്ച് അടുക്കള വാതില്പടിയിന്മേൽ ഇരുത്തി.
“ഇന്നലെ മാരിയേടെ അപ്പൻ വന്നാടാ. നീ പോയി കഴിഞ്ഞാ വന്നെ. അവളുടെ അമ്മ തിരിച്ചു പോകാൻ സമ്മതിച്ചെന്നു ”
ഞാൻ അമ്മയെ നോക്കിയില്ല. തല കുമ്പിട്ടിരുന്നു. നോക്കിയാൽ നിയന്ത്രിച്ചു വച്ചിരിക്കുന്ന അണക്കെട്ട് പൊട്ടും.
“ഒരു ആറുമണിയായി. അതു കഴിഞ്ഞപ്പം ആ പെണ്ണിനെ കാണാനില്ല. പിന്നെ എല്ലാരും കൂടെ അന്വേഷിച്ചിറങ്ങി ”
ഞാൻ തല കുനിച്ചിരുന്നു തന്നെ കേട്ടുകൊണ്ടിരുന്നു. എന്റെ ചങ്കിടിപ്പ് ഒരു തേങ്ങലു പോലെ ഉയർന്നു പൊങ്ങി.
“പിന്നെ ഒരു ഒന്നര മണിക്കൂർ കഴിഞ്ഞ് ആ അന്തോണിച്ചേട്ടന്റെ വീടിന്റെ മുകളീന്ന് കണ്ടു പിടിച്ചു. നിന്റെ അപ്പനാ കണ്ടുപിടിച്ചു കൊടുത്തേ. ”

ഞാൻ ഞെട്ടി. അമ്മ തുടർന്നു.
“അത് കരഞ്ഞു നെരൊളിച്ചാ പോയേ
ഒരു പത്തു മണിയായി ഇവിടുന്ന് അതിനെയും കൊണ്ട് പോയപ്പോൾ. കാറിലിരുന്നും കരച്ചിൽ കേൾക്കായിരുന്നു.
അമ്മ എന്റെ കണ്ണീർ തുടച്ചു, എന്നിട്ട് കവിളത്ത് ഒരുമ്മ തന്നു.
അപ്പൻ അപ്പോൾ അവിടെ എത്തി.
“എന്താ രാവിലെ തന്നെ തുടങ്ങിയോ രണ്ടും വഴക്ക് ”
“ഇതാ മരിയ മോള് പോയതിന്റെ തേങ്ങലാ മോന്. രണ്ടും നല്ല കൂട്ടായിരുന്നല്ലോ ”
അമ്മ പുഞ്ചിരിച്ചുകൊണ്ട് എന്റെ തല ഉയർത്തി.
“ദേ നിന്റെ അപ്പനാ അവളെ പിടിച്ചു കൊടുത്തത്, അവിടെ പോയി നിന്നു കര ”
അപ്പൻ ഒന്നു ചിരിച്ചു. അമ്മ അടുക്കളയിലേക്ക് കയറി.
“എന്നാലും ആ മുറിക്ക് പുറത്തിറങ്ങാത്ത കൊച്ച് എങ്ങനെ താഴെ ചെന്ന് ആ വീടിന്റെ മുകളിൽ കയറിയാവോ ?”
“ഇവന്റെ കൂട്ടല്ലായിരുന്നോ” അമ്മ അടുപ്പ് ഊതിക്കൊണ്ട് പറഞ്ഞു.
ഞാൻ ഒന്നും മിണ്ടാതെ മൂക്ക് തുടച്ച് അകത്തു പോയിരുന്നു. അമ്മ കഴിക്കാൻ വിളിച്ചിട്ടും ഞാൻ പോയില്ല.
സിമെന്റ് തേച്ച ആ തിണ്ണയിൽ ഞാൻ കുത്തിയിരുന്ന്തേങ്ങി .

അനിയത്തി എന്റെ അടുത്തു വന്നു. ഞാൻ അവളെ ഒരു കൈകൊണ്ടു ചേർത്ത് പിടിച്ച് കരഞ്ഞു .
“ദേ അമ്മേ ചേട്ടായി കരയുന്നു ”
“അവന്റെ താടിക്കിട്ട് ഒരു തട്ട് കൊടുക്കടീ ”
അവൾ തന്റെ ചെറു കൈയ്യാൽ എന്റെ മുഖത്ത് പതിയെ അടിച്ചു, എന്നിട്ട് ചിരിച്ചു. ഞാനും ചിരിച്ചു.
കരച്ചിൽ ഒതുക്കി പിടിച്ചുകൊണ്ട്. അവളുടെ മുഖം ഓർക്കുംതോറും എന്റെ സങ്കടം കൂടിവന്നു.

വൈകിട്ട് മരിയയുടെ വല്യപ്പൻ, പാപ്പൻ ചേട്ടൻ മുറ്റത്തു വന്നു.
അപ്പന്റെ ശബ്ദം കേട്ടു.
“ഇതെന്നാ പാപ്പാ “.
“മരിയാമോള് തന്നതാ കുട്ടന് കൊടുക്കാൻ. അവൾടെ ഡാഡി കഴിഞ്ഞ ബര്ത്ഡേക്കു കൊടുത്ത ഗിഫ്റ്റാണെന്നു പറയാൻ പറഞ്ഞു ”
“കുട്ടാ “.അപ്പൻ വിളിച്ചു
അവൾ എനിക്ക് തന്നിട്ടു പോയ ആ സമ്മാനം ഞാൻ കണ്ടു. ഒരു വലിയ വെളുത്ത ഫുട്ബാൾ.
ഞാൻ അടുക്കള വാതില്പടിയിന്മേൽ ചെന്ന് അതും പിടിച്ച് അങ്ങോട്ട്‌ നോക്കി ഇരുന്നു. ആ രണ്ടാം നിലയിലെ പനിനീർ ജാലകത്തിലേക്ക്.
******************

ദേഹി 

ദേഹി

നഗ്നമായിരുന്ന അവളുടെ ശരീരം മറച്ചിരുന്നത് കാൽമുട്ട് വരെ നീണ്ടു കിടന്നിരുന്ന മുടികൊണ്ടായിരുന്നു .രക്തപ്രസാദം ഇല്ലാത്ത ആ മുഖത്ത് സ്ത്രൈണത ഒട്ടും നിഴലിച്ചിരുന്നില്ല .തുടകളിലൂടെ രക്തം ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു .

അവൾ ഇമ വെട്ടാതെ എന്നെ തന്നെ നോക്കി നിന്നു .ഭയപ്പെടുത്തുന്ന തീക്ഷ്ണമായ നോട്ടം.

“ആരാണ് നീ ”

ഉത്തരം തരാതെ വീണ്ടും അതെ നോട്ടം .

ഞാൻ ധൈര്യം സംഭരിച് ആ മുഖത്തൊന്നു സ്പർശിക്കാൻ ഒരുങ്ങി .

തലയുടെ പിന്നിൽ ആരോ സൂചികൊണ്ട് കുത്തുന്നതു പോലെ .ഞാൻ പെട്ടെന്ന് തല വെട്ടിച്ചെഴുന്നേറ്റു .ശരീരം വിയർത്തൊലിക്കുന്നുണ്ടായിരുന്നു .സമയം പന്ത്രണ്ടര .

ഒരു മണിക്കൂർ മുൻപ് കത്തിച്ചു വച്ച മെഴുകുതിരി അണയുന്നതിനു മുൻപ് ആരെയോ കാത്തു നിൽക്കുന്നതുപോലെ .

പതിയെ കട്ടിലിൽ നിന്നെഴുന്നേറ്റ് കസേരയിൽ വന്നിരുന്നു .വേറൊരു തിരിയെടുത്തു അലിഞ്ഞു തീരാറായ തിരിയുടെമേൽ കുത്തിനിറുത്തി കത്തിച്ചു .

പുസ്തകത്താളിൽ നേരത്തെ കറുത്ത മഷികൊണ്ട് എഴുതിയ അക്ഷരങ്ങൾക്ക് രക്തത്തിന്റെ നിറം കിനിഞ്ഞതുപോലെ തോന്നി .

ശബ്ദമില്ലാത്ത ,ശബ്‌ദിക്കാൻ സ്വാതന്ത്രമില്ലാത്ത ,മറ്റുള്ളവരുടെ താൽപര്യങ്ങൾക്കു മാത്രം ഉപയോഗ്യമാകേണ്ട ഒരു യുവതിയുടെ കഥയാണത് .എനിക്കറിയാത്ത പേരുപോലും ഇല്ലാത്ത ഒരു പെൺകുട്ടിയുടെ കഥ .

ജീവിച്ചിരുന്നപ്പോൾ ശരീരം മാത്രമേ അവൾക്കുണ്ടായിരുന്നുള്ളു .അവൾ ആത്മഹനനം ചെയ്ത് തന്റെ ആത്മാവിനെ സ്വയം മോചിപ്പിച്ചു ,ശരീരം മറ്റുള്ളവർക്ക് വിട്ടുകൊടുത്തുകൊണ്ട് .

‘അവളെയാണോ ഞാനിപ്പോൾ കണ്ടത്?’

തലയുടെ പിന്നിലെ വേദന വർധിച്ചു വന്നു .

പേരില്ലാത്ത അവൾക്കു ഒരു നാമം വേണമെന്ന് ഞാൻ നിശ്ചയിച്ചു.

‘അവളെ എന്താണ് വിളിക്കേണ്ടത് ?’ഞാൻ ഓർത്തു .

കത്തിജ്വലിച്ചു നിന്നിരുന്ന ആ തിരി കാരണമില്ലാതെ പെട്ടെന്ന് അണഞ്ഞു .

ആ ഇരുട്ടിന്റെ നിഗൂഢതയിൽ ഒരു മധുരശബ്ദം എന്റെ കാതിൽ പതിഞ്ഞു .

“ദേഹി”

തലയുടെ പിന്നിലെ വേദനയും ആ സ്വരത്തിനൊപ്പം അലിഞ്ഞില്ലാതായി.

*************************

ഒരു മഹാന്റെ ചരിതം 

*ഒരു മഹാന്റെ ചരിതം*

നിങ്ങൾക്ക് പരിചയമില്ലാത്ത എന്റെ ഒരു കൂട്ടുകാരന്റെ കഥയാണിത് .അവൻ എന്നെപോലെയോ നിങ്ങളിൽ ആരെയെങ്കിലും പോലെയോ അല്ല .അവനെ ദൈവം സൃഷ്ടിച്ചത് ഒരു പ്രത്യേക കഴിവ് പ്രധാനം ചെയ്തുകൊണ്ടായിരുന്നു .ഈ പ്രത്യേക കഴിവ് സിദ്ധിച്ചവർ വളരെ ഉണ്ടെങ്കിലും ഇവന്റെ സിദ്ധി അല്പം നല്ല രീതിയിൽ ഉയർന്നവയായിരുന്നു . ഒരിക്കൽ ഞാനവനോട് ,അവന്റെ ഈ കഴിവിന്റെ അടിസ്ഥാനത്തിൽ ,ഒരു പഠനവിഷയം രൂപീകരിക്കുവാൻ വരെ ആവശ്യപ്പെടുകയുണ്ടായി .

അവൻ ഈ മേഖല അതായത് ഈ പഠനമേഖല രൂപീകരിച്ചെടുത്താൽ ,ആ മേഖലയുടെ പിതാമഹൻ ഇവൻ ,എന്നു നാളെ ലോകം വാഴ്ത്തുകയില്ലേ .നാളെ ലോകം അവനെ “ഹി ഈസ് ദി ഫാദർ ഓഫ് ദാറ്റ് സബ്ജെക്ട് ” എന്നു നാമം ചൊല്ലി വിളിക്കില്ലെന്നു ആര് കണ്ടു.

പക്ഷെ അവൻ അങ്ങനെ ഒരു പഠനമേഖല രൂപീകരിക്കുവാൻ താല്പര്യം പ്രകടിപ്പിച്ചില്ല .അവന് അതിൽ താല്പര്യം ഇല്ലെങ്കിൽ പോട്ടെ ,അവന്റെ കഴിവ് ബന്ധപ്പെട്ടു കിടക്കുന്ന വിഷയത്തെ ആസ്പദമാക്കി വളരെ നീണ്ട ഒരു ഗ്രന്ഥം തയ്യാറാക്കുവാൻ ഞാൻ രണ്ടാമതായി അവനോടു അപേക്ഷിച്ചു . കുറെ സിദ്ധാന്തങ്ങളും ,പ്രമാണസൂത്രങ്ങളും ,സാങ്കേതിക തത്വങ്ങളും ,സൂത്രസംജ്‌ഞതകളും ഒക്കെ ചേർന്ന നീണ്ട ഒരു ഗ്രന്ഥം അവന്റെ കഴിവിനോട് ബന്ധപ്പെട്ടു കിടക്കുന്ന വിഷയത്തെ ആസ്പദമാക്കി രചിക്കാൻ പറഞ്ഞതിൽ അവൻ കണ്ടതുപോലെ ഒരു തെറ്റും ഞാൻ കണ്ടില്ല .

ഇതു പറഞ്ഞ എന്നോട് അവൻ കയർത്തു സംസാരിച്ചു .ഞാൻ അവനെ കളിയാക്കാൻ ശ്രമിക്കുവാണെന്നു .ഒരർത്ഥത്തിൽ ആർക്കായാലും അങ്ങനെയേ ആദ്യം തോന്നൂ ,അവനെ കുറ്റം പറയാൻ പറ്റില്ല .

*****************

ഇനി എന്റെ സുഹൃത്തായ ,ഈ കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് ,അത് എവിടം വരെ എത്തിനിൽക്കുന്നുവോ അവിടം വരേയ്ക്കും ഒന്ന് ശീഘ്രത്തിൽ എത്തിനോക്കാം .

ഈ പ്രത്യേക കഴിവ് സിദ്ധിച്ച മഹാൻ ,ഞാൻ അങ്ങനെയേ വിളിക്കൂ ,ഞാൻ ജനിച്ച വർഷം തന്നെയാണ് ജനിച്ചത് .അതിവിടെ പറയേണ്ട കാര്യമുണ്ടോ ? ഇല്ല .എങ്കിലും ഒരു മഹാനല്ലേ ,ഞാൻ ജനിച്ച വർഷം തന്നെയാണ് ജനിച്ചത്, ഞാൻ പറയും . അങ്ങനെ ഈ മഹാൻ ജനിച്ചപ്പോൾ ഒരു കണ്ണ് തുറന്നു പിടിച്ചുകൊണ്ടാണ് അമ്മയുടെ ഉദരത്തിൽ നിന്നും ഇറങ്ങി വന്നത് .അതും അവനെ തലയ്ക്കു പിടിച്ചിറക്കിയതോ ഒരു ലേഡി ഡോക്ടർ . അന്ന് അതൊരു സാധാരണ സംഭവമായെ നമുക്ക് തോന്നൂ .പക്ഷെ ആ മഹാന്റെ സുഹൃത്തായ എനിക്ക് ഇന്നിത് കേട്ടപ്പോൾ അതിൽ ആശ്ചര്യപ്പെടാൻ തക്ക കാരണങ്ങൾ ഉണ്ട് എന്ന് തോന്നി .അദ്ദേഹത്തിന്റെ ഭൂമിയിലേക്കുള്ള അവതാരനിമിഷം കണക്കിലെടുക്കാതെ ,ഒരു പതിനെട്ടു തികഞ്ഞ ചെറുക്കൻ തന്റെ ഒരു കണ്ണ് മാത്രം തുറന്നു പിടിച്ചു ഒരു സ്ത്രീയെ പെട്ടന്നൊന്ന് നോക്കിയാൽ ആ നോട്ടത്തിനു എന്താവും നാമം ?

ഞാൻ കൂടുതൽ കാടു കയറുന്നില്ല .ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയെ ഞാൻ ചോദ്യം ചെയ്തു എന്നു വരും നാളെ .അദ്ദേഹത്തിന്റെ ജനനം ഒഴിവാക്കുക .പക്ഷെ ഒരു കാര്യം മറക്കരുത് ,ആ മഹാൻ ഞാൻ ജനിച്ച വർഷം തന്നെയാണ് ജനിച്ചത് .

അങ്ങനെ എനിക്ക് അവ്യക്തമായ ചില വര്ഷങ്ങളിലൂടെയും അതിനിടയിലെ സംഭവവികാസങ്ങളിലൂടെയും കടന്നു പോയ മഹാൻ എത്തിച്ചേർന്നത് എനിക്ക് പരിചതമായ ഒരു സി ബി എസ് ഇ സ്കൂളിലെ നാലാം ക്ലാസിൽ ആണ് .

അവിടെ വച്ചാണ് ഞാൻ എന്റെ സുഹൃത്തായ ഈ മഹാനെ കണ്ടുമുട്ടുന്നത് .

വളരെ പെട്ടെന്നൊന്നും അദ്ദേഹത്തിന്റെ കഴിവുകൾ വർണ്ണിച്ചെടുക്കാൻ ആർക്കുന്നല്ല ആർക്കും സാധിക്കില്ല .പക്ഷെ ആ കഴിവുകൾ അദ്ദേഹം വെളിപ്പെടുത്തിയത് എന്റെ മുന്നിൽ മാത്രമാണ് .

വീട്ടിലേക്കു ഒന്നിച്ചാണ് കുറുക്കു വഴികൾ താണ്ടി ഞാനും മഹാനും പൊയ്ക്കൊണ്ടിരുന്നത്.ഒരു ദിവസം എന്നെ ഞെട്ടിപ്പിച്ച,മനുഷ്യ മനസാക്ഷിയെ നടുക്കുന്ന ഒരു സത്യം അദ്ദേഹം വെളിപ്പെടുത്തി.

“ഡാ ആ യ്ഞ്ചൽ ഇല്ലേ ,അവളെ എനിക്കിഷ്ടമാഡാ .അവളൊരു സുന്ദരിയാ”

അതു കേട്ടിട്ട് അടുത്ത് കരകവിഞ്ഞൊഴുകുന്ന മീനച്ചിലാറ്റിലേക്കു എടുത്തു ചാടിയാലോ എന്നു വരെ ഞാൻ ചിന്തിച്ചു .ആരും നോക്കാനും സംസാരിക്കാനും ധൈര്യപ്പെടാത്തതും,വെറുക്കുന്നതും ,തൊട്ടാൽ ഏറ്റവും അശുദ്ധി പകർത്തുന്നതുമായ ആ ജന്തുവിനെ എന്റെ ഇന്നത്തെ മഹാനായ കൂട്ടുകാരൻ അന്ന് ഇഷ്ടപ്പെട്ടതിൽ അത്ഭുതപ്പെടാനോ പരിഭ്രമിക്കാനോ ഒന്നുമില്ല .

അന്ന് ഞങ്ങൾ ആൺകുട്ടികളുടെ ഇടയിൽ പെൺകുട്ടികൾക്ക് ഒരു പ്രത്യേക വിവേചനം തന്നെ ഉണ്ടായിരുന്നു .പെൺകൊടികളെ തൊടാനോ പെൺകൊടികൾ സ്പർശിച്ച ഒരുവനെ സ്പർശിക്കാനോ ഞങ്ങൾക്ക് പാടില്ലായിരുന്നു .മറിച്ചു സംഭവിച്ചാൽ അവൻ അശുദ്ധനാകും അല്ലെങ്കിൽ അവന് എതിരായ ,നിഷേദാത്മകമായ ഒരു സുശക്തഫലം സംഭവിക്കും .അതുകൊണ്ട് കൂടുതൽ കരുതലോടെയും അപായബോധത്തോടെയുമാണ് അന്ന് ഞങ്ങൾ സ്കൂളിൽ കഴിഞ്ഞുപോയത്.

പക്ഷെ ഇതിലൊന്നും കാര്യമായ കാര്യമൊന്നും ഇല്ലെന്നു ബോധമുള്ള ഒരാളെ അന്ന് ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നുള്ളു .അത് ഈ മഹാനാണ് .അദ്ദേഹത്തിന് ക്ലാസിലെ എല്ലാ പെൺകൊടികളെയും ഒരുപോലെ ഇഷ്ടമാണ് ,പ്രത്യേകിച്ച് യ്ഞ്ചൽ.

പിന്നെ ആ ഇഷ്ടം ഫോർത് ബിയിലെ സ്നേഹയിലേക്കും ,ഫോർത്തു സിയിലെ രേഷ്മയിലേക്കും കൂടുമാറി ചലിച്ചു .അന്ന് മഹാനെ ഞാനൊരു വലിയ മാനസിക രോഗിയായി കണക്കാക്കി .

“നിനക്ക് വട്ടാണ് “എന്ന് ഞാൻ മഹാനോട് പറയാത്ത ദിവസങ്ങൾ ഇല്ലായിരുന്നു അന്ന് .എന്റെ വിവേകരഹിതമായ വാക്കുകൾക്ക് ഇന്ന് ഞാൻ പരസ്യമായി ഖേദിക്കുന്നു .

തന്നെയുമല്ല അന്ന് മഹാൻ വാഴ്ത്തിപ്പാടിയ ഞങ്ങൾ നികഴ്ത്തിപ്പാടിയ ഏയ്ഞ്ചൽ പിന്നീട് ഞങ്ങൾ മുഴുവന്റെയും സ്വപ്നലോകത്തെ മുടിചൂടാ നായികയായി ഞങ്ങൾ വാഴ്ത്തിപ്പാടി .

അന്നെനിക്ക് മനസിലായി അയാൾ ഒരു മനസികരോഗിയല്ല വലിയൊരു സംഭവം ആണെന്ന് .പക്ഷെ പിന്നീട് എല്ലാവരും അവളെ വാഴ്ത്തിപ്പാടിയ നാൾ മഹാൻ ആ കുലാംഗനയ്ക്ക് ഒരു പുല്ലു വില പോലും കല്പിച്ചില്ല .കാരണം അദ്ദേഹത്തിന്റെ കണ്ണുകൾ അന്ന് അതിലും നയനസുഭഗമായ മറ്റൊരു ചെന്താമരയുടെ ചുവട്ടിൽ ആയിരുന്നു . പക്ഷെ ആ താമരയെ അധികം വൈകാതെ മറ്റു ചില ശ്രേഷ്ഠന്മാർ നോട്ടമിട്ടു കഴിഞ്ഞിരുന്നു .പക്ഷെ ആ താമരയുടെ സ്വന്ദര്യത്തെ ആദ്യം കണ്ടെത്തിയത് മഹാൻ ആയിരുന്നു എന്ന കാര്യം അറിയുന്ന വ്യക്തി ഞാൻ മാത്രമാണ് .മഹാൻ എല്ലാം രഹസ്യമാക്കി .ഒൻപതാം ക്ലാസിൽ യോഗ ക്ലാസിൽ വച്ച് സ്കൂളിൽ ഏറ്റവും സൗന്ദര്യമുള്ള ഒരു കന്യകയെ അദ്ദേഹം എനിക്ക് ചൂണ്ടി കാണിച്ചു തന്നു .അതുകൊണ്ട് അന്ന് മഹാനൊപ്പം ഞാനും ആ കുമാരിയുടെ സൗന്ദര്യം ആവോളം നുകർന്നു .അധികം വൈകാതെ അവളെയും മഹാൻ ഉപേക്ഷിച്ചു ,കാരണം ആ ശ്രേഷ്ഠന്മാർ അവളെയും നോട്ടമിട്ടു കഴിഞ്ഞിരുന്നു .പക്ഷെ ഞാൻ എന്റെ കാഴ്ച്ച പിൻവലിക്കാൻ പോയില്ല .മഹാൻ അപ്പോൾ അവൾക്കും പുല്ലു വില കല്പിക്കാത്തതിന്റെ കാരണം ഞാൻ തിരക്കിയപ്പോൾ മഹാൻ പറഞ്ഞത്

“അവളുടെ പുതുമ നഷ്ടപ്പെട്ടെടാ എന്നാണ്”

അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു.

മഹാന്റെ ഒരു ശിഷ്യനായാലോ എന്ന് ഞാൻ ആശിച്ചു.പക്ഷെ മഹാൻ ആരുടേയും ഗുരു ആകാനോ ശിഷ്യന്മാരെ സ്വീകരിക്കുവാനോ തയ്യാറല്ലായിരുന്നു .അങ്ങനെ സംഭവിച്ചാൽ തന്റെ മറ നഷ്ടമാകും എന്ന് അദ്ദേഹം ഭയപ്പെട്ടു .എന്നും അദൃശ്യനായി ഇരിക്കുവാനാണ് എന്റെ സുഹൃത്തായ മഹാൻ ആഗ്രഹിച്ചിരുന്നത് .എന്നെ മാത്രം അങ്ങയുടെ ശിഷ്യനായി സ്വീകരിക്കണേ എന്ന് പലവുരു ഞാൻ മഹാനോട് അപേക്ഷിച്ചു .എന്റെ അപേക്ഷയുടെ സമ്മർദ്ദം അസഹനീയമായപ്പോൾ അദ്ദേഹത്തിന് വഴങ്ങേണ്ടി വന്നു . അങ്ങനെ മഹാന്റെ ആദ്യത്തെയും അവസാനത്തെയും ശിഷ്യനായി മാറി ഈ ഞാൻ .അദ്ധേഹത്തിന്റെ കലാപാണ്ഡിത്യം വൈകാതെ എനിക്കും ലഭിച്ചുകൊണ്ടിരുന്ന .പല വിദ്യകളും അദ്ധേഹത്തിന്റെ പക്കൽ നിന്നു ഞാൻ ഹൃദ്യസ്ഥമാക്കി .

തന്റെ പ്രവർത്തന രീതികൾ ആർക്കും വെളിപ്പെടുത്തരുതെന്നു അദ്ദേഹം താക്കീത് നൽകി .പക്ഷെ സത്യം പറഞ്ഞാൽ ഒരു നല്ല ശിഷ്യൻ ആയിരുന്നില്ല ഞാൻ .എനിക്കു ലഭിച്ച അറിവുകളെ ഒരു തുറന്ന പുസ്തകം പോലെ എല്ലാവരുടെയും മുൻപിൽ അവതരിപ്പിച്ചു .അത്ഭുതമെന്തെന്നു പറയട്ടെ ഇതറിഞ്ഞ എന്റെ ഗുരുവായ മഹാൻ കയർത്തൊന്നും പറഞ്ഞില്ല .എന്നെ ശാസിച്ചുമില്ല .അറിവില്ലാത്തവർക്കു അതു പറഞ്ഞു കൊടുക്കേണ്ടതാണെന്ന മഹത്തായ കാര്യം മഹാനുമറിയാം ,അതുകൊണ്ടാണല്ലോ അദ്ദേഹം ഒരു മഹാനായി മാറിയത് .പക്ഷെ അദ്ദേഹം സ്വയമേ അതിനു തയ്യാറല്ലായിരുന്നു .മറിച്ചായാൽ തന്റെ മറ നഷ്ടപ്പെടും എന്നോർത്ത് അദ്ദേഹം വ്യസനിച്ചു .

മഹാന്റെ ശിഷ്യനായതിൽ പിന്നെ എനിക്ക് ധാരാളം ശിഷ്യന്മാരെ കിട്ടി .സ്കൂളിലും നാട്ടിലും എന്റെ വിദ്യകൾ അറിഞ്ഞു ഭോഷന്മാർ ഓടിയെത്തി .അവർക്ക് ഞാനെന്റെ അറിവും കഴിവും വെളിപ്പെടുത്തി .എല്ലാവരും അത്ഭുതപ്പെട്ടു .പക്ഷെ മഹാന്റെ മുൻപിൽ ഞാനും വെറുമൊരു ശ്രേഷ്ഠൻ മാത്രമായിരുന്നു .

ഇനി മഹാന്റെ ചില വീരകൃത്യങ്ങളിലേക്കു ഞാൻ കടക്കട്ടെ .ഞാൻ പറഞ്ഞുവല്ലോ എന്റെ അറിവിൽ മഹാന്റെ ആദ്യ പ്രണയം യ്ഞ്ചൽ ആയിരുന്നു .

എന്റെ അറിവിൽ .

ഞാനതിനെപ്പറ്റി കൂടുതൽ ഒന്നും അന്വേഷിച്ചിരുന്നില്ല .മഹാന് അത്തരം ചോദ്യങ്ങൾ ഇഷ്ടവുമല്ലായിരുന്നു .മഹാൻ ഞാനറിയേണ്ടത് മാത്രം വെളിപ്പെടുത്തും .

ഞങ്ങളുടെ ക്ലാസിൽ ആദ്യം ഹസ്തമൈഥുനം എന്ന വിദ്യ ആദ്യം ഗ്രഹിച്ചെടുത്തത് എന്റെ സുഹൃത്തായ മഹാനായിരുന്നു .അതും ഏഴാം ക്ലാസിൽ വച്ച് .അതെന്നോട് അദ്ദേഹം വെളിപ്പെടുത്തിയത് ഒൻപതാം ക്ലാസിലെ ജീവശാസ്ത്രത്തിന്റെ പ്രത്യുത്പാദന ക്ലാസിലും .അദ്ദേഹം ഒരു കഥാരൂപേണ എന്നോട് പറഞ്ഞു .

ഞാൻ മഹാന്റെ വിവരണങ്ങളിലേക്കു കടക്കട്ടെ .അങ്ങനെ ആദ്യമായി ഹസ്തമൈഥുനം വെളിപ്പെട്ട സമയത്ത് മഹാന് തന്റെ ഉള്ളിലെ അനാവശ്യമായ ചലം നീക്കം ചെയ്യപ്പെട്ടതായാണ് തോന്നിയത് എന്ന് എന്നോട് പറഞ്ഞു .പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം മഹാൻ തന്റെ ഉള്ളിൽ നിന്ന് ഈ വിദ്യവഴി അനാവശ്യമായ ചലം നീക്കം ചെയ്യാൻ തുടങ്ങി .പിന്നീട് കുറച്ച് നാളുകൾകൂടി കഴിഞ്ഞാണ് മഹാൻ തന്റെ ഉള്ളിലെ ചലത്തിന്റെ ആവശ്യകതയെക്കുറിച്ചു മനസിലാക്കിയത് .അന്നാണ് അതിനെ അഭ്യസ്തവിദ്യർ ശുക്ലം ,രേതസ്സ് എന്നൊക്കെ വിളിക്കുന്ന ഒരുവന്റെ മഹത്തായ പ്രത്യുത്പാദന സ്വത്താണെന്നു മഹാൻ മനസിലാക്കിയെടുത്തത് .

മഹാൻ അതിനെപറ്റി ഒരു വലിയ ക്ലാസ്സ്‌ തന്നെ എടുക്കുകയും ചെയ്തു .അന്ന് ഋതുമതികളാകുന്ന പെണ്കുട്ടികളെപ്പറ്റിയും മഹാൻ വ്യക്തമാക്കി .

ഇനി മഹാന്റെ സൗന്ദര്യ ആസ്വാദന രീതിയിലേക്ക് കടക്കാം .പെൺകുട്ടികളുടെ മാറും മറവും നോക്കി നടക്കുന്ന നോക്കി നടക്കുന്ന ശ്രേഷ്ഠന്മാരിൽ നിന്ന് ഏറെ വ്യത്യസ്തനായിരുന്നു എന്റെ സുഹൃത്തും ഗുരുവുമായ മഹാൻ .മഹാന്റെ സൗന്ദര്യ ആസ്വാദനം എന്നാൽ മറ്റു ശ്രേഷ്ഠന്മാരെ പോലെ ചില പ്രത്യേക ഘടകങ്ങൾ മാത്രം വീക്ഷിക്കുക,ഒരാളുടെ നേരെ നൂറോളം ശ്രേഷ്ഠനേത്രങ്ങൾ ലക്ഷ്യം വയ്ക്കുക എന്നല്ല ,സൗന്ദര്യം വേർതിരിച്ചറിയുക എന്നതായിരുന്നു .

ഈ നിമിഷം മഹാൻ എന്നോട് പറഞ്ഞ കാര്യം ഞാൻ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തട്ടെ .

“ഓരോരുത്തരിലും ഓരോ തരം സൗന്ദര്യം ഒളിഞ്ഞു കിടപ്പുണ്ട് .കറുപ്പിന് കുറവ് വെളുപ്പിന് കൂടുതൽ എന്ന അടിസ്ഥാനത്തിലാണ് എല്ലാ പൂമാന്മാരും കണക്കു കൂട്ടിയിരിക്കുന്നത് .അതുപോലെ ചില ഘടകങ്ങളുടെ അളവ് നോക്കിയും അവർ സൗന്ദര്യത്തെ വിധിക്കുന്നു .അതു തെറ്റാണു .ഓരോ നരനിലും നാരിയിലും ഒരു പ്രത്യേക സൗന്ദര്യം ഒളിഞ്ഞു കിടപ്പുണ്ടാകും .ആന്തരികമായ സൗന്ദര്യമല്ല ഇവിടെ ഉദ്ദേശിച്ചത് ,ബാഹ്യമായ ,ശരീരത്തിന്റെ സൗന്ദര്യം .എല്ലാവരുടെയും സൗന്ദര്യം വ്യത്യസ്തമായിരിക്കും ,പക്ഷെ ആരും അത് ശ്രദ്ധിക്കുന്നില്ല , കാണുന്നില്ല .അതു കണ്ടെത്തണം .കണ്ടെത്തി കഴിഞ്ഞാൽ ആരെയും നമുക്ക് അവഗണിക്കുവാൻ സാധിക്കാതെ വരും.”

മഹാന്റെ ഈ വാക്കുകൾ എന്നെ വളരെയധികം ചിന്തിപ്പിച്ചു .നരനിലും നാരിയിലും പ്രത്യേക സൗന്ദര്യം ഒളിഞ്ഞു കിടപ്പുണ്ട് ,അത് കണ്ടെത്തണം എന്ന് പറഞ്ഞുവെങ്കിലും നാരിയിൽ ഉള്ള സൗന്ദര്യം വിവേചിച്ചറിയാനുള്ള പ്രാഗൽഭ്യം ആണ് മഹാൻ പ്രധാനമായും ഉദ്ദേശിച്ചത് എന്നു ഞാൻ ഊഹിച്ചു കണ്ടെത്തി .

മഹാൻ എല്ലാവരെയും പ്രണയിച്ചു ,ആ പ്രണയം അനുരാഗം മാത്രമായിരുന്നു ,ആസക്തി ആയിരുന്നില്ല .മഹാൻ ചിലരെ കുറേയധികമായി പ്രണയിച്ചിരുന്ന കാര്യം എനിക്കറിയാമായിരുന്നു .പക്ഷെ ആ പ്രണയങ്ങളെ പൂർത്തീകരിക്കുവാൻ മഹാൻ തയ്യാറായിരുന്നില്ല .യഥാർത്ഥ പ്രണയം വേഗം കൈവന്നാൽ തന്റെ മറ നഷ്ടപ്പെടുത്തേണ്ടി വരും എന്നായിരുന്നു എന്റെ സുഹൃത്തായ മഹാന്റെ എപ്പോഴുത്തെയും ഭയം .

സൗന്ദര്യം ആവോളം ആസ്വദിക്കാൻ അതിനുശേഷം സാധിച്ചില്ലെങ്കിലോ എന്ന് മഹാൻ ഭയപ്പെട്ടു .പക്ഷെ എന്റെ സുഹൃത്തും ഗുരുവുമായ മഹാന് എന്നാണ് തന്റെ യഥാർത്ഥ പ്രണയം കണ്ടത്തേണ്ടത് എന്ന അറിവുണ്ടായിരുന്നു .ആ ദിവസത്തേക്ക് വേണ്ടി മഹാൻ അധികം ഒന്നും കാത്തു നിൽക്കുന്നതായി എനിക്ക് തോന്നിയില്ല .കാരണം അന്ന് മഹാന് തന്റെ കഴിവുകളും പ്രവർത്തികളും ഉപേക്ഷിക്കേണ്ടി വരും .

മഹാന്റെ സൗന്ദര്യ ആസ്വാദന രീതിയാണല്ലോ നമ്മൾ പറഞ്ഞുകൊണ്ടിരുന്നത് .

ഒരു കാമിനിയുടെ മുടി തുടങ്ങി കാൽവിരലുകൾ വരെ ചലിച്ചു നിൽക്കുന്നതാണ് മഹാന്റെ സൗന്ദര്യ ആസ്വാദനം .ചില ഉദാഹരണങ്ങളിലൂടെ ഞാൻ നിങ്ങൾക്കത് വ്യക്തമാക്കാം .

ഒരിക്കൽ ഒരു കാര്യപരിപാടിയോടനുബന്ധിച് നാടകം അഭ്യസിക്കുന്ന വേളയിൽ ഓർഗൻ വായിക്കുവാൻ ഒരു പെൺകൊടി എത്തിയിരുന്നു .എന്റെ സുഹൃത്തും ഗുരുവുമായ മഹാൻ കണ്ടെത്തിയത് ആ സംഗീതോപകരണത്തിൽ നിന്ന് അവൾ പുറപ്പെടുവിച്ച മധുര ധ്വനിയോ അവളുടെ മറഞ്ഞതും തെളിഞ്ഞതുമായ സൗന്ദര്യമോ അല്ല.

മഹാന്റെ നയനങ്ങളിൽ പതിഞ്ഞത് ആ പെൺകൊടിയുടെ മനോഹരമായ കരമാംഗുലികൾ ആണ് .

“ഡാ നീ അവളുടെ വിരലുകൾ കണ്ടോ”

“ആ കണ്ടു ,എന്തെ?”

“നഖങ്ങൾ കണ്ടോ?”

“മ്ം .കണ്ടു ”

“എന്തോ ഒരു പ്രത്യേക ഭംഗി ഇല്ലേ”

ശരിയാണ് ,ഞാൻ അന്നു വരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ വിരലുകൾ അവയാണെന്നു എനിക്ക് തോന്നി .ഇനിയിപ്പോ തോന്നിയില്ലെങ്കിലും മഹാൻ പറഞ്ഞാൽ ഇക്കാര്യത്തിൽ എനിക്കൊരെതിർപ്പും ഇല്ല .

മറ്റൊരവസരത്തിൽ മഹാന് ഒരു യുവതിയിൽ മനോഹരമായി തോന്നിയത് അവളുടെ ഇടനീളം ആയിരുന്നു .ഞാൻ അങ്ങനൊരു കാര്യത്തെ പറ്റി തന്നെ ആദ്യമായിട്ടാണ് കേൾക്കുന്നതു പോലും .

“അതെന്താണ് ”

ഞാൻ ഒരു സന്ദേഹത്തോട് ചോദിച്ചു .

ഒരു ദീർഘനിശ്വാസം എടുത്തിട്ട് ഈ മടയന് ഒന്നും അറിഞ്ഞൂടല്ലോ ദൈവമേ എന്ന ഭാവത്തിൽ എനിക്കത് വിവരിച്ചു തന്നു .

“ഇടനീളം എന്നാൽ ഒരു കാമിനിയുടെ മാറിനും അരക്കെട്ടിനും മദ്ധ്യേ നിൽക്കുന്ന പ്രതലത്തിന്റെ മൊത്ത നീളം”

അതുപോലെ കാലിന്റെയും പാദങ്ങളുടെയും സൗന്ദര്യവും ,കണ്ണുകളുടെയും കാതുകളുടെയും ചുണ്ടുകളുടെയും പ്രത്യേകവും അസാധാരണവുമായ സൗന്ദര്യത്തെപ്പറ്റിയും അദ്ദേഹം വിവരിച്ചു .അതുപോലെ നല്ല വലിപ്പവും ആകൃതിയും നിറവും ഉള്ള വിരളമായ അധരങ്ങളോട് കൂടിയ കാമിനികൾ ഒരു പ്രത്യേക വിഭാഗം തന്നെയാണ് മഹാന്റെ മുൻപിൽ .

ഇതോടെ എന്റെ സുഹൃത്തും ഗുരുവുമായ മഹാന്റെ ചരിതത്തിനു വിരാമം കുറിക്കുവാൻ ഉദ്ദേശിക്കുകയാണ് ഞാൻ .അത് ഞാൻ വിവരിക്കുകയാണെങ്കിൽ എനിക്ക് ഈ കടലാസ്സ് തുണ്ടുകളിൽ ഒതുക്കാൻ സാധിക്കുകയില്ല. അതിനു ഗ്രന്ഥങ്ങൾ തന്നെ എഴുതേണ്ടി വരും . പിന്നെ ഇതു വായിക്കുന്ന നിങ്ങൾക്ക് ഈ കഴിവിനെ ‘വായിനോട്ടം’ എന്ന് വിലകുറച്ചു വിളിക്കുവാൻ തോന്നും.അല്ലെങ്കിൽ ഇതിനു ഞങ്ങളുടെ നാട്ടിൽ വിളിക്കുന്നത് വായിനോട്ടം എന്നാണെന്നും ഇവന്മാരെ പോലുള്ളവർ വായിനോക്കികൾ ആണ് എന്നും മറ്റും പറയുന്നവർക്ക് മനസിലാക്കുവാനും ഗ്രഹിച്ചെടുക്കുവാനും വേണ്ടി ഞാൻ ചില വരികൾ കൂട്ടി ചേർക്കട്ടെ .

എന്റെ ശിഷ്യന്മാരിൽ പെട്ട ചിലരും ഇതിനെ അത്തരം അനാവശ്യവും അല്ലെങ്കിൽ ഹീനവുമായ വാക്കുകളാൽ നാമകരണം ചെയ്യാൻ തുടങ്ങി .

ഇതറിഞ്ഞ ഞാൻ എന്റെ സുഹൃത്തും ഗുരുവുമായ മഹാനോട് ഇക്കാര്യം വെളിപ്പെടുത്തി .മഹാൻ പറഞ്ഞത് ഇതാണ്. “ഈ കഴിവിനെ അല്ലെങ്കിൽ പ്രവർത്തിയെ ചില ശ്രേഷ്ഠന്മാരുടെ നീചവും ഹീനവുമായ പ്രവർത്തികളോട് തുലനം ചെയ്യാൻ അനുവദിക്കരുത്.നമ്മുടെ സൗന്ദര്യ ആസ്വാദനത്തെ എതിർത്ത് സൗന്ദര്യത്തെ ചൂഷണം ചെയ്ത് സദാചാരം വീമ്പിളക്കി നടക്കുന്നവന്മാരാണ് യഥാർത്ഥത്തിൽ ശ്രേഷ്ഠന്മാരുടെ ഗണത്തിൽ പെടുന്നവർ .അവരുടെ പ്രവർത്തികളാണ് ഇത്തരം നാമങ്ങളിലൂടെ അറിയപ്പെടുന്നത് .സൗന്ദര്യ ആസ്വാദനം ഏതൊരു മനുഷ്യനും പറഞ്ഞിട്ടുള്ള,അനുവദിച്ചിട്ടുള്ള ഒരു വസ്തുതയാണ് .അത് പുരുഷനായാലും ശരി സ്ത്രിയായാലും ശരി .സൗന്ദര്യത്തിന്റെ മൂല്യനിർണ്ണയം നടത്തുക മാത്രമാണ് നമ്മൾ ചെയ്യുന്നത് .ഭൂമിയിൽ സൗന്ദര്യമുള്ള ഏതൊരു വസ്തുവിനെയും നമ്മൾ ഇഷ്ടപ്പെടുന്നു പ്രണയിക്കുന്നു .ഓരോ പൂവിനും ഓരോ സൗന്ദര്യമാണ് .പ്രകൃതിയുടെ സൗന്ദര്യം,മൃഗങ്ങളുടെ സൗന്ദര്യം ,കുഞ്ഞുങ്ങളുടെ സൗന്ദര്യം,ആകാശത്തിന്റെയും ഭൂമിയുടെയും സൗന്ദര്യം ,നരന്റെയും നാരിയുടെയും സൗന്ദര്യം ,അവ ആസ്വദിക്കുവാനുള്ളതാണ് .ഈ വെറും സൗന്ദര്യ ആസ്വാദനത്തെ ശൃംഗാരന്മാരായ ശ്രേഷ്ഠന്മാരുടെ പ്രവർത്തികളുമായി ഒരിക്കലും താരതമ്യം ചെയ്യുവാൻ പാടില്ല .

ഇതാണ് ആ വാക്കുകൾ .

എന്റെ വാക്കുകൾ ആകുന്ന ഈ അക്ഷരങ്ങളെ ഉപസംഗ്രഹിക്കുന്നതിന് മുൻപായി നിങ്ങൾക്ക് അത്ഭുതം ഉളവാകുന്ന ഒരു കാര്യം കൂടി ചേർക്കട്ടെ .

ഞാൻ പരിചയപ്പെടുത്തിയ എന്റെ സുഹൃത്തും ഗുരുവുമായ മഹാൻ പെൺകുട്ടികളുമായി അടുത്തിടപെഴുകാത്ത ഒരു സാധു മനുഷ്യൻ ആയിരുന്നു.പെൺകൊടികളുടെ സൗന്ദര്യം ആസ്വദിക്കാനല്ലാതെ അവരോടു ഒരു സംസർഗം പുലർത്താൻ എന്റെ സുഹൃത്തു ശ്രമിക്കുന്നത് ഞാൻ കണ്ടിട്ടില്ല .ചിലപ്പോൾ അതിനുള്ള കഴിവ് അദ്ദേഹത്തിന് ഇല്ലായിരുന്നു എന്നു വേണം പറയാൻ .സുന്ദരനും സർവ്വോപരി മാന്യനുമായ ഈ മഹാനെ പറ്റി പെൺകൊടികൾ അപലപിച്ചത് ‘അവൻ ആരുടേയും മുഖത്ത് പോലും നോക്കില്ല’ എന്നാണ് .മഹാൻ സൃഷ്ടിച്ചെടുത്ത മറയുടെ അനന്തര ഫലമായാണ് എനിക്ക് അതിനെ പറ്റി തോന്നിയത് .പ്ലസ് ടു പാസ്സായി മഹാൻ സ്കൂളും നാടും വിട്ടതിനു ശേഷം ,ഗുരുശിഷ്യ ബന്ധം വേർപെട്ടെങ്കിലും സുഹൃത്ത് ബന്ധം നിലനിന്നിരുന്നു .

കുറച്ചു നാളുകൾക്കു മുൻപ് ,മഹാൻ തന്റെ യഥാർത്ഥ പ്രണയത്തെ കണ്ടെത്തിയെന്നും തന്റെ കഴിവുകളെ മൂടി വയ്ക്കുവാൻ പോവുകയാണെന്നും എന്നോട് പറഞ്ഞു .

എന്നിൽ ഇത് ചെറിയ വ്യസനം സൃഷ്ടിച്ചെങ്കിലും പെൺകുട്ടികളോട് അടുത്തിടപെഴുകാത്തവനും സർവ്വോപരി മാന്യനുമായ മഹാൻ തന്റെ യഥാർത്ഥ പ്രണയം കണ്ടെത്തിയതിൽ ഞാൻ വിസ്മയിച്ചു . മറകൾ നീക്കം ചെയ്യേണ്ട സമയം എത്തപ്പെട്ടു കാണും . മഹാൻ അപ്പോഴും ഒരു മഹാനായി തന്നെ എനിക്ക് തോന്നി .

ഇപ്പോഴും ഇതൊന്നുമറിയാതെ ഒലിപ്പിച്ചും ശൃംഗരിച്ചും തേച്ചും മിനുക്കിയും കുറെ ശ്രേഷ്ഠന്മാരും ശ്രേഷ്ഠത്തികളും നമ്മുടെ ഇടയിൽ നടപ്പുണ്ട് .

എന്റെ സുഹൃത്തും ഗുരുവുമായിരുന്ന മഹാൻ ഒരു മഹാനാണെന്നു നിങ്ങൾക്കു ബോധ്യപ്പെട്ടോ ഇല്ലയോ എന്നെനിക്കറിയില്ല, എങ്കിലും മഹാൻ ഒരു മഹാൻ തന്നെയാണ് (ഇതിൽ മഹാന്റെ ജനന സമയത്തെ നിഷ്കളങ്കതയെ ഞാൻ ചോദ്യം ചെയ്തതായി നിങ്ങൾക്ക് ആദ്യ വിവരണങ്ങളിൽ തോന്നിയിട്ടുണ്ടെങ്കിൽ ,ആ കഥ മഹാന്റെ ശിഷ്യൻ ആയതിനു ശേഷം മഹാന്റെ അവതാര ലക്ഷ്യത്തെ മുൻനിറുത്തി ഞാൻ കെട്ടി ചമച്ച ഒരു കള്ളകഥയാണ് .എല്ലാവരും പൊറുക്കണം.ഇനി അഥവാ ഒന്നും തോന്നിയിട്ടില്ലെങ്കിൽ ഒരു കുഴപ്പവും ഇല്ല ), ഓർക്കുക മഹാൻ ഞാൻ ജനിച്ച വർഷം തന്നെയാണ് ജനിച്ചത് .

………………ശുഭം……………..